Friday, April 9, 2010

പൊറ്റ രാധയുടെ പൊങ്ങച്ചങ്ങള്‍

ഇത് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കഥയാണ്‌.

ഞങ്ങള്‍ കോളേജില്‍ പഠിക്കുന്ന കാലഖട്ടം. വൈകുന്നേരം ഞങ്ങള്‍ കൂട്ടുകാരെല്ലാം കൂടി നടക്കാന്‍ പോകാറുണ്ട്...എപ്പോഴും ഏഴോ എട്ടോ പേരുണ്ടാകും എന്റെ കൂടെ. കോഴിക്കോട്ടുകാരനായ ബഷീര്‍, തിരുവനന്തപുരംകാരനായ ചന്ദ്രന്‍, കണ്ണൂരുകാരനായ വിനയന്‍, പിന്നെ തൃശൂര്‍ കാരായ ഞാന്‍, മനോജ്‌, ഭാസ്കരന്‍, ദിവാകരന്‍ പിന്നെ നമ്മുടെ ഈ കഥയിലെ നായകനായ പൊടിയന്‍ രാധാകൃഷണന്‍. പൊടിയന്‍ രാധാകൃഷ്ണനെ ഞങ്ങള്‍ പൊറ്റ രാധ എന്നാണു വിളിച്ചിരുന്നത്. അവന്‍ നല്ലൊരു ഫുട്ബോള്‍ കളിക്കാരനാണ്. അവനെ കളിയാക്കാന്‍ ഞങ്ങള്‍ കരീക്കാ (പണ്ടത്തെ ബ്രസീലിയന്‍ കളിക്കാരന്‍) എന്നും വിളിക്കാറുണ്ട്...അതൊന്നും അവനു പ്രശ്നമല്ല...

എപ്പോഴും എന്തെങ്കിലും പൊങ്ങച്ചം പറയുക അവന്റെ ഒരു രീതിയാണ്. ഞങ്ങളുടെ കൂട്ടത്തില്‍ ആരെങ്കിലും ഒന്ന് പറഞ്ഞാല്‍ മതി..."ഞാന്‍ ഇന്നലെ രണ്ടു പെഗ് അടിച്ചു വളരെ ഫിറ്റ്‌ ആയി. അതിന്റെ ഹാങ്ങോവര്‍ ഇതുവരെ വിട്ടില്ല" ഉടനെ അവന്റെ കമന്റ്‌ വരും..."എന്തൂട്ടാ താന്‍ ഈ പറയണത്. രണ്ടു പെഗ് അടിച്ചു ഫിറ്റ്‌ ആയീന്നോ...ശവീ ഞാന്‍ ഇന്നലെ ആറു പെഗ് അടിച്ചിട്ടും ഒന്നും ആയില്യ. എനിക്ക് ഫിറ്റ്‌ ആവണെങ്കില് ഒരു പത്തു പതിനഞ്ചു പെഗെങ്കിലും അടിക്കണം" എന്നിട്ട് ഏതോ വലിയ കാര്യം പറഞ്ഞപോലെ ഞ്ഞെളിഞ്ഞൊരു നിപ്പുണ്ട്.. അപ്പോള്‍ ഞങ്ങളെല്ലാം തമ്മില്‍ കണ്ണിറുക്കും.

ഞങ്ങള്‍ എന്നും റൂട്ട് മാറ്റിയായിരിക്കും നടക്കാന്‍ പോണത്. ചിലപ്പോള്‍ മനോജ്‌ പറയും അവന്റെ കാമുകിയുടെ വീടിനടുത്തൂടെ പോകാം എന്ന്. അപ്പോള്‍ റൂട്ട് അതുവഴി ആക്കും ....ഒരു ദിവസം അവിചാരിതമായി ചന്ദ്രന്റെ വീടിനടുത്തൂടെ പോയപ്പോള്‍ ചന്ദ്രന്‍ ഞങ്ങളെ എല്ലാം വീട്ടില്‍ വിളിച്ചു കൊണ്ട് പോയി. അച്ഛനെ പരിചയപ്പെടുത്തി ...അച്ഛന്‍ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു .. "ദേ പിള്ളേര് ക്ഷീണിച്ചു വന്നതല്ലേ ...ഓരോ ഗ്ലാസ്‌ ജൂസ് കോടടെയ് എന്ന്. ചന്ദ്രന്‍ അകത്തേക്ക് പോയി കുറച്ചു കഴിഞ്ഞു ചന്ദ്രന്റെ സഹോദരിയുടെ കുട്ടികള്‍ രണ്ടു ട്രെയിലായി ആറേഴു ഗ്ലാസ്‌ ജൂസ് കൊണ്ട് വന്നു ...അത് കണ്ടതും നമ്മുടെ കഥാ നായകന്‍ പൊട്ട രാധ ഒരു ഗ്ലാസ്‌ എടുത്തു ഒറ്റ വലിക്ക് കുടിച്ചു ഗ്ലാസ്‌ കാലിയാക്കി.

അപ്പോള്‍ അച്ഛന്‍ ചോദിച്ചു "എങ്ങനെയുണ്ട് "ഉടനെ അവന്റെ മറുപടി വന്നു "ഉഗ്രന്‍ ...നന്നായിട്ടുണ്ട്" അപ്പോള്‍ അച്ഛന്‍ പറഞ്ഞു..."എങ്ങനെ നന്നാവാതിരിക്കും അപ്പികളല്ലേ കലക്കി വെച്ചത്" ഞങ്ങള്‍ ഇത് കേട്ടതും ഞെട്ടി..അപ്പോള്‍ നമ്മുടെ കഥാനായകന്‍ കുടിച്ച ജൂസ് ശര്ദ്ധിക്കാനായി ഓടി. ചന്ദ്രന്‍ അകത്തു നിന്നും ഓടി വന്നു പറഞ്ഞു...അപ്പികള്‍ എന്ന് പറഞ്ഞത് കുട്ടികള്‍ എന്ന അര്‍ത്ഥത്തിലാ. ഞങ്ങള്‍ കാര്യം ഒക്കെ മനസ്സിലാകി വന്നപ്പോഴേക്കും കഥാ നായകന്‍ സ്ഥലം കാലിയാക്കിയിരിക്കുന്നു..പിന്നെ ഒരിക്കലും ആ റൂട്ടില്‍ നമ്മുടെ കഥാ നായകന്‍ വരില്ല.

കരീക്കയെ കളിയാക്കുന്നത് ഞങ്ങളുടെ ഒരു ഹോബി ആയിരുന്നു...ഒരു ദിവസം ബഷീര്‍ പറഞ്ഞു "ഈ പന്നി വല്ലാതെ പുളു അടിക്ക്ണ്ണ്ടല്ലോ..ഒന്ന് പറ്റിക്കാന്‍ എന്താ വഴി.." ഞാന്‍ ഒരു മാര്‍ഗം പറഞ്ഞു...എല്ലവര്‍ക്കും അത് ഇഷ്ടപ്പെട്ടു..

അടുത്ത ദിവസം ഞാന്‍ വന്നപ്പോള്‍ എന്റെ കയ്യില്‍ ഒരു പൊതിയും ഉണ്ടായിരുന്നു..."എന്താടാ പൊതീല് " കരീക്ക കണ്ടപാടെ ചോദിച്ചു. ഞാന്‍ പറഞ്ഞു ഇത് മുറ്റിയ സാധനമാ. കറുപ്പ് എന്ന് പറയും ...ഇത് കഴിച്ചാല്‍ കള്ള് കുടിക്കണ പോലെ അല്ല ...ഒരു നുള്ള് സേവിച്ചാല്‍ മതി...ഭയങ്കര ലഹരി വരും ...വായൂല് ഇങ്ങനെ പറക്കണ പോലെ തോന്നും. എല്ലാവരും ഓരോ നുള്ള് വീതം എടുത്തപ്പോള്‍ കരീക്ക ഒരു പിടി വാരി കഴിച്ചു...ഇതൊക്കെ അവനു പുല്ലാണ് എന്ന മട്ടില്‍ ഞങ്ങളൊക്കെ ലഹരി കയറിയ മട്ടില്‍ കുഴഞ്ഞു കുഴഞ്ഞു വര്‍ത്തമാനം പറയാന്‍ തുടങ്ങി...ഞങ്ങള്‍ അഭിനയിക്കുകയായിരുന്നു...എന്നാല്‍ നമ്മുടെ കഥാ നായകനാണെങ്കില്‍ ഒട്ടും ലഹരി വരുന്നുമില്ല..അവനും വരുന്ന പോലെ കാണിച്ചു നോക്കുന്നുണ്ട്...അവന്‍ പറഞ്ഞു "എനിക്ക് തല കറങ്ങണ പോലെ" എന്ന് പറഞ്ഞു വേഗം വീട്ടില്‍ പോയി...അവന്‍ പോയതും ഞങ്ങള്‍ ചിരിയോടു ചിരി...അത് ഞങ്ങള്‍ ഗില്‍റ്റ് പേപ്പറില്‍ കുറച്ചു മൂക്കുപോടിയും കുരുമുളക് പൊടിയും ഉമിക്കരിയും ചേര്‍ത്ത മിശ്രിതം ആയിരുന്നു...

അന്ന് കഥാനായകന്‍ ലഹരി വരുന്നതും നോക്കി നോക്കി ഉറങ്ങാന്‍ പറ്റിയില്ല. അടുത്ത ദിവസം മറ്റൊരു ഗാങ്ങില്‍ ചെന്നപ്പോള്‍ കരീക്കയോട് അവര്‍ ചോദിച്ചു നിന്റെ മുഖമെന്താ ഒരു മാതിരി എന്ന്...അപ്പോള്‍ അവന്‍ പറഞ്ഞു "എന്റമ്മോ ആ കഥയൊന്നും പറയണ്ട...ഇന്നലെ ഗിരി ഒരു സാധനം തന്നു...നമ്മുടെ അസ്സല്‍ കറുപ്പ്...ഞാന്‍ കുറച്ചധികം അടിച്ചു...രാത്രി മുഴുവന്‍ എന്തൊരു ലഹരി ആയിരുന്നു...ശരിക്കും പറന്നു നടക്കണ പോലെ..." അത് കേട്ട് കൊണ്ടാണ് ഞങ്ങള്‍ അവിടെ എത്തിയത്. മനോജ്‌ ചോദിച്ചു... "നീ ശരിക്കും പറന്നോ..." അവന്‍ പറഞ്ഞു "പിന്നല്ലാതെ ഭയങ്കര ലഹരിയല്ലേ...ഇപ്പോഴും അതിന്റെ ഹാങ്ങ്‌ഓവറിലാ. അതുകേട്ടു ഞങ്ങള്‍ തമ്മില്‍ കണ്ണിറുക്കി ചിരിയടക്കാന്‍ പാടുപെട്ടു..

പൊറ്റ രാധക്ക് ഇന്നും അറിയില്ല അവന്‍ വാരിക്കഴിച്ചത് കറുപ്പല്ല വെറും ഉമിക്കരി മിശ്രിതം ആണെന്ന്.

No comments: