Thursday, April 22, 2010

"ഫോണില്‍ പറ്റിയ അമളി"

എന്റെ കുട്ടുകാരന്‍ പൊടിയന്‍ ജബ്ബാര്‍ മുഹമ്മദ്‌ (അവനു ഞാന്‍ ഇവിടെ ജബ്ബാര്‍ എന്ന് പേരിടട്ടെ). പതിവുപോലെ അന്നും അവന്‍ ഫോണ്‍ ചെയ്യുകയായിരുന്നു അവന്റെ വിട്ടിലേക്ക്. അന്നൊരു വെള്ളിയാഴ്ച ആയിരുന്നു, കുടുതല്‍ നെരേം ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് കുറഞ്ഞ ചിലവില്‍ വിളിക്കാം. . അത് ഉപയോഗിക്കണം. മുസ്ലിം സമുദായക്കരനായ ജബ്ബാര്‍ കുറെ നേരം വൈഫ്‌ ( അവള്‍ക്ക് ഞാന്‍ ഇവിടെ സക്കീന എന്നു പേര് വിളിക്കട്ടെ) മായി സംസാരിച്ചു...."ബാപ്പ എവിടെപ്പോയി.....കുഞ്ഞാളൂനു (പെങ്ങള്‍) സുഖല്ലേ....." സാധാരണ അന്വേഷണങ്ങള്‍എല്ലാത്തിനും അവള്‍ ഒറ്റവാക്കില്‍ ഉത്തരം കൊടുക്കുന്നുണ്ട്...

"കുട്ടികള്‍ ഷാഫിക്കും രംലത്തും എവടെ.. ഓലുക്കു ഇന്ന് ഇസ്കൂള്‍ ഉണ്ടോ...." അവന്‍ തിരക്കി...

"ഓല് രണ്ടാളും ഇസ്കൂളില് പോയി..." മറുപടി വന്നു.

കുറെ ഏറെ സംസാരിച്ചപ്പോഴും അവന്റെ മനസ്സില്‍ ഒരു പൂതി നിറയുന്നുണ്ടായിരുന്നു...ഫോണിലൂടെ തന്റെ എല്ലാമെല്ലാമായ സക്കീനക്ക് ഒരു ഉമ്മ കൊടുക്കാം....അവന്റെ ഹൃദയം വികാരഭരിതമായി....

അവിടെ ആരൂം പരിസരത്ത് ഇല്ല എന്ന വിശ്വാസത്തില്‍ അവന്‍ വളരെ പതുക്കെ പറഞ്ഞു..."ഉമ്മ"

അതു കേട്ടതേ സക്കീന വിചാരിച്ചു... ഉമ്മായെ (അമ്മ)വിളിക്കുകയാണെന്ന് ...അവള്‍ ഫോണ്‍ ഉമ്മാക്ക് ഉടന്‍ കൈമാറി... സാധാരണ പതിവ് അതാണല്ലോ...

ഇതൊന്നും അറിയാതെ വീണ്ടും "ഉമ്മ" എന്നു പറയാന്‍ തുടങ്ങുമ്പോഴാണ്..."മോനെ" എന്നുള്ള ഉമ്മയുടെ വിളി...അവന്‍ ഞെട്ടി...അവന്‍ ഉമ്മ എന്നത് വക്രിച്ചു....ഉമ്മീ എന്നായിപ്പോയി...അവന്റെ സ്വരം വിറച്ചിരുന്നു... അവന്‍ വല്ലാതായി... ഒപ്പം മനസ്സില്‍ പറയുകയും ചെയ്തു..."ഈ ബലാല് എവടെപ്പോയി ഉമ്മാക്ക് ഫോണും കൊടുത്തു" അപ്പോള്‍ ....ഉമ്മയുടെ സ്വരം കേട്ടു " എന്താ മോനെ സുഖൊല്ലെ...നെന്റെ ഒച്ച്ചക്കെന്താ ഒരു മാറ്റം... സോക്കേട്‌ വല്ലതും ആയോ.

"അവന്‍ മുരടനക്കി...പറഞ്ഞു..."ഒന്നുല്ല ഉമ്മാ ചന്കിലെന്തോ...ഒരു കരകരപ്പ്... അതാ...സാരല്ല.." ഉടനെ ഉമ്മയുടെ മറുപടി "മോനെ സൂച്ചിക്കണേ ...കൊടുത്തയച്ച ...കാച്യെ എണ്ണ തേച്ചു കുളിച്ചാ മതി ട്ടോ..." ഉമ്മയുടെ സ്നേഹമസൃണമായ സ്വരം. ... .

ഉമ്മയുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയുമ്പോഴും അവന്‍ ചിന്തിച്ചത് ...അവള്‍ എവിടെന്നാണ് ...എങ്ങനെ ഉമ്മയോട് ചോദിക്കും..."ഇപ്പോഴല്ലെടാ ഇജ്ജ്‌ ഓളോട് കൊറേ നേരം വര്‍ത്താനം പറഞ്ഞത് " എന്നു ഉമ്മാ ചോദിച്ചാലോ... അവന്‍ സംശയിച്ചു സംശയിച്ച്‌ ചോദിച്ചു "ഉമ്മ സക്കീന എവടെ......പോയോ...

"ഉമ്മാ പറഞ്ഞു..."ഓള് അടുക്കളേലാ മോനെ...കൊറച്ചു...പച്ച മത്തി കിട്ടി അതു വറക്കണ തെരക്കിലാ...ഞാന്‍ ഇങ്ങട്ട് പറഞ്ഞയക്കാം..." ഉമ്മാ ഫോണ്‍ ഹോള്‍ഡ്‌ ചെയ്തു പോയപ്പോള്‍ ..വീണ്ടും അവന്റെ മനസ്സ് പെരുമ്പറ കൊട്ടി...പെട്ടെന്ന് ആരോ നടന്നടുക്കുന്ന ശബ്ദം കേട്ടു..ഫോണ്‍ എടുക്കുന്നതും.... അവന്‍ വിചാരിച്ചു അവള്‍ ആണെന്ന് ...ഇനി പിടിച്ചു നില്‍ക്കാനാവില്ല ....ഹലോ എന്ന പതിഞ്ഞ സ്വരം കേട്ടതും .....അവന്‍ പറഞ്ഞു..."ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ "അപ്പുറത്ത് ഒരു നിശബ്ദതക്കു ശേഷം അതു തന്നെ തിരിച്ചും കിട്ടി..."ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ

""ഹള്ളാ" അവന്‍ തുള്ളിച്ചാടിപ്പോയി....അപ്പോള്‍ അപ്പുറത്ത് നിന്ന് വീണ്ടും ശബ്ദം...."സക്കീനാക്ക് കൊടുക്കാനുള്ളത് ഞമ്മക്ക്‌ തന്നു അല്ലെ...." എന്നിട്ട് ഒരു കുസ്രിതി ചിരി....അവന്‍ പേടിയോടെ ചോദിച്ചു..".നീ ആരാ..." അവള്‍ മൊഴിഞ്ഞു...."ഞാന്‍ അയലോത്തെ റുക്കീയ ആണ് ജബ്ബാറിക്കാ.." അതോടെ അവന്റെ സപ്ത നാഡികളും തളര്‍ന്നു...."പടച്ചോനെ ആ കോനകണ്ണള്ള കൊന്ത്രം പല്ലുള്ള ആ ഇബിലീസ് പെണ്ണ്..." അവന്‍ സ്വയം തലക്കടിച്ചു...അപ്പോഴേക്ക് ഒന്നും അറിയാത്തപോലെ അവള്‍ സക്കീനയെ വിളിച്ചോണ്ട് വന്നു..."

എന്താ ഇക്കാ ഇനീം വല്ലതും പായാന്‍ വിട്ടു പോയോ....ഞാന്‍ അവടെ അടുക്കളേല് കൊറച്ചു മീന്‍ പോരിക്കണ തിരക്കിലാ.... എന്തേയ്..." അവള്‍ ചോദിച്ചപ്പോള്‍ ഒന്നും പറയാനാവാതെ അവന്‍ നിന്നു.

എന്നിട്ട് ഇത്രമാത്രം പറഞ്ഞു...."നെന്റെ ശബ്ദം ഒന്നുടെ കേക്കണം എന്നു തോന്നി...അതാ ""

ഈ ഇക്കാന്റെ ഒരു കാര്യം..." അവള്‍ ചിരിച്ചു..."

എന്നാ നീ ഫോണ്‍ വെച്ചോ.." അവന്‍ പറഞ്ഞതും അവള്‍ ഫോണ്‍ കട്ടാക്കി പോയി...

പടച്ചോനെ ഇന്ന് ആരെയാണ് കണി കണ്ടത് എന്നോര്‍ത്ത് അവന്‍ മിഴിച്ചു നിന്നു...

Friday, April 9, 2010

പൊറ്റ രാധയുടെ പൊങ്ങച്ചങ്ങള്‍

ഇത് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കഥയാണ്‌.

ഞങ്ങള്‍ കോളേജില്‍ പഠിക്കുന്ന കാലഖട്ടം. വൈകുന്നേരം ഞങ്ങള്‍ കൂട്ടുകാരെല്ലാം കൂടി നടക്കാന്‍ പോകാറുണ്ട്...എപ്പോഴും ഏഴോ എട്ടോ പേരുണ്ടാകും എന്റെ കൂടെ. കോഴിക്കോട്ടുകാരനായ ബഷീര്‍, തിരുവനന്തപുരംകാരനായ ചന്ദ്രന്‍, കണ്ണൂരുകാരനായ വിനയന്‍, പിന്നെ തൃശൂര്‍ കാരായ ഞാന്‍, മനോജ്‌, ഭാസ്കരന്‍, ദിവാകരന്‍ പിന്നെ നമ്മുടെ ഈ കഥയിലെ നായകനായ പൊടിയന്‍ രാധാകൃഷണന്‍. പൊടിയന്‍ രാധാകൃഷ്ണനെ ഞങ്ങള്‍ പൊറ്റ രാധ എന്നാണു വിളിച്ചിരുന്നത്. അവന്‍ നല്ലൊരു ഫുട്ബോള്‍ കളിക്കാരനാണ്. അവനെ കളിയാക്കാന്‍ ഞങ്ങള്‍ കരീക്കാ (പണ്ടത്തെ ബ്രസീലിയന്‍ കളിക്കാരന്‍) എന്നും വിളിക്കാറുണ്ട്...അതൊന്നും അവനു പ്രശ്നമല്ല...

എപ്പോഴും എന്തെങ്കിലും പൊങ്ങച്ചം പറയുക അവന്റെ ഒരു രീതിയാണ്. ഞങ്ങളുടെ കൂട്ടത്തില്‍ ആരെങ്കിലും ഒന്ന് പറഞ്ഞാല്‍ മതി..."ഞാന്‍ ഇന്നലെ രണ്ടു പെഗ് അടിച്ചു വളരെ ഫിറ്റ്‌ ആയി. അതിന്റെ ഹാങ്ങോവര്‍ ഇതുവരെ വിട്ടില്ല" ഉടനെ അവന്റെ കമന്റ്‌ വരും..."എന്തൂട്ടാ താന്‍ ഈ പറയണത്. രണ്ടു പെഗ് അടിച്ചു ഫിറ്റ്‌ ആയീന്നോ...ശവീ ഞാന്‍ ഇന്നലെ ആറു പെഗ് അടിച്ചിട്ടും ഒന്നും ആയില്യ. എനിക്ക് ഫിറ്റ്‌ ആവണെങ്കില് ഒരു പത്തു പതിനഞ്ചു പെഗെങ്കിലും അടിക്കണം" എന്നിട്ട് ഏതോ വലിയ കാര്യം പറഞ്ഞപോലെ ഞ്ഞെളിഞ്ഞൊരു നിപ്പുണ്ട്.. അപ്പോള്‍ ഞങ്ങളെല്ലാം തമ്മില്‍ കണ്ണിറുക്കും.

ഞങ്ങള്‍ എന്നും റൂട്ട് മാറ്റിയായിരിക്കും നടക്കാന്‍ പോണത്. ചിലപ്പോള്‍ മനോജ്‌ പറയും അവന്റെ കാമുകിയുടെ വീടിനടുത്തൂടെ പോകാം എന്ന്. അപ്പോള്‍ റൂട്ട് അതുവഴി ആക്കും ....ഒരു ദിവസം അവിചാരിതമായി ചന്ദ്രന്റെ വീടിനടുത്തൂടെ പോയപ്പോള്‍ ചന്ദ്രന്‍ ഞങ്ങളെ എല്ലാം വീട്ടില്‍ വിളിച്ചു കൊണ്ട് പോയി. അച്ഛനെ പരിചയപ്പെടുത്തി ...അച്ഛന്‍ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു .. "ദേ പിള്ളേര് ക്ഷീണിച്ചു വന്നതല്ലേ ...ഓരോ ഗ്ലാസ്‌ ജൂസ് കോടടെയ് എന്ന്. ചന്ദ്രന്‍ അകത്തേക്ക് പോയി കുറച്ചു കഴിഞ്ഞു ചന്ദ്രന്റെ സഹോദരിയുടെ കുട്ടികള്‍ രണ്ടു ട്രെയിലായി ആറേഴു ഗ്ലാസ്‌ ജൂസ് കൊണ്ട് വന്നു ...അത് കണ്ടതും നമ്മുടെ കഥാ നായകന്‍ പൊട്ട രാധ ഒരു ഗ്ലാസ്‌ എടുത്തു ഒറ്റ വലിക്ക് കുടിച്ചു ഗ്ലാസ്‌ കാലിയാക്കി.

അപ്പോള്‍ അച്ഛന്‍ ചോദിച്ചു "എങ്ങനെയുണ്ട് "ഉടനെ അവന്റെ മറുപടി വന്നു "ഉഗ്രന്‍ ...നന്നായിട്ടുണ്ട്" അപ്പോള്‍ അച്ഛന്‍ പറഞ്ഞു..."എങ്ങനെ നന്നാവാതിരിക്കും അപ്പികളല്ലേ കലക്കി വെച്ചത്" ഞങ്ങള്‍ ഇത് കേട്ടതും ഞെട്ടി..അപ്പോള്‍ നമ്മുടെ കഥാനായകന്‍ കുടിച്ച ജൂസ് ശര്ദ്ധിക്കാനായി ഓടി. ചന്ദ്രന്‍ അകത്തു നിന്നും ഓടി വന്നു പറഞ്ഞു...അപ്പികള്‍ എന്ന് പറഞ്ഞത് കുട്ടികള്‍ എന്ന അര്‍ത്ഥത്തിലാ. ഞങ്ങള്‍ കാര്യം ഒക്കെ മനസ്സിലാകി വന്നപ്പോഴേക്കും കഥാ നായകന്‍ സ്ഥലം കാലിയാക്കിയിരിക്കുന്നു..പിന്നെ ഒരിക്കലും ആ റൂട്ടില്‍ നമ്മുടെ കഥാ നായകന്‍ വരില്ല.

കരീക്കയെ കളിയാക്കുന്നത് ഞങ്ങളുടെ ഒരു ഹോബി ആയിരുന്നു...ഒരു ദിവസം ബഷീര്‍ പറഞ്ഞു "ഈ പന്നി വല്ലാതെ പുളു അടിക്ക്ണ്ണ്ടല്ലോ..ഒന്ന് പറ്റിക്കാന്‍ എന്താ വഴി.." ഞാന്‍ ഒരു മാര്‍ഗം പറഞ്ഞു...എല്ലവര്‍ക്കും അത് ഇഷ്ടപ്പെട്ടു..

അടുത്ത ദിവസം ഞാന്‍ വന്നപ്പോള്‍ എന്റെ കയ്യില്‍ ഒരു പൊതിയും ഉണ്ടായിരുന്നു..."എന്താടാ പൊതീല് " കരീക്ക കണ്ടപാടെ ചോദിച്ചു. ഞാന്‍ പറഞ്ഞു ഇത് മുറ്റിയ സാധനമാ. കറുപ്പ് എന്ന് പറയും ...ഇത് കഴിച്ചാല്‍ കള്ള് കുടിക്കണ പോലെ അല്ല ...ഒരു നുള്ള് സേവിച്ചാല്‍ മതി...ഭയങ്കര ലഹരി വരും ...വായൂല് ഇങ്ങനെ പറക്കണ പോലെ തോന്നും. എല്ലാവരും ഓരോ നുള്ള് വീതം എടുത്തപ്പോള്‍ കരീക്ക ഒരു പിടി വാരി കഴിച്ചു...ഇതൊക്കെ അവനു പുല്ലാണ് എന്ന മട്ടില്‍ ഞങ്ങളൊക്കെ ലഹരി കയറിയ മട്ടില്‍ കുഴഞ്ഞു കുഴഞ്ഞു വര്‍ത്തമാനം പറയാന്‍ തുടങ്ങി...ഞങ്ങള്‍ അഭിനയിക്കുകയായിരുന്നു...എന്നാല്‍ നമ്മുടെ കഥാ നായകനാണെങ്കില്‍ ഒട്ടും ലഹരി വരുന്നുമില്ല..അവനും വരുന്ന പോലെ കാണിച്ചു നോക്കുന്നുണ്ട്...അവന്‍ പറഞ്ഞു "എനിക്ക് തല കറങ്ങണ പോലെ" എന്ന് പറഞ്ഞു വേഗം വീട്ടില്‍ പോയി...അവന്‍ പോയതും ഞങ്ങള്‍ ചിരിയോടു ചിരി...അത് ഞങ്ങള്‍ ഗില്‍റ്റ് പേപ്പറില്‍ കുറച്ചു മൂക്കുപോടിയും കുരുമുളക് പൊടിയും ഉമിക്കരിയും ചേര്‍ത്ത മിശ്രിതം ആയിരുന്നു...

അന്ന് കഥാനായകന്‍ ലഹരി വരുന്നതും നോക്കി നോക്കി ഉറങ്ങാന്‍ പറ്റിയില്ല. അടുത്ത ദിവസം മറ്റൊരു ഗാങ്ങില്‍ ചെന്നപ്പോള്‍ കരീക്കയോട് അവര്‍ ചോദിച്ചു നിന്റെ മുഖമെന്താ ഒരു മാതിരി എന്ന്...അപ്പോള്‍ അവന്‍ പറഞ്ഞു "എന്റമ്മോ ആ കഥയൊന്നും പറയണ്ട...ഇന്നലെ ഗിരി ഒരു സാധനം തന്നു...നമ്മുടെ അസ്സല്‍ കറുപ്പ്...ഞാന്‍ കുറച്ചധികം അടിച്ചു...രാത്രി മുഴുവന്‍ എന്തൊരു ലഹരി ആയിരുന്നു...ശരിക്കും പറന്നു നടക്കണ പോലെ..." അത് കേട്ട് കൊണ്ടാണ് ഞങ്ങള്‍ അവിടെ എത്തിയത്. മനോജ്‌ ചോദിച്ചു... "നീ ശരിക്കും പറന്നോ..." അവന്‍ പറഞ്ഞു "പിന്നല്ലാതെ ഭയങ്കര ലഹരിയല്ലേ...ഇപ്പോഴും അതിന്റെ ഹാങ്ങ്‌ഓവറിലാ. അതുകേട്ടു ഞങ്ങള്‍ തമ്മില്‍ കണ്ണിറുക്കി ചിരിയടക്കാന്‍ പാടുപെട്ടു..

പൊറ്റ രാധക്ക് ഇന്നും അറിയില്ല അവന്‍ വാരിക്കഴിച്ചത് കറുപ്പല്ല വെറും ഉമിക്കരി മിശ്രിതം ആണെന്ന്.

Monday, April 5, 2010

"കപ്പലോടിച്ച ശങ്കുണ്ണി"

കിഴുപ്പിള്ളികര എന്ന എന്റെ ഗ്രാമം, അവിടെ ഉള്ള ഒരു ചായക്കടയിലേക്ക് നമ്മുക്ക് പോകാം. തൊട്ടടുത്തു തന്നെ നാട്ടിലെ വായന ശാല, പോസ്റ്റ്‌ ഓഫീസ്, അതിനു തൊട്ടടുത്ത് കുറച്ചു കടകള്‍, ഇങ്ങനെ ഒരു ചെറിയ അങ്ങാടി. ഈ ചായക്കട വളരെ പ്രസിദ്ധമാണ്, സാധാരണ പോലെ ചായകുടിച്ചുകൊണ്ട് വാര്‍ത്തകള്‍ ഉണ്ടാക്കുകയും, ചെറിയ വാര്‍ത്തകളെ പെരിപ്പിക്കുകയും ചെയ്യുന്ന സാധാരണ ഒരു ചായക്കട. ചായക്കടക്കാരന്‍ രാമേട്ടന്‍ ഇപ്പോഴും ബിസി ആണ്. കാരണം കസ്ടമര്‍സിന്റെ തിരക്കുതന്നെ. പക്ഷെ മിക്കവാറും കടം പറ്റുന്നവര്‍.

നമ്മുടെ കഥാ നായകന്‍ പതിവുപോലെ അവിടെ ചായ കുടിക്കാന്‍ വരും , അദ്ദേഹം പണ്ട് മിലിട്ടറി സര്‍വീസില്‍ ആയിരുന്നു, അപ്പോള്‍ അവിടത്തെ കഥകള്‍ ഉണ്ടാകും ധാരാളം പറയാന്‍.

അദ്ദേഹത്തെ പരിചയപ്പെടാം, പേര് ശങ്കുണ്ണി, ജോലി മിലിട്ടറിയില്‍ ബാര്‍ബര്‍...  പക്ഷെ നാട്ടില്‍ അദ്ദേഹം ബാര്‍ബര്‍ അല്ല, അത്രക്കും വലിയ കാര്യങ്ങള്‍ ആണ് മിലിട്ടറിയില്‍ ചെയ്യുന്നത് എന്ന് പറയും. സൈക്കിള്‍ പോലും ചവിട്ടുവാന്‍ അറിയില്ല . പക്ഷെ വിമാനം ഓടിക്കും എന്ന പോലെയുള്ള ബഡായീസ്‌ പറയു...
തോക്കിന്റെ ചട്ട കൊണ്ട് ഒറ്റയടിക്ക് മൂന്നു പാക്കിസ്ഥാന്‍ ചാരന്‍മാരെ കൊന്ന കഥ എത്രയോ തവണ ആ നാട്ടുകാര്‍ കേട്ടു തഴമ്പിച്ചു. "എന്റെ ധീരത കാരണം ഞങ്ങളുടെ ഹവല്‍ദാര്‍ സാറിനു എന്നെ വല്യ കാര്യമായിരുന്നു. ഏതു യുദ്ധം വന്നാലും ശങ്കുണ്ണി നീ മുന്നില്‍ വേണം എന്ന് പറയും. ഒരു വിധം പാക്കിസ്ഥാന്‍കാരൊക്കെ എന്റെ മീശ കണ്ടു തന്നെ പേടിച്ചോടിയിട്ടുണ്ട്." എന്ന് പറഞ്ഞു കൊമ്പന്‍ മീശ ഒന്ന് പിരിച്ചു വെയ്ക്കും. ഒരു കുഴിയാനയെപ്പോലും കൊല്ലാനുള്ള ദൈര്യം ശങ്കുണ്ണിക്കില്ലെന്ന് നാട്ടുകാര്‍ക്കെല്ലാം അറിയാമെങ്കിലും ഈ കഥയെല്ലാം നാട്ടുകാര്‍ ചെവി കൂര്‍പ്പിച്ചു കേള്‍ക്കും.. ചിലരൊക്കെ ശങ്കുണ്ണിയെ ശങ്കുണ്ണി സാര്‍ എന്ന് വിളിച്ചു പോക്കും. എന്നാലെന്താ ശങ്കുണ്ണി ശരിക്കും പൊങ്ങി അവരുടെ ചായക്കാശും കൂടെ കൊടുത്തോളും.

ഒരു പാക്കിസ്ഥാന്‍ യുദ്ധക്കാലം. ശങ്കുണ്ണിയുടെ ബറ്റാലിയന്‍ എല്ലാം ഒരു യുദ്ധകപ്പലില്‍. ഇത്തവണ കപ്പല്‍ വഴിയാണ് ആക്രമണം... ,,, നല്ല വാര്‍ !! ഫേസ് ടു ഫേസ് .. അങ്ങനെയിരിക്കെ പാക്കിസ്ഥാന്‍കാരുടെ വെടി കൊണ്ട് ആ കപ്പലിലെ കപ്പിത്താന്പരുക്കേറ്റു. പാകിസ്താന്‍ കാര്‍ വളരെ അടുത്തെത്തി, നമ്മുടെ കപ്പിത്താന് കപ്പല്‍ ഓടിച്ചു തിരികെ പോകാനുള്ള കണ്ടീഷനില്‍ അല്ല. കപ്പ്പല്‍ അവിടെ നിന്നും രക്ഷിച്ചില്ലെങ്കില്‍ എല്ലാവരുടെയും കഥ കഴിയും ,,, ആ സമയത്ത് നമ്മുടെ കഥാനായകന്‍ ശങ്കുണ്ണി എന്ത് ചെയ്യണം എന്ന് കരുതി ആകെ ടെന്‍ഷന്‍ il.... അപ്പോള്‍ നമ്മുടെ കപ്പിത്താന്‍ ശങ്കുണ്ണിയോട് പറഞ്ഞു , "ക്വിക്ക് റിവേര്‍സ് ശങ്കുണ്ണി" I. ശങ്കുണ്ണി പിന്നെ ഒന്നും നോക്കിയില്ല. ഡ്രൈവിംഗ് സീറ്റിലേക്ക് ചാടിക്കയറി കപ്പല്‍ റിവേര്‍സ് എടുത്തു വളരെ സേഫ് ആയി എല്ലാവരെയും രക്ഷപ്പെടുത്തി. ശങ്കുണ്ണി പറഞ്ഞു നിര്‍ത്തിയതും ആളുകള്‍ ചിരിയോടു ചിരി ...നിര്‍ത്താത്ത ചിരി ..

എങ്ങനെ ചിരിക്കാതിരിക്കും, സൈക്കിള്‍ പോലും ഓടിക്കാത്ത ശങ്കുണ്ണി !! അതും കപ്പല്‍ റിവേര്‍സ് എടുത്ത കഥ !!!

Thursday, April 1, 2010

പാര വെച്ചവന് തന്നെ പാര

ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ പതിവുപോലെ എല്ലാ പ്ലട്ഫോര്‍മിലും നല്ല തിരക്ക്. " ചായ് ചായെ" വിളിച്ചു കൊണ്ട് കയ്യില്‍ ചായപ്പാത്രവും തൂക്കി ഓടുന്ന കുട്ടികള്‍ ഒരു വശത്ത്...വണ്ടിയില്‍ കയറുന്നവരുടയും പ്ലാറ്റ് ഫോമില്‍ കാത്തിരിക്കുന്നവരുടെയും തിരക്ക് ഒരു വശത്ത്.

സര്‍ദാര്‍കുക്കി സിംഗ് ഓടി കിതച്ചാണ് ട്രെയിന്‍ വിടാന്‍ നേരം ന്യൂ ഡല്‍ഹി സ്റ്റേഷന്‍ പ്ലാറ്റ് ഫോം നമ്പര്‍ രണ്ടില്‍ എത്തിയത്. മുംബായ്ക്കുള്ള പഞ്ചാബ്‌ മെയില്‍ പുറപ്പെടാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. സാദാരണ ടിക്കറ്റ്‌ ആണ്. അത് കൊണ്ട് ഓടിപ്പിടിച്ച് ജനറല്‍ കമ്പാര്‍ട്ട്മെന്റ് കണ്ടു പിടിച്ചു ഒരുവിധം കയറിപ്പറ്റി. അത്യാവശ്യമായിട്ട് ബോംബയില്‍ എത്തേണ്ടതാ. അത് കൊണ്ട് റിസര്‍വേഷന്‍ കിട്ടിയില്ല. ബിസിനെസ്സ് കാര്യമായത് കൊണ്ട് ചെന്നെ പറ്റു. പക്ഷെ നില്‍ക്കാനും ഇരിക്കാനും വയ്യാത്ത വിധം ആള്‍കാര്‍ നിറഞ്ഞു കഴിഞ്ഞു ആ കമ്പാര്‍ട്ടുമെന്റില്‍. രണ്ടു ദിവസത്തെ ഉറക്ക ക്ഷീണം കണ്ണുകളില്‍. എവിടെയെങ്കിലും ഒന്ന് ഇരുന്നെ പറ്റു. പക്ഷെ ഇരിക്കാന്‍ പോയിട്ട് ആള്‍ക്കാര്‍ തിങ്ങിയാണ് നില്‍ക്കുന്നത്..കയ്യില്‍ തൂക്കിയ ബ്രീഫ് കേസും കൊണ്ട് അനങ്ങാന്‍ വയ്യാത്തത് പോലെ കുക്കിസിംഗ് നിന്ന്..ഇടയ്ക്കിടയ്ക്ക് കണ്‍പോളകള്‍ അടഞ്ഞു പോകുന്നു. ആലോചിച്ചപ്പോള്‍ ഒരു ബുദ്ധി തോന്നി. ഒരു സൈഡ് സീറ്റിനടുത്താണ് അയാള്‍ നിന്നിരുന്നത്.

കുക്കി സിംഗ് വളരെ ബുദ്ധി മുട്ടി താഴോട്ടു കുനിഞ്ഞു സീറ്റിനടിയില്‍ പെട്ടി വെയ്ക്കാനെന്ന വ്യാജേന. പെട്ടെന്ന് എന്തോ കണ്ടു പേടിച്ചപ്പോലെ കുക്കി സിംഗ് കൂവി വിളിക്കാന്‍ തുടങ്ങി. "പാമ്പ് പാമ്പ് സീറ്റിനടിയില്‍ പാമ്പ് " കുക്കി സിംഗ് അലറിക്കൊണ്ടിരുന്നു. ആള്‍ക്കാര്‍ പലവഴിക്കും ഇറങ്ങി ഓടി.. നിമിഷങ്ങള്‍ക്കകം കമ്പാര്‍ട്ട് മെന്റ് കാലി. പുറത്തു ആളുകള്‍ ഓടുന്നതിന്റെയും മറ്റും ബഹളം. കുക്കി സിംഗ് ആശ്വാസത്തോടെ ഒന്ന് ചിരിച്ചു. എന്നിട്ട് ഒരു അപ്പര്‍ സീറ്റില്‍ കയറി പെട്ടി വെച്ച് സുഖമായി നീണ്ടു നിവര്‍ന്നു കിടന്നു. ക്രമേണ ഉറക്കം കണ്പോളകളെ തഴുകി. നല്ല ഉറക്കത്തിലാണ്ടു.

അഞ്ചാറു മണിക്കൂര്‍ കഴിഞ്ഞു കാണണം വണ്ടി വണ്ടി ഒരു കുലുക്കത്തോടെ നിന്നപോലെ തോന്നി കുക്കി സിംഗ് ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്നു. കമ്പാര്‍ട്ട് മെന്റില്‍ ആരെയും കാണുന്നില്ല. "ഹോ ഇത്ര പെട്ടെന്ന് ബോംബെ എത്തി...എല്ലാവരും ഇറങ്ങിയിരിക്കുന്നു. " . കുക്കി സിംഗ് വേഗം അപ്പര്‍ സീറ്റില്‍ നിന്നും ഇറങ്ങി. പെട്ടിയെടുത്തു... അപ്പോള്‍ ജനലിനടുതൂടെ "ചായ് ചായെ " വിളിച്ചു പലരും അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്. ജനലിനടുത്തുള്ള സീറ്റില്‍ ഇരുന്നു കുക്കി സിംഗ് ഒരു ചായക്കാരനെ വിളിച്ചു ഒരു ചായ വാങ്ങി. പുറത്തേക്കു നോക്കുമ്പോള്‍ ബോംബെ സ്റ്റേന്റെ ഒരു ലക്ഷണവും ഇല്ല. "ഹോ ഇടക്കുള്ള വല്ല സ്റ്റേഷനും ആകും" സര്‍ദാര്‍ ആത്മഗതം ചെയ്തു. ചുടു ചായ ഊതിക്കുടിച്ചു കൊണ്ട് ചായക്കാരന് പൈസ കൊടുക്കാന്‍ നേരം കുക്കി സിംഗ് ചോദിച്ചു. "ഇതേതാ സ്റ്റേഷന്‍ "

ഉടനെ മറുപടി വന്നു " സാബ് ഇത് ന്യൂ ഡല്‍ഹി സ്റ്റേഷന്‍ ആണ് ". കുക്കി സിംഗ് ഞെട്ടി. " നോ " അയാള്‍ അലറി. ഇത് ബോംബെ ആണ്. കുക്കി സിംഗിന് വിശ്വാസം വന്നില്ല. പ്ലാറ്റ് ഫോം നോക്കിയപ്പോള്‍ പ്ലാന്റ് ഫോം നമ്പര്‍ 9 ഇല്‍ ആണ് താന്‍ നില്‍ക്കുന്നത്. ഇതെന്തു മറിമായം. താന്‍ കയറിയത് പ്ലാറ്റ് ഫോം നമ്പര്‍ രണ്ടില്‍ നിന്ന്. കുക്കി സിംഗ് ഉടനെ വണ്ടിക്കു പുറത്തിറങ്ങി. ഞെട്ടിപ്പോയി താന്‍ ഇരുന്ന ഒരു കമ്പാര്‍ട്ട്മെന്റ് മാത്രം.


സംഭവിച്ചത് ഇതാണ്. വണ്ടി പുറപ്പെടാന്‍ നേരത്താണ് സര്‍ദാര്‍ "പാമ്പ് പാമ്പ് എന്ന് മുറവിളി കൂട്ടിയത്. റെയില്‍വേ അതികൃതര്‍ ഓടി വന്നു പഞ്ചാബ് മെയില്‍ ട്രെയിനിന്റെ അവസാനമുള്ള ജനറല്‍ കമ്പാര്‍ട്ട് മെന്റ് അവിടെ മുറിച്ചിട്ടു. ബാക്കിയുള്ള കമ്പാര്‍ട്ട് മെന്റുമായി ട്രെയിന്‍ ഉടന്‍ ബോംബയ്ക്ക് വിട്ടു. സീറ്റില്‍ കയറി ഉറക്കമായ കുക്കി സിംഗ് ഇതൊന്നുമറിഞ്ഞില്ല. മറ്റൊരു എഞ്ചിന്‍ വഴി ആ കമ്പാര്‍ട്ട് മെന്റിനെ വലിച്ചു കൊണ്ട് വന്നു ഒഴിഞ്ഞ പ്ലാറ്റ് ഫോം ആയ പ്ലാറ്റ് ഫോം 9 ഇല്‍ കൊണ്ടിട്ടു. സംഭവം എല്ലാം കേട്ട് കഴിഞ്ഞു കുക്കി സിംഗ് സ്വയം തലക്കടിച്ചു. താന്‍ ചെയ്ത പാര തനിക്കു തന്നെ പാര ആയി. അയാള്‍ എന്ത് ചെയ്യേണ്ടു എന്നറിയാതെ വെറും നിലത്തു കുത്തിയിരുന്നു.

Wednesday, February 17, 2010

പൊടിയനും കുരയന്‍ പട്ടിയും

പൊടിയന്‍ എന്റെ കമ്പനിയിലെ പൊന്നോമനയായിരുന്നു എന്നു ഞാന്‍ പറഞ്ഞുവല്ലൊ!!!! അടുത്ത ഒന്നു രണ്ടു കഥകളിലൂടെ നിങ്ങളുടെയും പൊന്നോമന ആയി മാറും എന്ന കാര്യത്തില്‍ എനിക്കു സംശയം ഇല്ല!!!!

ശുദ്ദനായ പൊടിയനെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു.

പൊടിയന്‍ ഞങ്ങളുടെയൊക്കേ ചര്‍ച്ചകളില്‍ വരാത്ത ഒരു ദിനത്തെക്കുറിച്ചു ചിന്തിക്കുക പോലും കഴിയാതിരുന്ന കാലം

500 ല്‍ അധികം തൊഴിലാളികളുള്ള എന്റെ കമ്പനിയില്‍ ഓരൊരുത്തരെയും അടുത്തറിയുക പ്രയാസമാണ്..... പക്ഷെ പൊടിയനെ എല്ലാവര്‍ക്കും അറിയാം...

പൊടിയനെക്കുറിച്ചു ഞങ്ങളുടെ ബോസ്സും ധാരാളം കേട്ടിരിക്കുന്നു.... പക്ഷെ നേരിട്ടറിയില്ല.... ബോസ്സിനോടുള്ള ഭയം കാരണം പൊടിയന്റെ ശുദ്ദതയെ കുറിച്ചു മാത്രമെ ഞങ്ങള്‍ക്കു അദ്ദേഹത്തേ ധരിപ്പിക്കാന്‍ സാധിച്ചിരുന്നുള്ളു...

പൊടിയന്‍ ഒരു മണ്ടനും കൂടിയാണെന്നു പറഞ്ഞാല്‍ തനി തിരുവന്തപുരത്തുകാരനായ ബോസ്സ് തിരൊന്തോരം ഭാഷയില്‍ തെറി വിളിച്ചാലോ എന്ന ഭയം ആണു അങ്ങനെ പറയാതിരിക്കാന്‍ കാരണം!!!

സാമാന്യം തലക്കനമുള്ള ഞങ്ങളുടെ ബോസ്സ് തൊട്ടതിനും പിടിച്ചതിനും എല്ലാം ആള്‍ക്കാരെ വഴക്കു പറയും.... ആദ്ദെഹത്തിനു സ്വന്തമായി ഒരു ഒഫ്ഫീസ്സ് ബോയി (എന്തര്‍ത്ഥത്തിലാണോ ഒഫ്ഫീസ്സ് “ബോയി“ എന്നു പറയുന്നതന്നറിയില്ല 60 കഴിഞ്ഞ മൂസ്സാക്കാ ) ഉണ്ട്.... ഈ ഒഫ്ഫിസ്സ് ബോയ് ഒഫ്ഫീസ്സിനുള്ളീല്‍ മറ്റാരേയും സേവിക്കാന്‍ പാടില്ല എന്ന നിര്‍ബന്ധബുദ്ധിയും ബോസ്സിനുണ്ട്....

അങ്ങനെയിരിക്കേ മുസ്സാക്കാ ഗള്‍ഫു ജീവിതം ‘മടക്കി’ നാട്ടില്‍ പോകാന്‍ തീരുമാനിച്ചു..... പകരം ഒരാളെ തിരക്കിയ ബോസ്സിനു മുന്‍പില്‍ നമ്മൂടെ പൊടിയന്റെ നിഷ്കളങ്കമായ പേരു അവതരിപ്പിക്കപെട്ടു!!! വളരെ പെട്ടെന്നു തന്നെ പൊടിയന്‍ ആ സ്ത്ഥാനത്തെക്കു അവരോധിക്കപ്പെടുകയും ചെയ്തു!!!

കേട്ടറിഞ്ഞ പോടിയന്റെ നിഷകളങ്കത കണ്ടറിഞ്ഞ ബോസ്സ് ശരിക്കും സന്തോഷവാനായി... തന്റെ ഓഫ്ഫീസ്സ് ബോയിക്കു വേണ്ട എല്ലാ ഗുണഗണങ്ങളും ഉള്ളവന്‍ .... കിട്ടാവുന്ന സമയം എല്ലാം പൊടിയനെ പുകഴ്ത്തി സംസാരിക്കാന്‍ ബോസ്സ് സമയം കണ്ടെത്തി!!!!!

അരിച്ചാക്കിനു ചണക്കയറുകൊണ്ട് കെട്ടിടുന്നതു പോലേയുള്ള പൊടിയന്റെ പാന്റ്സും ബെല്‍റ്റും ബോസ്സിടപെട്ടു ജീന്‍സിനു വഴിമാറി!!!!

അയയില്‍ കിടന്നാടിയുലയുന്നപോലെയുള്ള 4 ആള്‍ കയറാവുന്ന പൊടിയന്റെ ഷര്‍ട്ടുകള്‍ വാന്‍ ഹുസ്സയിന്റെ ഷര്‍ട്ടുകള്‍ക്കും നീളന്‍ റ്റൈക്കും മുന്‍പില്‍ നാണം കെട്ടു!!!

പൊടിയന്റെ ചുണ്ടുകളില്‍ ചിലപ്പൊഴൊക്കെ ഇംഗ്ലീഷ് വാക്കുകള്‍ ന്യത്തം വച്ചു!!!!!

പുതിയ സ്ത്ഥാന ലബ്ദിയേ പൊടിയെന്‍ വിശേഷിപ്പിച്ചതു ഇങ്ങനെ... “ എഡയ് ഞാന്‍ ഉഗാണ്ടയുടെ പ്രസിഡന്റുകളും മറ്റും ആയി തീര്‍ന്നതായി തോന്നുന്നടെ അപ്പീ”

അത്തരം ഒരു ഭാവം പോടിയന്റെ ചലനങ്ങളിലും, ഭാഷയിലും വന്നു ചേര്‍ന്നു!!!!!

അങ്ങനെയിരിക്കേ പൊടിയന്റെ ദിവസം വന്നു ചേര്‍ന്നു....

അന്നു ബോസ്സ് ഒരു നെടുനീളന്‍ മീറ്റിങ്ങിലയിരുന്നു.... ഏതോ വിദേശ കമ്പനികളുടെ പ്രതിനിധികളുമായുള്ള നെടുനീളന്‍ ചര്‍ച്ച!!!!

പ്രഭാത ഭക്ഷണം നഷ്ടപ്പെട്ടതിന്റെ വേവലാതിയില്‍ മീറ്റിങ്ങ് അവസാനിച്ച മാത്രയില്‍ തന്നെ ബോസ്സിന്റെ ശബ്ദം ഓഫ്ഫീസ്സിനേ പ്രകമ്പനം കൊള്ളിച്ചു!!!!

പൊടിയാ.....!!!!?????

നാന സിനിമാ മാസികയിലേ മാദക സുന്ദരിയില്‍ മുഖം ഒളിപ്പിച്ചിരുന്ന പൊടിയെന്‍ ഞെട്ടി എഴുനേല്‍റ്റു വേവലാതിയോടെ ബോസ്സിന്റെ ഓഫ്ഫീസ്സിലേക്കു ഓടി....

ബോസ്സിന്റെ മുറിയില്‍ നിന്നു തിരികെ ഇറങ്ങി വന്ന പൊടിയന്‍ ആകെ നിരാശനായിരുന്നു!!! മുഖം ആകെ വിളറി വെളുത്തിരുന്നു....

“ എന്താ പൊടിയാ സംഭവിച്ചതു???” റിസപ്ഷനിസ്റ്റ് മുരളി ചോദിച്ചു !!!!

പൊടിയന്‍ മുരളിയുടെ അടുത്തേക്കു ചേര്‍ന്നു നിന്നു മറ്റാരും കേള്‍ക്കില്ല എന്നുറപ്പു വരുത്തി അതീവ രഹസ്യമായി ചോദിച്ചു “ അല്ലാ‍ മുരളിയണ്ണാ ഞാനൊരു കാര്യം കേക്കട്ടെ???...... എന്തിരാണീ “ഹോട്ട് ഡോഗുകളും മറ്റും????”

“എന്താ പൊടിയാ”??? മുരളി ആകാംഷയോടെ ചോദിച്ചു!!!!!

അല്ല അണ്ണാ നമ്മുടെ ബോസ്സു പറയുകയാണു പുള്ളിക്കു ഇത്തിരി ഹോട്ട് ഡോഗുകള്‍ വാങ്ങി കൊടുക്കാന്‍ ....കഴിക്കാനായിട്ടു..... എന്തിരാണോ എന്തൊ????

മുരളിക്കു ഉള്ളില്‍ ചിരി പൊട്ടി.... പക്ഷെ നിയന്ത്രിച്ചു.... പിന്നേ അടുത്ത ക്യാബിനില്‍ ഇരികുന്ന പ്രഭാകരനെ വിളിച്ചു കാര്യം അവതരിപ്പിച്ചു, പെട്ടെന്നു തന്നെ സംഭവം ഒഫ്ഫീസ്സില്‍ ഒരു വിഷയം ആയി!!!

ഓഫീസ് സ്റ്റാഫുകള്‍ എല്ലാം പൊടിയനു ചുറ്റും കൂടി.... കൂലംകഷമായ ആലോചനയുടെ നിമിഷങ്ങള്‍!!!

പൊടിയനു തന്റെ സഹജോലിക്കാരുടെ ആത്മാര്‍ത്ഥതയില്‍ അഭിമാനം തോന്നി!!!!

ഒടുവില്‍ ത്രിശൂര്‍ക്കാരന്‍ അല്‍ഫോണ്‍സ് അതിനൊരു നിര്‍വചനം കണ്ടു പിടിച്ചു.....

പൊടിയാ ഹൊട്ട് ഡോഗ്ഗ് എന്നു പറഞ്ഞാല്‍ എന്താണെന്നാ നിന്റെ വിചാരം???

പൊടിയന്‍ പുരികങ്ങള്‍ ചോദ്യചിന്നമാക്കി അല്‍ഫോണ്‍സിനു നേരെ മറു ചോദ്യം അയച്ചു???

എന്തിരാണ്‍???

പൊടിയാ ..... അതിന്റെ അര്‍ത്ഥം ഞാന്‍ പറഞ്ഞു തരാം.... അല്‍ഫോണ്‍സ്സ് തായാറായി..... ഹോട്ട് എന്നു പറഞ്ഞാല്‍ ചൂടുള്ളതു എന്നാണു.... ഡോഗ് എന്നു പറഞ്ഞാല്‍ നായ അല്ലെങ്കില്‍ പട്ടി!!!!.... ചൂടുള്ള പട്ടി..... നല്ല കുരയന്‍ പട്ടിയുടെ ഇറച്ചി കൊണ്ടുവരാനാണു ബോസ്സു പറഞ്ഞതു പൊടിയാ!!!!!!

പൊടിയന്‍ മൂക്കത്തു വിരല്‍ വച്ചു....” കുരയന്‍ പട്ടിയോ”..... എന്റെ ആറ്റുകാല‍മ്മച്ചീ!!!!!

നിഷ്കളങ്കനായ പൊടിയെന്റെ അടുത്ത ചോദ്യം “അതു എവിടെ കിട്ടുമണ്ണാ???”

പൊടിയാ പട്ടിയിറച്ചി ഇവിടെ ഹറാം ആണെന്നു അറിയില്ലെ..... അതുകൊണ്ട് കടകളില്‍ ഒന്നും കിട്ടുമെന്നു തോന്നുന്നില്ല.... നീ സനയാ ( വര്‍ക്ക് ഷോപ്പ് ഏരിയായ്ക്കു അറബിയില്‍ പറയുന്ന പേരു) ഏരിയയില്‍ പോയൊന്നു തപ്പി നോക്കൂ!!!!! ചിലപ്പോള്‍ ജീവനുള്ള പട്ടിയേ കിട്ടിയേക്കും....

പൊടിയനു പേടിയായി...... അണ്ണാ ഫോറിന്‍ അണ്ണന്മാര്‍ പട്ടികളെയും പൂച്ചകളേയും മറ്റും കഴിക്കുമെന്നു കേള്‍ക്കണ്...... നമ്മൂടെ ബോസ്സ് തിരൊന്തരം കാരന്‍ തന്നെയണ്ണാ???!!!!

തൊട്ടടുത്ത കസേരയിലേക്കു ചാരിയിരുന്നു പൊടിയന്‍ ഒരുനിമിഷം ആലോചിച്ചു!!!

പിന്നേ രണ്ടും കല്‍പ്പിച്ചു ചാടിയെഴുനേല്‍റ്റു ഒരു പ്രഖ്യാപനം!!!

എനികു വയ്യെന്റെ അണ്ണോ!!!!!!ജ്വോലികളു ഇല്ലാതെ വീട്ടിലിരുന്നാലും വേണ്ടില്ല ഇമ്മാതിരി ജ്വോലികളു ചെയ്യാന്‍ നമ്മളെ കിട്ടില്ല!!!!

ഞാന്‍ ബോസ്സിനോടൂ ചെന്നു പറയാന്‍ പോക്കുകയാണു ഇമ്മാതിരി ജ്വോലികളു ചെയ്യാന്‍ എനിക്കു വയ്യാ എന്നു!!!!!

അത്തരം ഒരു ടിസ്റ്റ് പൊടിയനില്‍ നിന്നും ആരും പ്രതീക്ഷിച്ചില്ല!!!! പൊടിയന്‍ ധൈര്യം സംഭരിച്ചു ബോസ്സിന്റെ ക്യാബിനിലേക്കു തിരിച്ചു നടന്നു!!!!

ഉപദെശിച്ചവര്‍ ഒന്നു ഞേട്ടി..... അവര്‍ പൊടിയനെ തിരികേ വിളിക്കാന്‍ ഒരു വിഫല ശ്രമം നടത്തി!!!!

പക്ഷെ പൊടിയന്‍ അതൊന്നും ചെവിക്കൊണ്ടില്ല!!!! “ വരുന്നിടത്തു വച്ചു കാണാമടെ അപ്പീ” എന്നു ആത്മഗതവുമായി ബോസ്സിന്റെ ക്യാബിനിലേക്കു ഇടിച്ചു കയറി!!!!

ബോസ്സിനു മുന്‍പില്‍ കാര്യം വളരെ ശക്തമായി തന്നെ അവതരിപ്പിച്ചു..... “സാര്‍ പട്ടിയെ പിടുത്തങ്ങള്‍ അല്ല എന്റെ പണികളു”“”

ബോസ്സിനു കാര്യം മനസ്സിലായില്ല.... വിശന്നു ഭ്രാന്തെടുത്തിരുന്ന അദ്ധേഹത്തിനു ദേഷ്യം മൂക്കും തുമ്പത്തേക്കു ഇരച്ചു കയറി!!!!!

പക്ഷെ പൊടിയനോടുള്ള പ്രത്യേക പരിഗണന മൂലം സംയമനം പാലിച്ചു സമാധാനമായി കാര്യം അന്വേഷിച്ചു.....

പൊടിയന്‍ സംഭവം എല്ലാം വിവരിച്ചു.....

എന്നിട്ടു വളരെ പതിഞ്ഞ സ്വരത്തില്‍ ഒരു തട്ടുപോളിപ്പന്‍ കമന്റും വിട്ടു.... സാര്‍ പട്ടി ഇറച്ചികളും മറ്റും കഴിക്കരുതു ഒന്നുമല്ലെങ്കില്‍ സാറും എന്നേപ്പോലേ ഒരു നായരല്ലേ സാര്‍ “

പൊടിയനിലേ നിഷ്കളങ്കതയും, ശുദ്ധതയും, വിവരമില്ലായമയും ബോസ്സിനു തിരിച്ചറിയാന്‍ അധിക നിമിഷം വേണ്ടി വന്നില്ല.

പൊടിയാ നിന്നേ ഉപദേശിച്ചവരെയെല്ലാം എന്റെ ക്യാബിനിലേക്കു വിളിക്കൂ.... ബോസ്സിന്റെ ഘനഗംഭീര നിര്‍ദ്ദേശം പുറത്തു നിന്നവര്‍ക്കുകൂടി കേള്‍ക്കാന്‍ പാകത്തിലായിരുന്നു!!!!

മുരളിയും, അല്‍ഫോന്‍സ്സും പെട്ടിയും കിടക്കയും ചുറ്റി തിരികേ വണ്ടി കയറുന്നതും ചിന്തിച്ചാണു ബോസ്സിന്റെ ക്യാബിനിലേക്കു കടന്നതു!!!!

മറ്റുള്ളവര്‍ കുറഞ്ഞപക്ഷം 2 ദിവസത്തെ ശമ്പളം ഗോപിയായല്ലോ എന്ന ചിന്തയിലും!!!!

ബോസ്സിന്റെ ക്യാബിനില്‍ പൊടിയനോടോപ്പം എല്ലാവരും മുഖം കുനിച്ചു നില്‍പ്പായി!!!!

എന്താ അല്‍ഫോണ്‍സേ “ഹോട്ട് ഡോഗ്” എന്നു വച്ചാല്‍ !!! ബോസ്സിന്റെ ശബ്ദം വീണ്ടും മുഴങ്ങി!!!

അല്‍ഫോണ്‍സ്സ് രണ്ടും കല്‍പ്പിച്ചു മുഖമുയര്‍ത്തി ബോസ്സിനേ നോക്കി!!!

അല്‍ഫോണ്‍സിന്റെ ദയനീയമായ നോട്ടം കണ്ടതും ബോസ്സിന്റെ അതുവരെ പിടിച്ചു വച്ചിരുന്ന ഗൌരവം കടപുഴുകി വീണു!!!!

പിന്നീടു ഒഫ്ഫീസ്സു കുലുങ്ങിത്തെറിക്കുന്ന പൊട്ടിച്ചിരിയാണു അവിടെ കേട്ടതു!!! ഓഫ്ഫീസ്സിലേ മുഴുവന്‍ അംഗങ്ങളും ആ രംഗം കണ്ടു അതിശയിച്ചു..... ഗൌരവം ഒരിക്കലും വിടാത്ത ബോസ്സ് പരിസരം മറന്നു ചിരിച്ചാല്‍ എങ്ങനെ ഞെട്ടാതിരിക്കും!!!????

പിന്നേ അതൊരു കൂട്ടച്ചിരിയായി മാറി!!!..... പാവം പൊടിയന്‍ മാത്രം പന്തം കണ്ട പെരുച്ചാഴി പോലേ കണ്ണും മിഴിച്ചു നിന്നു!!!

ഇന്നും പൊടിയന്‍ ചോദിച്ചുകൊണ്ടെയിരിക്കുന്നു..... “ എഡേയ് എന്തിരടെ ഹോട്ട് ഡോഗുകളും മറ്റും??”
പൊടിയനു ഉത്തരം കിട്ടാത്ത സമസ്യകളില്‍ ഒന്നാണു ഹോട്ട് ഡോഗ്ഗ്!!!!!!