Friday, November 6, 2009

"രാധാ കൃഷ്ണന്റെ ലീലാ വിലാസങ്ങള്‍".

ഞാന്‍ ഇവിടെ അവതരിപ്പിക്കാന്‍ പോകുന്ന കഥ, അല്ല ഒരു സംഭവം ഒരു തൃശ്ശൂര്‍കാരനായ ഒരു പൊടീയന്റെതാ‍ണു . പൊടിയനെ രാധാകൃഷ്ണന്‍ എന്ന പേരില്‍ വിശേഷിപ്പിക്കാം.

ജോലി തേടി ഡല്‍ഹിയില്‍ വണ്ടി ഇറങ്ങി. മലയാളം മാത്രമേ ആശാന് വശമുണ്ടയിരുന്നുള്ളൂ. ജോലി തേടി ആദ്യം എത്തിയത് ഞങ്ങളുടെ ഓഫീസില്‍ തന്നെ. അതും എന്റെ അടുത്താണ് ആദ്യം വന്നത്. ഒരു മലയാളി റിട്ടയേര്‍ഡ്‌ ഓഫീസര്‍ ആയിരുന്നു ഞങ്ങളുടെ ഡയറക്ടര്‍ മിസ്റ്റര്‍ മേനോന്‍. അതും തൃശൂര്‍ക്കാരന്‍. ഞാന്‍ പോടിയനെ (രാധ കൃഷ്ണനെ) മേനോന്‍ സാറിന് പരിജയപ്പെടുത്തി.. ആവശ്യം അറിയിച്ചപ്പോള്‍ സഹതാപം തോന്നിയത് കൊണ്ടോ അതോ നാട്ടുകാരന്‍ ആയതു കൊണ്ടോ എന്നറിയില്ല മേനോന്‍സാര്‍ പറഞ്ഞു സ്വാതീ ഈ പയ്യനെ ഇവിടെ നിര്‍ത്തിക്കോളൂ ഒരു ഡെലിവറി ബോയ്‌ ആയിട്ട്. അങ്ങനെ മലയാളം മാത്രം അറിയാവുന്ന നിഷ്കളങ്കനായ രാധാ കൃഷ്ണന്‍ ഞങ്ങളുടെ ഓഫീസില്‍ ഏപ്രില്‍ മാസം ആയിരത്തി തൊള്ളായിരത്തി തോണ്ണൂറ്റെട്ടില്‍ ജോയിന്‍ ചെയ്തു..

കസ്റ്റമര്‍സിന് എയര്‍ ടിക്കറ്റ്‌ എത്തിച്ചു കൊടുക്കുകയായിരുന്നു (അന്ന് ഇ-ടിക്കറ്റ്‌ ഉണ്ടായിരുന്നില്ല എല്ലാം മാനുവല്‍ ബൂക്ലെറ്റ്‌ ടിക്കറ്റ്‌ ആയിരുന്നല്ലോ) രാധാ കൃഷ്ണന്റെ ജോലി. . അത്യാവശ്യം പ്രയോഗിക്കാന്‍ ഞാന്‍ അവനു ഹിന്ദി ഭാഷ ട്രെയിനിംഗ് കൊടുത്തു. ബസ്സുകളുടെ നമ്പര്‍, ഇറങ്ങേണ്ട സ്ഥലം ....കാണേണ്ട ആള്‍ എന്നിങ്ങനെ, ഭാഷ അറിയില്ലെങ്കിലും രാധാ കൃഷ്ണന്‍ ജോലിയില്‍ എക്സ്പ്പേര്‍ട്ട് ആയി. കസ്റ്റമര്‍സിന് രാധാ കൃഷ്ണന്‍ പ്രിയങ്കരനായി.

നിഷ്കളങ്കനും വളരെ പാവവും ഒക്കെ ആയിരുന്നെങ്കിലും രാധാ കൃഷ്ണനെ കാണുന്നത് തന്നെ ഒരു തമാശയായിരുന്നു. എന്തെങ്കിലും അബദ്ധങ്ങള്‍ ഒപ്പിച്ച കഥയുമായിട്ടയിരിക്കും രാധാ കൃഷ്ണന്റെ വരവ്.

"ചേച്ച്യേ ഇന്നൊരു അബദ്ധം പറ്റി. എന്തുട്ട് പറയാനാ. ഒരു ക്ടാവ് വന്ന് ബസ്സിന്റെ മുമ്പിലാപെട്ടു. ഞാന്‍ ആ ക്ടാവിനെ പിടിച്ചു മാറ്റാന്‍ ചെന്നതാ ..ആ ബസ്‌ ഡ്രൈവര്‍ ഇനി പറയാത്ത തെറി ഒന്നുല്യ.. ഒടുക്കം ഞാനും മലയാളത്തില് രണ്ടു തെറി പറഞ്ഞു...അങ്ങോര്‍ക്ക് ദേഷ്യം വന്ന് ബസ്സീന്ന് ഇറങ്ങി എന്നെ തല്ലാന്‍ വന്നു.....ഞാന്‍ വിടോ."

"എന്നിട്ട് നീ അയാളെ തല്ലാന്‍ പോയോ രാധാ കൃഷ്ണാ" ഞാന്‍ ചോദിച്ചു...ഇനി വല്ലോരും പ്രശ്നോം ഉണ്ടാക്കി വരുമോന്നറിയില്ലല്ലോ.


"ഹേ. ഈ ചേച്ചിക്ക് വട്ടുണ്ടോ...അയാളൊരു തടിമാടന്‍ .......ഞാനോ......ഞാനേ ഒരു ഓട്ടം അങ്ങട് വെച്ച് കൊടുത്തു...പിന്നെ നിന്നത് ഈ ഓഫീസിന്റെ മുന്നിലാ" ഇതാണ് നമ്മുടെ കക്ഷി..

അവന്‍ പിന്നെ പതിയെ ചോദിച്ചു... ചേച്ച്യേ. ആ ഡ്രൈവര്‍ ഒരു പാട് പറഞ്ഞു... ഈ "മദ്രാസി ... കുത്താ ... കമീനാ" ന്നൊക്കെ പറഞ്ഞാല്‍ എന്തുട്ടാ" ..ഞാന്‍ അവനെ സൂക്ഷിച്ചൊന്നു നോക്കി... ഇതിന്റെ മറുപടി അവനോടു എനിക്ക് പറയാന്‍ പറ്റുമോ. ഇവിടത്തെ വലിയ തെറി ആണതെന്ന് അവനോടു പറഞ്ഞാല്‍ അവനു വിഷമമാകും. ഞാന്‍ പെട്ടെന്ന് വിഷയം മാറ്റാനായി മറ്റൊരു ടിക്കറ്റ്‌ അവനെ ഏല്പിച്ചു ഉടനെ കൊണ്ടു കൊടുക്കാന്‍ പറഞ്ഞു...

അവന്‍ പോകാനായി തിരിഞ്ഞപ്പോള്‍ രാധാ കൃഷ്ണന്റെ ആങ്ങ്യ ഭാഷയും ത്രിശൂര്‍ ഡയലൊഗുകളും കേട്ട് അടുത്ത സീറ്റിലിരുന്ന ഹിന്ദിക്കാരന്‍ ക്ലാര്‍ക്ക്‌ ഒന്നുറക്കെ ചിരിച്ചുപോയി. രാധാ കൃഷ്ണന്‍ അവന്റെ നേരെ തിരിഞ്ഞു..."എന്തൂട്ട്രാ ശവി നീ ചിരിക്കണത്. വല്ലതും മനസ്സിലായിട്ടാ ....ശീമാക്കണ്ണാ" അവന്റെ ദേഷ്യം മലയാളത്തില്‍ തീര്‍ത്തു.

അങ്ങനെ ഒരു ദിവസം വസന്ത്‌ കുഞ്ചിലുള്ള (ഡല്‍ഹിയിലെ ഒരു സ്ഥലമാണ്‌) മിസ്റ്റര്‍ ഡേയ് ക്ക് (രാധാകൃഷ്ണന്റെ പ്രിയപ്പെട്ട ആളാണ് ) ഒരു ടിക്കറ്റ്‌ കൊടുക്കാന്‍ നമ്മുടെ കഥ നായകനെ ഞാന്‍ പറഞു വിട്ടു.

കുറെ കഴിഞ്ഞു ഓടി വന്നു കഥാ നായകന്‍ എന്നോട് പറഞ്ഞു "ചേച്ച്യേ അവര് ദുഷ്ടന്മാരാ. ഞാന്‍ ഇനി പോകില്ല അവിടേക്ക്. അവര്‍ എന്നോട് വേണ്ടാത്തതൊക്കെ ചെയ്യാന്‍ പറഞ്ഞു. ഛെ നാണക്കേട്‌ എങ്ങനെ ആണ് ഞാന്‍ രക്ഷപെട്ടതെന്നു എനിക്ക് മാത്രമേ അറിയൂ" അവന്‍ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.

എനിക്ക് ദേഷ്യം ഇരച്ചു കയറി "എന്ത് നമ്മുടെ പയ്യനെ ആ ഡേ എന്ന കശ്മലന്‍ അപമാനിച്ചു എന്നോ." എന്നിലെ കടത്തനാടന്‍ വീര വനിത ഉണര്‍ന്നു. അവന്‍ ഡേ ആയാലെന്ത് നൈറ്റ്‌ ആയാലെന്ത് . ചെറുപ്പം മുതലേ ഉണ്ണിയാര്‍ച്ചയുടെയും മറ്റു കടത്ത നാടന്‍ ധീരവനിതകളുടെയും കഥകള്‍ കേട്ടു വളര്‍ന്ന എന്റെ രക്തം തിളച്ചു. ഉറുമി എടുത്തു വീശി അവന്റെ തല കൊയ്യാനായി എന്റെ കൈകള്‍ തരിച്ചു... "ലോകനാര്‍ കാവിലമ്മയാണേ ...കളരി പരമ്പര ദൈവങ്ങളാണേ അവനോടു ചോദിച്ചിട്ട് തന്നെ കാര്യം ഇത് സത്യം സത്യം സത്യം" എന്ന് മനസ്സില്‍ ധ്യാനിച്ച്‌ ഞാന്‍ സീറ്റില്‍ നിന്നും ചാടി എണീറ്റു. ഇടത്തോട്ടു മാറി വലത്തോട്ട് തിരിഞ്ഞു ഫോണ്‍ എടുക്കാനായി.. അപ്പോള്‍ എന്റെ സീറ്റിലെ ഫോണ്‍ എടുത്തു അടുത്ത സീറ്റിലെ ഹിന്ദിക്കാരന്‍ ആരോടോ സൊള്ള് ന്നു. "വെയ്ക്കട ഫോണ്‍ ഇവിടെ " എന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടു ഹിന്ദിക്കാരന്‍ "സോറി മാം എന്ന് പറഞ്ഞു ഫോണ്‍ എന്റെ മുന്നിലേക്ക് നീക്കി വെച്ചു.

ഞാന്‍ ഡേയുടെ നമ്പര്‍ ഡയല്‍ ചെയ്തു...എന്‍ഗെജ്ട് ...വീണ്ടും വീണ്ടും ഡയല്‍ ചെയ്തു. ബെല്ലടിക്കുണ്ട്....ഞാന്‍ മനസ്സില്‍ അവനെ വിളിക്കാനുള്ള തെറികളുടെ ഒരു ലിസ്റ്റ്, മനസ്സിന്റെ നിഘണ്ടു വില്‍ നിന്നും ഓര്‍മിച്ചെടുത്തു ഉറപ്പു വരുത്തി ..... അപ്പുറത്ത് ഫോണ്‍ എടുക്കുന്ന ശബ്ദം

"ഹെലോ" എന്ന എന്റെ ശബ്ദം കേട്ടതും തിരിച്ചറിഞ്ഞ മിസ്റ്റര്‍ ഡേ പെട്ടെന്ന് പറഞ്ഞു... സ്വാതി അവന്‍ എന്ത് പണിയാ കാണിച്ചത്...എന്റെ കസ്റ്റമര്‍സിന്റെ മുന്നില്‍ ഞാന്‍ നാണം കേട്ടു പോയി. ഡേ വിവരങ്ങളെല്ലാം ഒറ്റ ശ്വാസത്തില്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ വാക്കുകള്‍ കിട്ടാതെ ഞാന്‍ ഉഴറി.

രസകരമായ ആ കഥ സംഭവിച്ചത് ഇങ്ങനെ

കഥാ നായകന്‍ ഡേക്കു ടിക്കറ്റ്‌ കൊടുത്തു. മിസ്റ്റര്‍ ഡേ നമ്മുടെ ആശാന് ഒരു ചായയും കൊടുത്തു. (എന്നും പതിവുള്ളതാണ് ഒരു ചായ കുടി). ചായ കുടിച്ചു ഇറങ്ങുന്ന വഴിയില്‍ മിസ്റ്റര്‍ ഡേയ് പറഞ്ഞു " രാധാകൃഷന്‍ തും ജബ് ജവോഗെ തോ ജരാ ദര്‍വാസേ കി കുണ്ടി (കുണ്ടി- താഴ്) ഡാല്‍നാ മത് ഭൂല്ന. (അതായതു നീ പോകുമ്പോള്‍ വാതില്‍ തഴിടാന്‍ മറക്കല്ലേ എന്ന്). രാധാകൃഷ്ണന്‍ ഒന്ന് പകച്ചു പോയി. ഇയാള്‍ എന്താ പറഞ്ഞത് എന്നോര്‍ത്ത്. മുറി ഹിന്ദിയില്‍ ചോദിച്ചു "ക്യാ സാബ്?"

വീണ്ടും അതേയ് ഡയലോഗ്. "ബോല നാ, കുണ്ടി ഡാല്‍നാ മത് ഭൂല്ന." രാധാകൃഷ്ണന് നാണവും ഒപ്പം ഭയവും തോന്നി. ഇനി എന്നെ ഇവര്‍ റാഗിങ്ങ് നടത്താനാണോ ഇങ്ങനെ വൃത്തികേടുകള്‍ പറയുന്നത്. ? മിസ്റ്റര്‍ ഡേയുടെ കാബിനില്‍ രണ്ടു മൂന്നു ഗസ്റ്റും ഇരിക്കുന്നുണ്ട്‌. കഥാ നായകന്‍ എന്ത് ചെയ്യണമെന്നറിയാതെ പരവശനായി...ഒടുവില്‍ രണ്ടും കല്‍പ്പിച്ചു നമ്മുടെ ആശാന്‍ പാന്റ് ഊരി. നിക്കര്‍ മാത്രം ഇട്ടു അവരുടെ മുന്നില്‍ നിന്നു.

പിന്നെയും ഒരലര്‍ച്ച കേട്ടു "അരേ പാഗല്‍ തും ക്യാ കാര്‍ രഹെ ഹോ? " തുമേ കുണ്ടി ഡാല്‍നെക്കോ ബോലാ.. മഗര്‍ യെ ക്യാ ദിഖാ രഹെ ഹോ?" (നിന്നോട് വാതില്‍ അടക്കനല്ലേ പറഞ്ഞത്...നീ എന്താണീ കാണിക്കുന്നത്).

നായകന്‍ വീണ്ടും ഞെട്ടി. മറ്റൊന്നും നോക്കാതെ ഉള്ള നിക്കറും ഊരി അവരെ കാണിച്ചു ഒരൊറ്റ ഓട്ടം. പോയ വഴിയിലെങ്ങും പുല്ലു മുളക്കാത്ത ഓട്ടം. കണ്ടു നിന്നവര്‍ ഒന്നുമറിയാതെ അന്തം വിട്ടു !!!

എല്ലാം കേട്ടു കഴിഞ്ഞു ഞാന്‍ ഡേക്കു ഒരു സോറി പറഞ്ഞിട്ട് ഫോണ്‍ വെച്ചു. അപ്പോഴും എന്റെ മനസ്സില്‍ അവന്റെ നിക്കറും കയ്യില്‍ വെച്ചോണ്ടുള്ള ഓട്ടമോര്‍ത്തു ചിരിപൊട്ടി . ചിരിക്കാന്‍ പറ്റുമോ...രാധാ കൃഷ്ണന്‍ മുന്നില്‍ നില്‍ക്കുകയല്ലേ... പക്ഷെ ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അവന്‍ ഇല്ലായിരുന്നു.. അവന്‍ മേനോന്‍ സാറിനോട് പറഞ്ഞു അവധിയും വാങ്ങി താമസ സ്ഥലത്തേക്ക് പൊയ്ക്കഴിഞ്ഞിരുന്നു.

ഞാന്‍ മേനോന്‍ സാറിനോട് ചെന്ന് കാര്യങ്ങള്‍ വിശദീകരിച്ചു...അവന്‍ നിക്കറും കൊണ്ടോദിയ കാര്യം പറഞ്ഞതും പൊതുവേ ഗൌരവക്കാരനായ മേനോന്‍ സാര്‍ വലിയ വായിലേ പൊട്ടിച്ചിരിച്ചു ...നിര്‍ത്താത്ത ചിരി ... പിന്നെ എന്റെ കാര്യം പറയണോ...അത് വരെ പിടിച്ചു നിര്‍ത്തിയ ചിരി വലിയൊരു പൊട്ടിച്ചിരിയായി പുറത്തേക്കു വന്നു.. പിന്നീട് കേട്ടവര്‍ കേട്ടവര്‍ ചിരിയോടു ചിരി. എന്തായാലും അതോടെ നമ്മുടെ കഥ നായകന്‍ ജോലി നിര്‍ത്തി നാട്ടിലേക്ക് വണ്ടി കയറി...

ഭാഷ ഉണ്ടാക്കുന്ന ഒര്രോ പ്രശ്നങ്ങളെയ് !!! വെറുതെ പിന്തിരിഞ്ഞു നോക്കുമ്പോള്‍ രാധാകൃഷ്ണന്റെ ലീലാ വിലാസങ്ങള്‍ ഓര്‍ത്തു ഇന്നും ചിരിച്ചു പോകും.
ഹാ... ഹാ..ഹാ.. ഹാ...ഹാ.

അമളി പറ്റിയ ഡ്യൂപ്പ് ഹനുമാന്‍

നവരാത്രി കാലം .....ഹരിയാനയിലെ ഒരു കുഗ്രാമത്തിലെ രാം ലീലാ ഉത്സവസ്ഥലമാണ് രംഗം. ദിവസങ്ങളായി നടക്കുന്ന "രാം ലീലാ" നാടകം സ്റ്റേജില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നു ....ജനങ്ങള്‍ പതിവ് പോലെ തടിച്ചു കൂടിയിട്ടുണ്ട്...സ്ത്രീകളുടെയും കുട്ടികളുടെയും കല പില ശബ്ദം .....ഇടയ്ക്കിടയ്ക്ക് മൈക്കിലൂടെ അനൌണ്‍സ്മെന്റ് വളരെ നാടകീയമായി നടക്കുന്നു...

"പുരുഷന്മാര്‍ നില്‍ക്കുന്ന ഭാഗത്ത് തള്ളികയറി നില്‍ക്കുന്ന എല്ലാ സ്ത്രീകളും ദയവായി അവിടുന്ന് മാറി സ്ത്രീകള്‍ക്കുമാത്രായി കയര്‍ കെട്ടി തിരിച്ചിരിക്കുന്ന ഭാഗത്തേക്ക്‌ മാറി നില്‍ക്കുക.. സഹകരിക്കുക പ്ലീസ്..അടുത്ത ഒരു ബെല്ലോടു കൂടി നാടകം ആരംഭിക്കുകയായി... ശ്രിരാമ ചന്ദ്രന്റെ അനുഗ്രഹത്തോടെ ഹനുമാന്‍ ലങ്കയിലേക്ക് കുതിച്ചെത്തുന്നതും . അശോക വനത്തില്‍ വ്രതാനുഷ്ടത്തോടെ പ്രിയതമന്‍ രാമന്റെ വരവിനായി കാത്തിരിക്കുന്ന സീതാ ദേവിയുടെ .മുന്നിലെത്തുന്ന ഹനുമാന്‍ (പൊടിയന്‍ ) സിതാ ദേവിക്ക് അടയാളമോതിരം കാണിക്കുന്നതാണ് രംഗം"

കര്‍ട്ടന്‍ ഉയര്‍ന്നു...അശോക വനത്തിലെ സീതയെ സ്റ്റേജില്‍ കാണാം .പെട്ടെന്ന് സ്റ്റേജിന്‍റെ മണ്ടയില്‍ കയറി നിന്ന ഹനുമാന്‍ സ്റ്റേജിലേക്ക്ലെ ചാടി "ബ്ധും " എന്ന ശബ്ദത്തോടെ സ്റ്റേജിലേക്ക് വീണു ...കാലുളുക്കി ഹനുമാന്‍ പെട്ടെന്ന് സ്റ്റേജിനു പിറകിലേക്ക് പോയി.. ഹനുമാന്‍ സ്റ്റേജില്‍ വീണതു കണ്ടു ഞെട്ടിയ സീത അമ്പരന്നു നിന്ന് ഡയലോഗ് മറന്നു...പശ്ചാത്തല സംഗീതം ഒഴുകിയെതിയെന്കിലും ജനങ്ങളുടെ കൂവല്‍ ബഹളം കാരണം കര്‍ട്ടന്‍ വീണു ...സംഘാടകരെല്ലാം ഹനുമാനെത്തേടി നാലു വഴിക്കും ഇറങ്ങി ..എവിടെയും കണ്ടെത്താനായില്ല .

ഈ സമയം രണ്ടു വര്‍ഷമായി ഘോര പ്രണയത്തിലായ സീതയായി അഭിനയിക്കുന്ന രേഖയും രാവണനായി അഭിനയിക്കുന്ന രണ്ബീരും ഒരു കോള കുടിക്കാനും സൊള്ളാനുമായി ഒരു കടയിലേക്ക് പോയി. ...ജനങ്ങങ്ങളുടെ കൂക്ക് വിളി തുടര്‍ന്നു ..അപ്പോള്‍ പ്രോഗ്രാം ഡയറക്ടര്‍ മൈക്കില്‍ ഇങ്ങനെ പറഞ്ഞു "നമ്മുടെ പൂജ്യ ഹനുമാന്‍ ജി സീതാ ദേവിയെ കണ്ടുപിടിക്കാനായി ലങ്കയിലേക്ക് പോയിരിക്കയാണ്‌" പിന്നെ ദേഷ്യം സഹിക്കവയ്യഞ്ഞു മൈക്ക്‌ ഓണ്‍ ആണെന്നത് ഓര്‍ക്കാതെ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു "ഇതു വരെ മടങ്ങി വന്നില്ല നായിന്റെ മോന്‍ .. കള്ള കഴുവേറിടെ മോന്‍ ഇങ്ങു വരട്ടെ .. വെച്ചിട്ടുണ്ട് ഞാന്‍"

ജനങ്ങള്‍ അത് കേട്ട് കൂവി വിളിച്ചു. ഒടുവില്‍ കുറെ ദൂരെയായി ഒരു മരത്തിന്‍ കീഴില്‍ ഹനുമാനെ കണ്ടെത്തി. കാലിന്റെ വേദന സഹിക്കവയ്യാതെ ഒരു ബീഡി വലിച്ചു ആശ്വസിക്കയാണ് ഹനുമാന്‍.. ദേഷ്യം വന്നു കണ്ണ് തള്ളിപ്പോയ ഡയറക്ടര്‍ ഓടിയെത്തി ഹനുമാന്റെ കിരീടം വലിച്ചൂരി ...ഫിറ്റ്‌ ആയി വെച്ചിരുന്നതിനാല്‍ ആ വലിയില്‍ ഹന്മന്റെ കഴുത്തും ഉളുക്കി ...ഹനുമാന്‍ കരച്ചിലോടു കരച്ചില്‍ ...ഡയറക്ടര്‍ ഇത്രയും കൂട്ടിച്ചേര്‍ത്തു ..."നീ കാശ് വാങ്ങാന്‍ അങ്ങോട്ട്‌ വാ നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട് " ഹനുമാന്റെ കിരീടവും വാലും എല്ലാം ഊരിയെടുത്തു ഡയറക്ടര്‍ തന്നെ ഹനുമാന്‍ ആകാന്‍ തീരുമാനിച്ചു ...

ഒരു കടയുടെ മുന്നില്‍ പഞ്ചാര വര്‍ത്തമാനങ്ങളില്‍ മുഴുകിയിരുന്ന സീതയെ വിളിച്ചോണ്ട് വന്നു വീണ്ടും നാടകം തുടങ്ങുകയായി ...ഹനുമാന്റെ വേഷമിട്ടു ദ്രിതിയില്‍ ഡയറക്ടര്‍ വന്നപ്പോള്‍ വാല് ഫിറ്റ്‌ ചെയ്തത് മുന്നിലായിപ്പോയി .. കര്‍ട്ടന്‍ ഉയര്‍ന്നു ...പുതിയ ഹനുമാനെ കണ്ടു ജനം ആര്‍ത്തട്ടഹസിച്ചു ....മുന്നില്‍ വാലുള്ള ഹനുമാനെ കണ്ടു സീതയും ചിരിച്ചു പോയി ....ഹനുമാന്‍ വാല്‍ ഒരു മൈക്ക്‌ പോലെ കയ്യില്‍ പിടിച്ചിട്ടു പറഞ്ഞു ..."സീതേ ഞാന്‍ രാമന്‍ അയച്ചിട്ട് വന്നതാണ്". ഉടന്‍ സീത ചൂടായി ഇങ്ങനെ അലറി ...."മൈന്‍ഡ് യുവര്‍ വേര്‍ഡ്സ് ...സീതാ മാതെ എന്ന് വിളിക്കടാ കുരങ്ങാ " സീതക്ക്‌ ഡയറക്റ്റ് റോട്‌ പണം കുടിശ്ശികയുള്ളതിന്റെ ചൊരുക്ക് ഉണ്ട് ...

ഹനുമാന്‍ വീണ്ടും പറഞ്ഞു "ശ്രീരാമചന്ദ്രന്റെ ദൂതനാണ്‌ ഞാന്‍ ...ഇതാ അടയാള മോതിരം " . എന്ന് പറഞ്ഞു തന്റെ കൈ വിരലില്‍ ഇട്ടിരുന്ന ഒരു പവന്റെ സോര്‍ണണ മോതിരം ഊരി സീതയുടെ കയ്യില്‍ കൊടുത്തു ...സീത ദേഷ്യം മറന്നു ...പറഞ്ഞു ..."താങ്ക് യു ..ഇനി ബാക്കി കാശു കിട്ടിയിട്ട് മോതിരം തിരിച്ചു തരാം ...നൌ യു കാന്‍ ഗെറ്റ് ലോസ്റ്റ്‌ മുതു കൊരങ്ങാ " ഡയറക്ടര്‍ക്കു ദേഷ്യം പതച്ചു പോങ്ങിയെന്കിലും സ്റ്റേജ് ആയതുകൊണ്ട് ഒന്നും പറയാന്‍ പറ്റിയില്ല ...ഉടനെ സീത കൂട്ടിച്ചേര്‍ത്തു..."ലുക്ക്‌ ഡാര്‍ട്ടി കൊരങ്ങന്‍ ...നിന്റെ രാമനോട് ചെന്ന് പറ എന്നെ ഇനി അന്വേഷിക്കണ്ട എന്ന് ...ഇവിടെ രാവനെട്ടന് എന്നെ വലിയ ഇഷ്ടംമാണ് ...മണ്ടോതരിയെ ഡിവോര്സ് ചെയ്ത് എന്നെ മാരരി ചെയ്തോളാമെന്നു രാവനെട്ടന്‍ സമ്മതിച്ചിട്ടുണ്ട് "...ജനങ്ങള്‍ ഇതൊക്കെ കേട്ട് രസം പിടിച്ചു കൂവി വിളിച്ചു കൊണ്ടിരുന്നു ...

സീത തുടര്‍ന്നു..."ലുക്ക്‌ ഹനുമാന്‍ ലാസ്റ്റ് 14 years തന്റെ രാമന്റെ കൂടെ ആ കാട്ടില്‍...ഹോ സൊ ഹോറിബിള്‍ ...നോ AC നോ ഫാന്‍ . ഇവിടെ വന്നപ്പോഴാണ് സത്യത്തില്‍ സ്വര്‍ഗം എന്താണെന്നു ഞാന്‍ കണ്ടത് ...ഈ അശോക വനം മുഴുവന്‍ രാവണേട്ടന്‍ AC ആക്കിയിരിക്കുകയാ ...കൂള്‍ ഡ്രിങ്ക്സ് ഏതു വേണം എന്ന് പറയേണ്ട താമസം ...ഉടന്‍ എത്തുകയായി. രാവണേട്ടനോ ആള് ബഹു സരസന്‍. യു നോ ഹി ഈസ്‌ ഹോള്‍ഡിംഗ് ഡോക്ടറെറ്റ് ഇന്‍ മാത്ത്‌സ്. മോര്‍ ഓവര്‍ ഹി ഈസ്‌ നമ്പര്‍ വണ്‍ മാത്തെമാറ്റീഷന്‍ ഇന്‍ ദി വേള്‍ഡ്. ...താന്‍ തന്റെ രാമനോട് പറ ...നാട്ടിലേക്ക് തിരിച്ചു പോകാന്‍ ...എന്നിട്ട് വേറെ പെണ്ണ് കെട്ടി കൂടിക്കോളാന്‍ ...ഐ hate ഹിം..."

കഥ യിലില്ലാത്ത പുത്തന്‍ ഡായലോഗുങള്‍ കേട്ട് ജനം ഒന്നടങ്കം ആര്‍ത്തട്ടഹസിച്ചു ചിരിച്ചു ...നാണം കൊണ്ട് തൊലിയുരിഞ്ഞ ഡയറക്ടര്‍ കര്‍ട്ടന്‍ ഇടാന്‍ ആംഗ്യം കാണിച്ചു ..കര്‍ട്ടന്‍ വീണു ...ജനങ്ങള്‍ ആരവം മുഴക്കികൊണ്ട് സ്റ്റേജിലേക്ക് കുതിച്ചു. ...ചെരിപ്പുകളും കുപ്പിച്ചില്ലുകളും വന്നു വീഴാന്‍ തുടങ്ങി ....ജനം നാലു പാടും ചിതറി ഓടി ...

രാവണനായ രണ്ബീര്‍ സ്റ്റാര്‍ട്ട്‌ ആക്കി നിര്‍ത്തിയ ബൈക്കില്‍ ഓടിക്കയറി സീത പറന്നു ...അപ്പോള്‍ ഒരുവന്‍ വിളിച്ചു പറഞ്ഞു ..."ദെ പെണ്ണും ചാരി നിന്നവന്‍ മണ്ണും കൊണ്ട് പോണേ ..." അപ്പോള്‍ ഒരു അപ്പുപ്പന്‍ തിരുത്തി ...അങ്ങനെയല്ലെട മോനെ "മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോണേന്നു പറ. കലി കാലം അല്ലാണ്ടെന്താ പറയുക". ഫലത്തില്‍ അത് തന്നെയല്ലേ നടന്നത് ...ജനങ്ങള്‍ സ്റ്റേജ് അടിച്ചു നിരപ്പാക്കി ....ഡയറക്ടര്‍ഉം മറ്റു .സംഘാടകരും ഓടാനാകാതെ ചെരുപ്പുകളുടെയും ചീഞ്ഞ മുട്ടകളുടെയും പ്രവാഹത്തില്‍ പെട്ട് കുഴഞ്ഞു ...

അപ്പോള്‍ മൈക്കില്‍ ഒരു വിരുതന്‍ ഇങ്ങനെ പറഞ്ഞു "രാമന്‍ വന്നില്ലെന്കിലെന്തേ ...രാവണനായ സുന്ദരനായ ഒരു ചെറുപ്പക്കാരനെ സീതക്ക്‌ കിട്ടിയില്ലേ .പിന്നെ മറ്റൊരു കാര്യം ചെരിപ്പുകള്‍ ജോഡി ഒപ്പിച്ച് എറിഞ്ഞ എല്ലാ നാട്ടുകാര്‍ക്കും നന്ദി...നിങ്ങളുടെ ഏറു കൊണ്ട് നമ്മുടെ ഡയറക്ടര്‍ സാറിന്റെ ഒരു കണ്ണ് ഫ്യൂസ് ആയിരിക്കയാണ്... ദയവു ചെയ്തു മറ്റേ കണ്ണ് അടിച്ചു ഫ്യൂസ് ആക്കരുത്...ഞങ്ങളുടെ കിട്ടാനുള്ള പൈസ വാങ്ങിക്കോട്ടെ പ്ലീസ് ...... ജയ് ഹിന്ദ്‌... ശ്രീരാമചന്ദ്ര കീ ജയ്‌ "