Thursday, April 1, 2010

പാര വെച്ചവന് തന്നെ പാര

ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ പതിവുപോലെ എല്ലാ പ്ലട്ഫോര്‍മിലും നല്ല തിരക്ക്. " ചായ് ചായെ" വിളിച്ചു കൊണ്ട് കയ്യില്‍ ചായപ്പാത്രവും തൂക്കി ഓടുന്ന കുട്ടികള്‍ ഒരു വശത്ത്...വണ്ടിയില്‍ കയറുന്നവരുടയും പ്ലാറ്റ് ഫോമില്‍ കാത്തിരിക്കുന്നവരുടെയും തിരക്ക് ഒരു വശത്ത്.

സര്‍ദാര്‍കുക്കി സിംഗ് ഓടി കിതച്ചാണ് ട്രെയിന്‍ വിടാന്‍ നേരം ന്യൂ ഡല്‍ഹി സ്റ്റേഷന്‍ പ്ലാറ്റ് ഫോം നമ്പര്‍ രണ്ടില്‍ എത്തിയത്. മുംബായ്ക്കുള്ള പഞ്ചാബ്‌ മെയില്‍ പുറപ്പെടാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. സാദാരണ ടിക്കറ്റ്‌ ആണ്. അത് കൊണ്ട് ഓടിപ്പിടിച്ച് ജനറല്‍ കമ്പാര്‍ട്ട്മെന്റ് കണ്ടു പിടിച്ചു ഒരുവിധം കയറിപ്പറ്റി. അത്യാവശ്യമായിട്ട് ബോംബയില്‍ എത്തേണ്ടതാ. അത് കൊണ്ട് റിസര്‍വേഷന്‍ കിട്ടിയില്ല. ബിസിനെസ്സ് കാര്യമായത് കൊണ്ട് ചെന്നെ പറ്റു. പക്ഷെ നില്‍ക്കാനും ഇരിക്കാനും വയ്യാത്ത വിധം ആള്‍കാര്‍ നിറഞ്ഞു കഴിഞ്ഞു ആ കമ്പാര്‍ട്ടുമെന്റില്‍. രണ്ടു ദിവസത്തെ ഉറക്ക ക്ഷീണം കണ്ണുകളില്‍. എവിടെയെങ്കിലും ഒന്ന് ഇരുന്നെ പറ്റു. പക്ഷെ ഇരിക്കാന്‍ പോയിട്ട് ആള്‍ക്കാര്‍ തിങ്ങിയാണ് നില്‍ക്കുന്നത്..കയ്യില്‍ തൂക്കിയ ബ്രീഫ് കേസും കൊണ്ട് അനങ്ങാന്‍ വയ്യാത്തത് പോലെ കുക്കിസിംഗ് നിന്ന്..ഇടയ്ക്കിടയ്ക്ക് കണ്‍പോളകള്‍ അടഞ്ഞു പോകുന്നു. ആലോചിച്ചപ്പോള്‍ ഒരു ബുദ്ധി തോന്നി. ഒരു സൈഡ് സീറ്റിനടുത്താണ് അയാള്‍ നിന്നിരുന്നത്.

കുക്കി സിംഗ് വളരെ ബുദ്ധി മുട്ടി താഴോട്ടു കുനിഞ്ഞു സീറ്റിനടിയില്‍ പെട്ടി വെയ്ക്കാനെന്ന വ്യാജേന. പെട്ടെന്ന് എന്തോ കണ്ടു പേടിച്ചപ്പോലെ കുക്കി സിംഗ് കൂവി വിളിക്കാന്‍ തുടങ്ങി. "പാമ്പ് പാമ്പ് സീറ്റിനടിയില്‍ പാമ്പ് " കുക്കി സിംഗ് അലറിക്കൊണ്ടിരുന്നു. ആള്‍ക്കാര്‍ പലവഴിക്കും ഇറങ്ങി ഓടി.. നിമിഷങ്ങള്‍ക്കകം കമ്പാര്‍ട്ട് മെന്റ് കാലി. പുറത്തു ആളുകള്‍ ഓടുന്നതിന്റെയും മറ്റും ബഹളം. കുക്കി സിംഗ് ആശ്വാസത്തോടെ ഒന്ന് ചിരിച്ചു. എന്നിട്ട് ഒരു അപ്പര്‍ സീറ്റില്‍ കയറി പെട്ടി വെച്ച് സുഖമായി നീണ്ടു നിവര്‍ന്നു കിടന്നു. ക്രമേണ ഉറക്കം കണ്പോളകളെ തഴുകി. നല്ല ഉറക്കത്തിലാണ്ടു.

അഞ്ചാറു മണിക്കൂര്‍ കഴിഞ്ഞു കാണണം വണ്ടി വണ്ടി ഒരു കുലുക്കത്തോടെ നിന്നപോലെ തോന്നി കുക്കി സിംഗ് ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്നു. കമ്പാര്‍ട്ട് മെന്റില്‍ ആരെയും കാണുന്നില്ല. "ഹോ ഇത്ര പെട്ടെന്ന് ബോംബെ എത്തി...എല്ലാവരും ഇറങ്ങിയിരിക്കുന്നു. " . കുക്കി സിംഗ് വേഗം അപ്പര്‍ സീറ്റില്‍ നിന്നും ഇറങ്ങി. പെട്ടിയെടുത്തു... അപ്പോള്‍ ജനലിനടുതൂടെ "ചായ് ചായെ " വിളിച്ചു പലരും അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്. ജനലിനടുത്തുള്ള സീറ്റില്‍ ഇരുന്നു കുക്കി സിംഗ് ഒരു ചായക്കാരനെ വിളിച്ചു ഒരു ചായ വാങ്ങി. പുറത്തേക്കു നോക്കുമ്പോള്‍ ബോംബെ സ്റ്റേന്റെ ഒരു ലക്ഷണവും ഇല്ല. "ഹോ ഇടക്കുള്ള വല്ല സ്റ്റേഷനും ആകും" സര്‍ദാര്‍ ആത്മഗതം ചെയ്തു. ചുടു ചായ ഊതിക്കുടിച്ചു കൊണ്ട് ചായക്കാരന് പൈസ കൊടുക്കാന്‍ നേരം കുക്കി സിംഗ് ചോദിച്ചു. "ഇതേതാ സ്റ്റേഷന്‍ "

ഉടനെ മറുപടി വന്നു " സാബ് ഇത് ന്യൂ ഡല്‍ഹി സ്റ്റേഷന്‍ ആണ് ". കുക്കി സിംഗ് ഞെട്ടി. " നോ " അയാള്‍ അലറി. ഇത് ബോംബെ ആണ്. കുക്കി സിംഗിന് വിശ്വാസം വന്നില്ല. പ്ലാറ്റ് ഫോം നോക്കിയപ്പോള്‍ പ്ലാന്റ് ഫോം നമ്പര്‍ 9 ഇല്‍ ആണ് താന്‍ നില്‍ക്കുന്നത്. ഇതെന്തു മറിമായം. താന്‍ കയറിയത് പ്ലാറ്റ് ഫോം നമ്പര്‍ രണ്ടില്‍ നിന്ന്. കുക്കി സിംഗ് ഉടനെ വണ്ടിക്കു പുറത്തിറങ്ങി. ഞെട്ടിപ്പോയി താന്‍ ഇരുന്ന ഒരു കമ്പാര്‍ട്ട്മെന്റ് മാത്രം.


സംഭവിച്ചത് ഇതാണ്. വണ്ടി പുറപ്പെടാന്‍ നേരത്താണ് സര്‍ദാര്‍ "പാമ്പ് പാമ്പ് എന്ന് മുറവിളി കൂട്ടിയത്. റെയില്‍വേ അതികൃതര്‍ ഓടി വന്നു പഞ്ചാബ് മെയില്‍ ട്രെയിനിന്റെ അവസാനമുള്ള ജനറല്‍ കമ്പാര്‍ട്ട് മെന്റ് അവിടെ മുറിച്ചിട്ടു. ബാക്കിയുള്ള കമ്പാര്‍ട്ട് മെന്റുമായി ട്രെയിന്‍ ഉടന്‍ ബോംബയ്ക്ക് വിട്ടു. സീറ്റില്‍ കയറി ഉറക്കമായ കുക്കി സിംഗ് ഇതൊന്നുമറിഞ്ഞില്ല. മറ്റൊരു എഞ്ചിന്‍ വഴി ആ കമ്പാര്‍ട്ട് മെന്റിനെ വലിച്ചു കൊണ്ട് വന്നു ഒഴിഞ്ഞ പ്ലാറ്റ് ഫോം ആയ പ്ലാറ്റ് ഫോം 9 ഇല്‍ കൊണ്ടിട്ടു. സംഭവം എല്ലാം കേട്ട് കഴിഞ്ഞു കുക്കി സിംഗ് സ്വയം തലക്കടിച്ചു. താന്‍ ചെയ്ത പാര തനിക്കു തന്നെ പാര ആയി. അയാള്‍ എന്ത് ചെയ്യേണ്ടു എന്നറിയാതെ വെറും നിലത്തു കുത്തിയിരുന്നു.