Sunday, May 26, 2013

പൊടിയനും അറുപത്തഞ്ചു കോഴികളും.

പൊടിയന്‍ തിരുവനന്തപുരം സ്വദേശിയാണ്...... എന്റെ കമ്പനിയിലെ അന്തേവാസി

തികച്ചും ശുദ്ധനായ ഈ പൊടിയന്‍ ചാടുന്നവയെല്ലാം അബദ്ധങ്ങളിലായിരിക്കും.....

ഫലിതങ്ങള്‍, സര്‍ദാര്‍ ജോക്ക്സ് എന്നൊക്കെ പറയും പോലെ പൊടിയന്‍ കഥകള്‍ ഞങ്ങളുടെ കമ്പനിയിലെ സ്ഥിരം വിഷയം ആയി മാറി.....

ഇത്രയും ശുദ്ധനായ ആളെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടും ഇല്ല.....

ആര്‍ക്കും എന്തും പറഞ്ഞു പറ്റിക്കാം....

പൊടിയന്‍ ചാടാത്ത അബദ്ധങ്ങളും കുറവു......

പൊടിയന്‍ കഥകളുടെ ത്രിശൂര്‍ പൂരത്തിനു ഞാന്‍ ഇവിടെ തിരികൊളുത്തട്ടെ!!!!!

നമ്മുടെ പൊടിയന്‍ തനി നാട്ടുമ്പുറത്തുകാരനാണു..... നാട്ടുമ്പുറം എന്നതിനുപരി കാടിനു തൊട്ടടുത്തുള്ള ഒരു തുറസ്സായ പ്രദേശം എന്നു വിശേഷിപ്പിക്കുന്നതാവും കൂടുതല്‍ ഭംഗി......

വിദ്യാഭ്യാസം നേടണമെന്ന് പൊടിയന് ആഗ്രഹമുണ്ടായിരുന്നു......

പക്ഷെ അച്ഛന്‍ പറഞ്ഞു പോലും “ഞാനെത്ര പഠിച്ചിട്ടാ കള്ളു ചെത്താന്‍ നടക്കുന്നത്” എന്ന്...

അതിനാല്‍ പൊടിയന്‍ എന്റെ കമ്പനിയില്‍ ഗ്രഹപ്രവേശനം നടത്തിയത് ലേബര്‍ ആയിട്ടാണ്....

കമ്പനി വാഗ്ദാനം ചെയ്ത ഫുഡും അക്കോമഡേഷനും ആവോളം ആസ്വദിച്ച് കഴിയവെ, പൊടിയന് രണ്ട് ആഗ്രഹങ്ങള്‍ ഉണ്ടായി.....

ഒന്ന് റിയാദ് പട്ടണത്തിനു നടുവില്‍ ഒന്നു പോകണം.....

രണ്ട് മുടുപ്പേറിയ കമ്പനി ഫുഡിന് ഒരു നേരമെങ്കിലും അവധി കൊടുക്കണം....

പൊടിയന്‍ തന്റെ ആഗ്രഹം ചങ്ങാതിമാരോട് പറഞ്ഞു......

അടുത്തു വരുന്ന വെള്ളിയാഴച്ച പൊടിയന്റെ ആഗ്രഹം സാധിച്ചു കൊടുക്കാമെന്ന് ചങ്ങാതിമാര്‍ ഉറപ്പു കൊടുത്തതിനു ശേഷമാണ് പൊടിയന്‍ അന്നുറങ്ങിയത്....

വെള്ളിയാഴച്ച റിയാദ് നഗരം കറങ്ങി പൊടിയനും ചങ്ങാതിമാരും ഒരു മലയാളി ഹോട്ടലില്‍ എത്തി......

പൊടിയന്‍ ആദ്യമായി ഒരു ഹോട്ടലിനുള്ളില്‍ കയറുകയായിരുന്നു......

വെയിറ്റര്‍ വന്നു ഭക്ഷണ സാധനങ്ങളുടെ പേരു പറയുന്നത് അത്ഭുതത്തോടെയാണ് പൊടിയന്‍ ശ്രദ്ധിച്ചത്.....

വെയിറ്റര്‍ പറഞ്ഞ ഭക്ഷണ സാധനങ്ങള്‍ക്കിടയില്‍ ഒരു പേരു പൊടിയനെ വല്ലാതെ ആകര്‍ഷിച്ചു....

“ചിക്കന്‍ 65”.....

ചങ്ങാതിമരോടു അതെന്താണെന്നു ചോദിക്കാന്‍ പൊടിയനു ആഗ്രഹം ഉണ്ട് ......

പക്ഷെ ആഗ്രഹം അവിടെ അടക്കി, കാരണം വേറെ ആരെങ്കിലും കേട്ടാലോ???

മനസ്സിലെ വിങ്ങലടക്കി പൊടിയന്‍ ഭക്ഷണം കഴിച്ചു പുറത്തിറങ്ങി....

തിരിച്ചുള്ള യാത്രയില്‍ പൊടിയന്‍ തന്റെ സംശയം ചങ്ങാതിമാര്‍ക്കു മുന്‍പില്‍ അവതരിപ്പിച്ചു....

“എടെ എന്തിരടെ അപ്പീ ഈ ചിക്കന്‍ 65 ഉകളും മറ്റും????”

പൊടിയനെ ശരിക്കറിയാവുന്ന ചങ്ങാതിമാര്‍ പരസ്പരം നോക്കി.....

പൊടിയനെ പറ്റിക്കാന്‍/ ഒരു താമാശ സീനുണ്ടാക്കാന്‍ പറ്റിയ അവസരം!!!!!

കൂട്ടത്തില്‍ വിരുതനായ പരശു പറഞ്ഞു.....

“പൊടിയാ ചിക്കന്‍ 65 എന്നു വച്ചാല്‍ കോഴി പൊരിക്കുന്നതാണു ...... അതിനു സാധാരണ ചികന്‍ പൊരിക്കുന്നതു കഴിക്കുന്നതിനേക്കള്‍ രുചികരം ആണു..... അതില്‍ 65 കഷണങ്ങള്‍ കാണും, വില 65 റിയാല്‍ !!!!!“

പൊടിയന്റെ വായില്‍ ടൈറ്റാനിക്കു ഓടിക്കാന്‍ കഴിയുന്ന രീതിയില്‍ വെള്ളം നിറഞ്ഞു.....

എന്നാല്‍ പിന്നേ അതു ഇപ്പോള്‍തന്നെ കഴിച്ചു കളയാം എന്ന ആഗ്രഹവും ആയി!!!!

പോടിയന്‍ കൊതിയോടെ പറഞ്ഞു....

“എഡേ പയലുകളെ.....തിരിയെ പ്പയി അതു വാങ്ങി കഴിച്ചിട്ടു വന്നാലൊ??? എന്തിരു പറയുന്നു ?? !!!”

പൊടിയനെ ഒന്നു അടക്കാന്‍ ചങ്ങാതിമാര്‍ വിഷമിച്ചു!!!!

“പൊടിയാ നിന്റെ കയ്യില്‍ അത്രയും റിയാല്‍ എടുക്കാനുണ്ടോ???” ചങ്ങാതിമാര്‍ക്കു സംശയം!!!

“അതിനെന്തിരു തൊന്തിരവു അപ്പീ..... നമ്മള്‍ ആറേഴുപേരില്ലേ!!! എല്ലാരും കൂടിയങ്ങു ഷേയറുകളിടണം..... ഏതു!!!!”

ചങ്ങാതിമാര്‍ സമ്മതിച്ചു....

“ഏതായാലും അടുത്ത ആഴ്ച്ച ആകട്ടെ ഇനിയിപ്പോള്‍ ഭക്ഷണം കഴിച്ചതിനു പിന്നാലെ വീണ്ടും ഹോട്ടലിലേക്കു ചെന്നാല്‍ അവര്‍ കളിയാക്കുകയില്ലെ പൊടിയാ... അതിനാല്‍ നമ്മുക്കു അടുത്ത വെള്ളിയാഴ്ച്ച പോകാം” പരശു പറഞ്ഞു....

അടുത്ത ആഴ്ച്ച കാത്തിരികുകയായിരുന്നു പൊടിയന്‍, ഇതിനിടയില്‍ വര്‍ക്ക് സൈറ്റില്‍ വച്ചു പരശുവിനെ ചിക്കന്‍ 65 ന്റെ കാര്യം ഓര്‍മ്മിപ്പിക്കാറും ഉണ്ടായിരുന്നു!!!

കാത്തു കാത്തിരുന്നു പൊടിയെന്‍ വെള്ളിയാഴ്ച്ചയെ അങ്ങോട്ടു ചെന്നു കൊണ്ടു വന്നു എന്നു പറയുന്നതായിരിക്കും ശരി.....

രാവിലെ തന്നെ പരശുവിനെ സമീപിച്ചു.....

“എഡേയ് പരശൂ.... നമ്മുക്കിന്നു ചിക്കന്‍ 65 കളും മറ്റും വാങ്ങിക്കെണ്ടഡേയ്!!!!‘

പരശു പറഞ്ഞു .... “നീ നിന്റെ ഷേയര്‍ തരൂ പൊടിയാ.... നമ്മുക്കു വാങ്ങിക്കാം“...

പൊടിയം 50 റിയാല്‍ കൊടുത്തു എന്നിട്ടു പറഞ്ഞു.....

“ എഡയ് ഞാന്‍ 50 രൂപകളു തന്നു എനിക്കു ക്വാഴിയുടെ 10 കഷണങ്ങളു വേണം... നിങ്ങളു ഷേയറുകള്‍ ഇടുകയോ ഇടാതിരിക്കുകയോ എന്തിരെങ്കിലും ആയിക്കോ.... എനിക്കു 10 കഷണങ്ങളു മതി, ബാക്കി നിങ്ങള്‍ എടുത്തോ..... വാങ്ങി കൊണ്ടു വന്നിട്ടു പിന്നെ അതുമിതും പറയരുതു”

പരശു നേരെ ഹോട്ടലില്‍ പോയി 7 റിയാല്‍ കൊടുത്തു ഒരു ചിക്കന്‍ 65 വാങ്ങി അതില്‍ 10 ചെറിയ പീസുകള്‍ ഉണ്ടെന്നു ഉറപ്പു വരുത്തി..... പൊടിയനു കൊടുത്തു.....

പൊടിയന്‍ പീസുകള്‍ എണ്ണി തിട്ടപ്പെടുത്തി സന്തോഷവാനായി......

അപ്പോള്‍ നിങ്ങള്‍ക്കു വേണ്ടെഡേയ്???? പൊടിയനു സംശയം!!!!

പരശു പറഞ്ഞു...പൊടിയാ അവിടെ ആകെ 12 പീസെ ഉണ്ടായിരുന്നുള്ളു.... ഞാന്‍ അതില്‍ 10 എണം വാങ്ങി..... 65 ഇല്‍ ബാക്കി 55 പീസു അവരു കടം പറഞ്ഞു..... അതു ഞാന്‍ പിന്നെ പോയി വാങ്ങിക്കോളാം!!!!

പൊടിയന്‍ ഹാപ്പി....

പരശുവിനു വെള്ളിയഴ്ച്ച വെറുതെ കിട്ടിയ 43 റിയാലോര്‍ത്തു പെരുത്ത സന്തോഷം!!

പിന്നീടു പൊടിയന്‍ വര്‍ഷങ്ങളോളം പര‍ശുവിനോടൂ ചോദിക്കുമായിരുന്നു പോലും....

“ എഡേയ് അപ്പീ അവരു കടം പറഞ്ഞ ക്വഴി കഷണങ്ങളൊക്കെ തന്നോടെയ്“ എന്നു!!!!!

Thursday, April 22, 2010

"ഫോണില്‍ പറ്റിയ അമളി"

എന്റെ കുട്ടുകാരന്‍ പൊടിയന്‍ ജബ്ബാര്‍ മുഹമ്മദ്‌ (അവനു ഞാന്‍ ഇവിടെ ജബ്ബാര്‍ എന്ന് പേരിടട്ടെ). പതിവുപോലെ അന്നും അവന്‍ ഫോണ്‍ ചെയ്യുകയായിരുന്നു അവന്റെ വിട്ടിലേക്ക്. അന്നൊരു വെള്ളിയാഴ്ച ആയിരുന്നു, കുടുതല്‍ നെരേം ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് കുറഞ്ഞ ചിലവില്‍ വിളിക്കാം. . അത് ഉപയോഗിക്കണം. മുസ്ലിം സമുദായക്കരനായ ജബ്ബാര്‍ കുറെ നേരം വൈഫ്‌ ( അവള്‍ക്ക് ഞാന്‍ ഇവിടെ സക്കീന എന്നു പേര് വിളിക്കട്ടെ) മായി സംസാരിച്ചു...."ബാപ്പ എവിടെപ്പോയി.....കുഞ്ഞാളൂനു (പെങ്ങള്‍) സുഖല്ലേ....." സാധാരണ അന്വേഷണങ്ങള്‍എല്ലാത്തിനും അവള്‍ ഒറ്റവാക്കില്‍ ഉത്തരം കൊടുക്കുന്നുണ്ട്...

"കുട്ടികള്‍ ഷാഫിക്കും രംലത്തും എവടെ.. ഓലുക്കു ഇന്ന് ഇസ്കൂള്‍ ഉണ്ടോ...." അവന്‍ തിരക്കി...

"ഓല് രണ്ടാളും ഇസ്കൂളില് പോയി..." മറുപടി വന്നു.

കുറെ ഏറെ സംസാരിച്ചപ്പോഴും അവന്റെ മനസ്സില്‍ ഒരു പൂതി നിറയുന്നുണ്ടായിരുന്നു...ഫോണിലൂടെ തന്റെ എല്ലാമെല്ലാമായ സക്കീനക്ക് ഒരു ഉമ്മ കൊടുക്കാം....അവന്റെ ഹൃദയം വികാരഭരിതമായി....

അവിടെ ആരൂം പരിസരത്ത് ഇല്ല എന്ന വിശ്വാസത്തില്‍ അവന്‍ വളരെ പതുക്കെ പറഞ്ഞു..."ഉമ്മ"

അതു കേട്ടതേ സക്കീന വിചാരിച്ചു... ഉമ്മായെ (അമ്മ)വിളിക്കുകയാണെന്ന് ...അവള്‍ ഫോണ്‍ ഉമ്മാക്ക് ഉടന്‍ കൈമാറി... സാധാരണ പതിവ് അതാണല്ലോ...

ഇതൊന്നും അറിയാതെ വീണ്ടും "ഉമ്മ" എന്നു പറയാന്‍ തുടങ്ങുമ്പോഴാണ്..."മോനെ" എന്നുള്ള ഉമ്മയുടെ വിളി...അവന്‍ ഞെട്ടി...അവന്‍ ഉമ്മ എന്നത് വക്രിച്ചു....ഉമ്മീ എന്നായിപ്പോയി...അവന്റെ സ്വരം വിറച്ചിരുന്നു... അവന്‍ വല്ലാതായി... ഒപ്പം മനസ്സില്‍ പറയുകയും ചെയ്തു..."ഈ ബലാല് എവടെപ്പോയി ഉമ്മാക്ക് ഫോണും കൊടുത്തു" അപ്പോള്‍ ....ഉമ്മയുടെ സ്വരം കേട്ടു " എന്താ മോനെ സുഖൊല്ലെ...നെന്റെ ഒച്ച്ചക്കെന്താ ഒരു മാറ്റം... സോക്കേട്‌ വല്ലതും ആയോ.

"അവന്‍ മുരടനക്കി...പറഞ്ഞു..."ഒന്നുല്ല ഉമ്മാ ചന്കിലെന്തോ...ഒരു കരകരപ്പ്... അതാ...സാരല്ല.." ഉടനെ ഉമ്മയുടെ മറുപടി "മോനെ സൂച്ചിക്കണേ ...കൊടുത്തയച്ച ...കാച്യെ എണ്ണ തേച്ചു കുളിച്ചാ മതി ട്ടോ..." ഉമ്മയുടെ സ്നേഹമസൃണമായ സ്വരം. ... .

ഉമ്മയുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയുമ്പോഴും അവന്‍ ചിന്തിച്ചത് ...അവള്‍ എവിടെന്നാണ് ...എങ്ങനെ ഉമ്മയോട് ചോദിക്കും..."ഇപ്പോഴല്ലെടാ ഇജ്ജ്‌ ഓളോട് കൊറേ നേരം വര്‍ത്താനം പറഞ്ഞത് " എന്നു ഉമ്മാ ചോദിച്ചാലോ... അവന്‍ സംശയിച്ചു സംശയിച്ച്‌ ചോദിച്ചു "ഉമ്മ സക്കീന എവടെ......പോയോ...

"ഉമ്മാ പറഞ്ഞു..."ഓള് അടുക്കളേലാ മോനെ...കൊറച്ചു...പച്ച മത്തി കിട്ടി അതു വറക്കണ തെരക്കിലാ...ഞാന്‍ ഇങ്ങട്ട് പറഞ്ഞയക്കാം..." ഉമ്മാ ഫോണ്‍ ഹോള്‍ഡ്‌ ചെയ്തു പോയപ്പോള്‍ ..വീണ്ടും അവന്റെ മനസ്സ് പെരുമ്പറ കൊട്ടി...പെട്ടെന്ന് ആരോ നടന്നടുക്കുന്ന ശബ്ദം കേട്ടു..ഫോണ്‍ എടുക്കുന്നതും.... അവന്‍ വിചാരിച്ചു അവള്‍ ആണെന്ന് ...ഇനി പിടിച്ചു നില്‍ക്കാനാവില്ല ....ഹലോ എന്ന പതിഞ്ഞ സ്വരം കേട്ടതും .....അവന്‍ പറഞ്ഞു..."ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ "അപ്പുറത്ത് ഒരു നിശബ്ദതക്കു ശേഷം അതു തന്നെ തിരിച്ചും കിട്ടി..."ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ

""ഹള്ളാ" അവന്‍ തുള്ളിച്ചാടിപ്പോയി....അപ്പോള്‍ അപ്പുറത്ത് നിന്ന് വീണ്ടും ശബ്ദം...."സക്കീനാക്ക് കൊടുക്കാനുള്ളത് ഞമ്മക്ക്‌ തന്നു അല്ലെ...." എന്നിട്ട് ഒരു കുസ്രിതി ചിരി....അവന്‍ പേടിയോടെ ചോദിച്ചു..".നീ ആരാ..." അവള്‍ മൊഴിഞ്ഞു...."ഞാന്‍ അയലോത്തെ റുക്കീയ ആണ് ജബ്ബാറിക്കാ.." അതോടെ അവന്റെ സപ്ത നാഡികളും തളര്‍ന്നു...."പടച്ചോനെ ആ കോനകണ്ണള്ള കൊന്ത്രം പല്ലുള്ള ആ ഇബിലീസ് പെണ്ണ്..." അവന്‍ സ്വയം തലക്കടിച്ചു...അപ്പോഴേക്ക് ഒന്നും അറിയാത്തപോലെ അവള്‍ സക്കീനയെ വിളിച്ചോണ്ട് വന്നു..."

എന്താ ഇക്കാ ഇനീം വല്ലതും പായാന്‍ വിട്ടു പോയോ....ഞാന്‍ അവടെ അടുക്കളേല് കൊറച്ചു മീന്‍ പോരിക്കണ തിരക്കിലാ.... എന്തേയ്..." അവള്‍ ചോദിച്ചപ്പോള്‍ ഒന്നും പറയാനാവാതെ അവന്‍ നിന്നു.

എന്നിട്ട് ഇത്രമാത്രം പറഞ്ഞു...."നെന്റെ ശബ്ദം ഒന്നുടെ കേക്കണം എന്നു തോന്നി...അതാ ""

ഈ ഇക്കാന്റെ ഒരു കാര്യം..." അവള്‍ ചിരിച്ചു..."

എന്നാ നീ ഫോണ്‍ വെച്ചോ.." അവന്‍ പറഞ്ഞതും അവള്‍ ഫോണ്‍ കട്ടാക്കി പോയി...

പടച്ചോനെ ഇന്ന് ആരെയാണ് കണി കണ്ടത് എന്നോര്‍ത്ത് അവന്‍ മിഴിച്ചു നിന്നു...

Friday, April 9, 2010

പൊറ്റ രാധയുടെ പൊങ്ങച്ചങ്ങള്‍

ഇത് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കഥയാണ്‌.

ഞങ്ങള്‍ കോളേജില്‍ പഠിക്കുന്ന കാലഖട്ടം. വൈകുന്നേരം ഞങ്ങള്‍ കൂട്ടുകാരെല്ലാം കൂടി നടക്കാന്‍ പോകാറുണ്ട്...എപ്പോഴും ഏഴോ എട്ടോ പേരുണ്ടാകും എന്റെ കൂടെ. കോഴിക്കോട്ടുകാരനായ ബഷീര്‍, തിരുവനന്തപുരംകാരനായ ചന്ദ്രന്‍, കണ്ണൂരുകാരനായ വിനയന്‍, പിന്നെ തൃശൂര്‍ കാരായ ഞാന്‍, മനോജ്‌, ഭാസ്കരന്‍, ദിവാകരന്‍ പിന്നെ നമ്മുടെ ഈ കഥയിലെ നായകനായ പൊടിയന്‍ രാധാകൃഷണന്‍. പൊടിയന്‍ രാധാകൃഷ്ണനെ ഞങ്ങള്‍ പൊറ്റ രാധ എന്നാണു വിളിച്ചിരുന്നത്. അവന്‍ നല്ലൊരു ഫുട്ബോള്‍ കളിക്കാരനാണ്. അവനെ കളിയാക്കാന്‍ ഞങ്ങള്‍ കരീക്കാ (പണ്ടത്തെ ബ്രസീലിയന്‍ കളിക്കാരന്‍) എന്നും വിളിക്കാറുണ്ട്...അതൊന്നും അവനു പ്രശ്നമല്ല...

എപ്പോഴും എന്തെങ്കിലും പൊങ്ങച്ചം പറയുക അവന്റെ ഒരു രീതിയാണ്. ഞങ്ങളുടെ കൂട്ടത്തില്‍ ആരെങ്കിലും ഒന്ന് പറഞ്ഞാല്‍ മതി..."ഞാന്‍ ഇന്നലെ രണ്ടു പെഗ് അടിച്ചു വളരെ ഫിറ്റ്‌ ആയി. അതിന്റെ ഹാങ്ങോവര്‍ ഇതുവരെ വിട്ടില്ല" ഉടനെ അവന്റെ കമന്റ്‌ വരും..."എന്തൂട്ടാ താന്‍ ഈ പറയണത്. രണ്ടു പെഗ് അടിച്ചു ഫിറ്റ്‌ ആയീന്നോ...ശവീ ഞാന്‍ ഇന്നലെ ആറു പെഗ് അടിച്ചിട്ടും ഒന്നും ആയില്യ. എനിക്ക് ഫിറ്റ്‌ ആവണെങ്കില് ഒരു പത്തു പതിനഞ്ചു പെഗെങ്കിലും അടിക്കണം" എന്നിട്ട് ഏതോ വലിയ കാര്യം പറഞ്ഞപോലെ ഞ്ഞെളിഞ്ഞൊരു നിപ്പുണ്ട്.. അപ്പോള്‍ ഞങ്ങളെല്ലാം തമ്മില്‍ കണ്ണിറുക്കും.

ഞങ്ങള്‍ എന്നും റൂട്ട് മാറ്റിയായിരിക്കും നടക്കാന്‍ പോണത്. ചിലപ്പോള്‍ മനോജ്‌ പറയും അവന്റെ കാമുകിയുടെ വീടിനടുത്തൂടെ പോകാം എന്ന്. അപ്പോള്‍ റൂട്ട് അതുവഴി ആക്കും ....ഒരു ദിവസം അവിചാരിതമായി ചന്ദ്രന്റെ വീടിനടുത്തൂടെ പോയപ്പോള്‍ ചന്ദ്രന്‍ ഞങ്ങളെ എല്ലാം വീട്ടില്‍ വിളിച്ചു കൊണ്ട് പോയി. അച്ഛനെ പരിചയപ്പെടുത്തി ...അച്ഛന്‍ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു .. "ദേ പിള്ളേര് ക്ഷീണിച്ചു വന്നതല്ലേ ...ഓരോ ഗ്ലാസ്‌ ജൂസ് കോടടെയ് എന്ന്. ചന്ദ്രന്‍ അകത്തേക്ക് പോയി കുറച്ചു കഴിഞ്ഞു ചന്ദ്രന്റെ സഹോദരിയുടെ കുട്ടികള്‍ രണ്ടു ട്രെയിലായി ആറേഴു ഗ്ലാസ്‌ ജൂസ് കൊണ്ട് വന്നു ...അത് കണ്ടതും നമ്മുടെ കഥാ നായകന്‍ പൊട്ട രാധ ഒരു ഗ്ലാസ്‌ എടുത്തു ഒറ്റ വലിക്ക് കുടിച്ചു ഗ്ലാസ്‌ കാലിയാക്കി.

അപ്പോള്‍ അച്ഛന്‍ ചോദിച്ചു "എങ്ങനെയുണ്ട് "ഉടനെ അവന്റെ മറുപടി വന്നു "ഉഗ്രന്‍ ...നന്നായിട്ടുണ്ട്" അപ്പോള്‍ അച്ഛന്‍ പറഞ്ഞു..."എങ്ങനെ നന്നാവാതിരിക്കും അപ്പികളല്ലേ കലക്കി വെച്ചത്" ഞങ്ങള്‍ ഇത് കേട്ടതും ഞെട്ടി..അപ്പോള്‍ നമ്മുടെ കഥാനായകന്‍ കുടിച്ച ജൂസ് ശര്ദ്ധിക്കാനായി ഓടി. ചന്ദ്രന്‍ അകത്തു നിന്നും ഓടി വന്നു പറഞ്ഞു...അപ്പികള്‍ എന്ന് പറഞ്ഞത് കുട്ടികള്‍ എന്ന അര്‍ത്ഥത്തിലാ. ഞങ്ങള്‍ കാര്യം ഒക്കെ മനസ്സിലാകി വന്നപ്പോഴേക്കും കഥാ നായകന്‍ സ്ഥലം കാലിയാക്കിയിരിക്കുന്നു..പിന്നെ ഒരിക്കലും ആ റൂട്ടില്‍ നമ്മുടെ കഥാ നായകന്‍ വരില്ല.

കരീക്കയെ കളിയാക്കുന്നത് ഞങ്ങളുടെ ഒരു ഹോബി ആയിരുന്നു...ഒരു ദിവസം ബഷീര്‍ പറഞ്ഞു "ഈ പന്നി വല്ലാതെ പുളു അടിക്ക്ണ്ണ്ടല്ലോ..ഒന്ന് പറ്റിക്കാന്‍ എന്താ വഴി.." ഞാന്‍ ഒരു മാര്‍ഗം പറഞ്ഞു...എല്ലവര്‍ക്കും അത് ഇഷ്ടപ്പെട്ടു..

അടുത്ത ദിവസം ഞാന്‍ വന്നപ്പോള്‍ എന്റെ കയ്യില്‍ ഒരു പൊതിയും ഉണ്ടായിരുന്നു..."എന്താടാ പൊതീല് " കരീക്ക കണ്ടപാടെ ചോദിച്ചു. ഞാന്‍ പറഞ്ഞു ഇത് മുറ്റിയ സാധനമാ. കറുപ്പ് എന്ന് പറയും ...ഇത് കഴിച്ചാല്‍ കള്ള് കുടിക്കണ പോലെ അല്ല ...ഒരു നുള്ള് സേവിച്ചാല്‍ മതി...ഭയങ്കര ലഹരി വരും ...വായൂല് ഇങ്ങനെ പറക്കണ പോലെ തോന്നും. എല്ലാവരും ഓരോ നുള്ള് വീതം എടുത്തപ്പോള്‍ കരീക്ക ഒരു പിടി വാരി കഴിച്ചു...ഇതൊക്കെ അവനു പുല്ലാണ് എന്ന മട്ടില്‍ ഞങ്ങളൊക്കെ ലഹരി കയറിയ മട്ടില്‍ കുഴഞ്ഞു കുഴഞ്ഞു വര്‍ത്തമാനം പറയാന്‍ തുടങ്ങി...ഞങ്ങള്‍ അഭിനയിക്കുകയായിരുന്നു...എന്നാല്‍ നമ്മുടെ കഥാ നായകനാണെങ്കില്‍ ഒട്ടും ലഹരി വരുന്നുമില്ല..അവനും വരുന്ന പോലെ കാണിച്ചു നോക്കുന്നുണ്ട്...അവന്‍ പറഞ്ഞു "എനിക്ക് തല കറങ്ങണ പോലെ" എന്ന് പറഞ്ഞു വേഗം വീട്ടില്‍ പോയി...അവന്‍ പോയതും ഞങ്ങള്‍ ചിരിയോടു ചിരി...അത് ഞങ്ങള്‍ ഗില്‍റ്റ് പേപ്പറില്‍ കുറച്ചു മൂക്കുപോടിയും കുരുമുളക് പൊടിയും ഉമിക്കരിയും ചേര്‍ത്ത മിശ്രിതം ആയിരുന്നു...

അന്ന് കഥാനായകന്‍ ലഹരി വരുന്നതും നോക്കി നോക്കി ഉറങ്ങാന്‍ പറ്റിയില്ല. അടുത്ത ദിവസം മറ്റൊരു ഗാങ്ങില്‍ ചെന്നപ്പോള്‍ കരീക്കയോട് അവര്‍ ചോദിച്ചു നിന്റെ മുഖമെന്താ ഒരു മാതിരി എന്ന്...അപ്പോള്‍ അവന്‍ പറഞ്ഞു "എന്റമ്മോ ആ കഥയൊന്നും പറയണ്ട...ഇന്നലെ ഗിരി ഒരു സാധനം തന്നു...നമ്മുടെ അസ്സല്‍ കറുപ്പ്...ഞാന്‍ കുറച്ചധികം അടിച്ചു...രാത്രി മുഴുവന്‍ എന്തൊരു ലഹരി ആയിരുന്നു...ശരിക്കും പറന്നു നടക്കണ പോലെ..." അത് കേട്ട് കൊണ്ടാണ് ഞങ്ങള്‍ അവിടെ എത്തിയത്. മനോജ്‌ ചോദിച്ചു... "നീ ശരിക്കും പറന്നോ..." അവന്‍ പറഞ്ഞു "പിന്നല്ലാതെ ഭയങ്കര ലഹരിയല്ലേ...ഇപ്പോഴും അതിന്റെ ഹാങ്ങ്‌ഓവറിലാ. അതുകേട്ടു ഞങ്ങള്‍ തമ്മില്‍ കണ്ണിറുക്കി ചിരിയടക്കാന്‍ പാടുപെട്ടു..

പൊറ്റ രാധക്ക് ഇന്നും അറിയില്ല അവന്‍ വാരിക്കഴിച്ചത് കറുപ്പല്ല വെറും ഉമിക്കരി മിശ്രിതം ആണെന്ന്.

Monday, April 5, 2010

"കപ്പലോടിച്ച ശങ്കുണ്ണി"

കിഴുപ്പിള്ളികര എന്ന എന്റെ ഗ്രാമം, അവിടെ ഉള്ള ഒരു ചായക്കടയിലേക്ക് നമ്മുക്ക് പോകാം. തൊട്ടടുത്തു തന്നെ നാട്ടിലെ വായന ശാല, പോസ്റ്റ്‌ ഓഫീസ്, അതിനു തൊട്ടടുത്ത് കുറച്ചു കടകള്‍, ഇങ്ങനെ ഒരു ചെറിയ അങ്ങാടി. ഈ ചായക്കട വളരെ പ്രസിദ്ധമാണ്, സാധാരണ പോലെ ചായകുടിച്ചുകൊണ്ട് വാര്‍ത്തകള്‍ ഉണ്ടാക്കുകയും, ചെറിയ വാര്‍ത്തകളെ പെരിപ്പിക്കുകയും ചെയ്യുന്ന സാധാരണ ഒരു ചായക്കട. ചായക്കടക്കാരന്‍ രാമേട്ടന്‍ ഇപ്പോഴും ബിസി ആണ്. കാരണം കസ്ടമര്‍സിന്റെ തിരക്കുതന്നെ. പക്ഷെ മിക്കവാറും കടം പറ്റുന്നവര്‍.

നമ്മുടെ കഥാ നായകന്‍ പതിവുപോലെ അവിടെ ചായ കുടിക്കാന്‍ വരും , അദ്ദേഹം പണ്ട് മിലിട്ടറി സര്‍വീസില്‍ ആയിരുന്നു, അപ്പോള്‍ അവിടത്തെ കഥകള്‍ ഉണ്ടാകും ധാരാളം പറയാന്‍.

അദ്ദേഹത്തെ പരിചയപ്പെടാം, പേര് ശങ്കുണ്ണി, ജോലി മിലിട്ടറിയില്‍ ബാര്‍ബര്‍...  പക്ഷെ നാട്ടില്‍ അദ്ദേഹം ബാര്‍ബര്‍ അല്ല, അത്രക്കും വലിയ കാര്യങ്ങള്‍ ആണ് മിലിട്ടറിയില്‍ ചെയ്യുന്നത് എന്ന് പറയും. സൈക്കിള്‍ പോലും ചവിട്ടുവാന്‍ അറിയില്ല . പക്ഷെ വിമാനം ഓടിക്കും എന്ന പോലെയുള്ള ബഡായീസ്‌ പറയു...
തോക്കിന്റെ ചട്ട കൊണ്ട് ഒറ്റയടിക്ക് മൂന്നു പാക്കിസ്ഥാന്‍ ചാരന്‍മാരെ കൊന്ന കഥ എത്രയോ തവണ ആ നാട്ടുകാര്‍ കേട്ടു തഴമ്പിച്ചു. "എന്റെ ധീരത കാരണം ഞങ്ങളുടെ ഹവല്‍ദാര്‍ സാറിനു എന്നെ വല്യ കാര്യമായിരുന്നു. ഏതു യുദ്ധം വന്നാലും ശങ്കുണ്ണി നീ മുന്നില്‍ വേണം എന്ന് പറയും. ഒരു വിധം പാക്കിസ്ഥാന്‍കാരൊക്കെ എന്റെ മീശ കണ്ടു തന്നെ പേടിച്ചോടിയിട്ടുണ്ട്." എന്ന് പറഞ്ഞു കൊമ്പന്‍ മീശ ഒന്ന് പിരിച്ചു വെയ്ക്കും. ഒരു കുഴിയാനയെപ്പോലും കൊല്ലാനുള്ള ദൈര്യം ശങ്കുണ്ണിക്കില്ലെന്ന് നാട്ടുകാര്‍ക്കെല്ലാം അറിയാമെങ്കിലും ഈ കഥയെല്ലാം നാട്ടുകാര്‍ ചെവി കൂര്‍പ്പിച്ചു കേള്‍ക്കും.. ചിലരൊക്കെ ശങ്കുണ്ണിയെ ശങ്കുണ്ണി സാര്‍ എന്ന് വിളിച്ചു പോക്കും. എന്നാലെന്താ ശങ്കുണ്ണി ശരിക്കും പൊങ്ങി അവരുടെ ചായക്കാശും കൂടെ കൊടുത്തോളും.

ഒരു പാക്കിസ്ഥാന്‍ യുദ്ധക്കാലം. ശങ്കുണ്ണിയുടെ ബറ്റാലിയന്‍ എല്ലാം ഒരു യുദ്ധകപ്പലില്‍. ഇത്തവണ കപ്പല്‍ വഴിയാണ് ആക്രമണം... ,,, നല്ല വാര്‍ !! ഫേസ് ടു ഫേസ് .. അങ്ങനെയിരിക്കെ പാക്കിസ്ഥാന്‍കാരുടെ വെടി കൊണ്ട് ആ കപ്പലിലെ കപ്പിത്താന്പരുക്കേറ്റു. പാകിസ്താന്‍ കാര്‍ വളരെ അടുത്തെത്തി, നമ്മുടെ കപ്പിത്താന് കപ്പല്‍ ഓടിച്ചു തിരികെ പോകാനുള്ള കണ്ടീഷനില്‍ അല്ല. കപ്പ്പല്‍ അവിടെ നിന്നും രക്ഷിച്ചില്ലെങ്കില്‍ എല്ലാവരുടെയും കഥ കഴിയും ,,, ആ സമയത്ത് നമ്മുടെ കഥാനായകന്‍ ശങ്കുണ്ണി എന്ത് ചെയ്യണം എന്ന് കരുതി ആകെ ടെന്‍ഷന്‍ il.... അപ്പോള്‍ നമ്മുടെ കപ്പിത്താന്‍ ശങ്കുണ്ണിയോട് പറഞ്ഞു , "ക്വിക്ക് റിവേര്‍സ് ശങ്കുണ്ണി" I. ശങ്കുണ്ണി പിന്നെ ഒന്നും നോക്കിയില്ല. ഡ്രൈവിംഗ് സീറ്റിലേക്ക് ചാടിക്കയറി കപ്പല്‍ റിവേര്‍സ് എടുത്തു വളരെ സേഫ് ആയി എല്ലാവരെയും രക്ഷപ്പെടുത്തി. ശങ്കുണ്ണി പറഞ്ഞു നിര്‍ത്തിയതും ആളുകള്‍ ചിരിയോടു ചിരി ...നിര്‍ത്താത്ത ചിരി ..

എങ്ങനെ ചിരിക്കാതിരിക്കും, സൈക്കിള്‍ പോലും ഓടിക്കാത്ത ശങ്കുണ്ണി !! അതും കപ്പല്‍ റിവേര്‍സ് എടുത്ത കഥ !!!

Thursday, April 1, 2010

പാര വെച്ചവന് തന്നെ പാര

ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ പതിവുപോലെ എല്ലാ പ്ലട്ഫോര്‍മിലും നല്ല തിരക്ക്. " ചായ് ചായെ" വിളിച്ചു കൊണ്ട് കയ്യില്‍ ചായപ്പാത്രവും തൂക്കി ഓടുന്ന കുട്ടികള്‍ ഒരു വശത്ത്...വണ്ടിയില്‍ കയറുന്നവരുടയും പ്ലാറ്റ് ഫോമില്‍ കാത്തിരിക്കുന്നവരുടെയും തിരക്ക് ഒരു വശത്ത്.

സര്‍ദാര്‍കുക്കി സിംഗ് ഓടി കിതച്ചാണ് ട്രെയിന്‍ വിടാന്‍ നേരം ന്യൂ ഡല്‍ഹി സ്റ്റേഷന്‍ പ്ലാറ്റ് ഫോം നമ്പര്‍ രണ്ടില്‍ എത്തിയത്. മുംബായ്ക്കുള്ള പഞ്ചാബ്‌ മെയില്‍ പുറപ്പെടാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. സാദാരണ ടിക്കറ്റ്‌ ആണ്. അത് കൊണ്ട് ഓടിപ്പിടിച്ച് ജനറല്‍ കമ്പാര്‍ട്ട്മെന്റ് കണ്ടു പിടിച്ചു ഒരുവിധം കയറിപ്പറ്റി. അത്യാവശ്യമായിട്ട് ബോംബയില്‍ എത്തേണ്ടതാ. അത് കൊണ്ട് റിസര്‍വേഷന്‍ കിട്ടിയില്ല. ബിസിനെസ്സ് കാര്യമായത് കൊണ്ട് ചെന്നെ പറ്റു. പക്ഷെ നില്‍ക്കാനും ഇരിക്കാനും വയ്യാത്ത വിധം ആള്‍കാര്‍ നിറഞ്ഞു കഴിഞ്ഞു ആ കമ്പാര്‍ട്ടുമെന്റില്‍. രണ്ടു ദിവസത്തെ ഉറക്ക ക്ഷീണം കണ്ണുകളില്‍. എവിടെയെങ്കിലും ഒന്ന് ഇരുന്നെ പറ്റു. പക്ഷെ ഇരിക്കാന്‍ പോയിട്ട് ആള്‍ക്കാര്‍ തിങ്ങിയാണ് നില്‍ക്കുന്നത്..കയ്യില്‍ തൂക്കിയ ബ്രീഫ് കേസും കൊണ്ട് അനങ്ങാന്‍ വയ്യാത്തത് പോലെ കുക്കിസിംഗ് നിന്ന്..ഇടയ്ക്കിടയ്ക്ക് കണ്‍പോളകള്‍ അടഞ്ഞു പോകുന്നു. ആലോചിച്ചപ്പോള്‍ ഒരു ബുദ്ധി തോന്നി. ഒരു സൈഡ് സീറ്റിനടുത്താണ് അയാള്‍ നിന്നിരുന്നത്.

കുക്കി സിംഗ് വളരെ ബുദ്ധി മുട്ടി താഴോട്ടു കുനിഞ്ഞു സീറ്റിനടിയില്‍ പെട്ടി വെയ്ക്കാനെന്ന വ്യാജേന. പെട്ടെന്ന് എന്തോ കണ്ടു പേടിച്ചപ്പോലെ കുക്കി സിംഗ് കൂവി വിളിക്കാന്‍ തുടങ്ങി. "പാമ്പ് പാമ്പ് സീറ്റിനടിയില്‍ പാമ്പ് " കുക്കി സിംഗ് അലറിക്കൊണ്ടിരുന്നു. ആള്‍ക്കാര്‍ പലവഴിക്കും ഇറങ്ങി ഓടി.. നിമിഷങ്ങള്‍ക്കകം കമ്പാര്‍ട്ട് മെന്റ് കാലി. പുറത്തു ആളുകള്‍ ഓടുന്നതിന്റെയും മറ്റും ബഹളം. കുക്കി സിംഗ് ആശ്വാസത്തോടെ ഒന്ന് ചിരിച്ചു. എന്നിട്ട് ഒരു അപ്പര്‍ സീറ്റില്‍ കയറി പെട്ടി വെച്ച് സുഖമായി നീണ്ടു നിവര്‍ന്നു കിടന്നു. ക്രമേണ ഉറക്കം കണ്പോളകളെ തഴുകി. നല്ല ഉറക്കത്തിലാണ്ടു.

അഞ്ചാറു മണിക്കൂര്‍ കഴിഞ്ഞു കാണണം വണ്ടി വണ്ടി ഒരു കുലുക്കത്തോടെ നിന്നപോലെ തോന്നി കുക്കി സിംഗ് ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്നു. കമ്പാര്‍ട്ട് മെന്റില്‍ ആരെയും കാണുന്നില്ല. "ഹോ ഇത്ര പെട്ടെന്ന് ബോംബെ എത്തി...എല്ലാവരും ഇറങ്ങിയിരിക്കുന്നു. " . കുക്കി സിംഗ് വേഗം അപ്പര്‍ സീറ്റില്‍ നിന്നും ഇറങ്ങി. പെട്ടിയെടുത്തു... അപ്പോള്‍ ജനലിനടുതൂടെ "ചായ് ചായെ " വിളിച്ചു പലരും അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്. ജനലിനടുത്തുള്ള സീറ്റില്‍ ഇരുന്നു കുക്കി സിംഗ് ഒരു ചായക്കാരനെ വിളിച്ചു ഒരു ചായ വാങ്ങി. പുറത്തേക്കു നോക്കുമ്പോള്‍ ബോംബെ സ്റ്റേന്റെ ഒരു ലക്ഷണവും ഇല്ല. "ഹോ ഇടക്കുള്ള വല്ല സ്റ്റേഷനും ആകും" സര്‍ദാര്‍ ആത്മഗതം ചെയ്തു. ചുടു ചായ ഊതിക്കുടിച്ചു കൊണ്ട് ചായക്കാരന് പൈസ കൊടുക്കാന്‍ നേരം കുക്കി സിംഗ് ചോദിച്ചു. "ഇതേതാ സ്റ്റേഷന്‍ "

ഉടനെ മറുപടി വന്നു " സാബ് ഇത് ന്യൂ ഡല്‍ഹി സ്റ്റേഷന്‍ ആണ് ". കുക്കി സിംഗ് ഞെട്ടി. " നോ " അയാള്‍ അലറി. ഇത് ബോംബെ ആണ്. കുക്കി സിംഗിന് വിശ്വാസം വന്നില്ല. പ്ലാറ്റ് ഫോം നോക്കിയപ്പോള്‍ പ്ലാന്റ് ഫോം നമ്പര്‍ 9 ഇല്‍ ആണ് താന്‍ നില്‍ക്കുന്നത്. ഇതെന്തു മറിമായം. താന്‍ കയറിയത് പ്ലാറ്റ് ഫോം നമ്പര്‍ രണ്ടില്‍ നിന്ന്. കുക്കി സിംഗ് ഉടനെ വണ്ടിക്കു പുറത്തിറങ്ങി. ഞെട്ടിപ്പോയി താന്‍ ഇരുന്ന ഒരു കമ്പാര്‍ട്ട്മെന്റ് മാത്രം.


സംഭവിച്ചത് ഇതാണ്. വണ്ടി പുറപ്പെടാന്‍ നേരത്താണ് സര്‍ദാര്‍ "പാമ്പ് പാമ്പ് എന്ന് മുറവിളി കൂട്ടിയത്. റെയില്‍വേ അതികൃതര്‍ ഓടി വന്നു പഞ്ചാബ് മെയില്‍ ട്രെയിനിന്റെ അവസാനമുള്ള ജനറല്‍ കമ്പാര്‍ട്ട് മെന്റ് അവിടെ മുറിച്ചിട്ടു. ബാക്കിയുള്ള കമ്പാര്‍ട്ട് മെന്റുമായി ട്രെയിന്‍ ഉടന്‍ ബോംബയ്ക്ക് വിട്ടു. സീറ്റില്‍ കയറി ഉറക്കമായ കുക്കി സിംഗ് ഇതൊന്നുമറിഞ്ഞില്ല. മറ്റൊരു എഞ്ചിന്‍ വഴി ആ കമ്പാര്‍ട്ട് മെന്റിനെ വലിച്ചു കൊണ്ട് വന്നു ഒഴിഞ്ഞ പ്ലാറ്റ് ഫോം ആയ പ്ലാറ്റ് ഫോം 9 ഇല്‍ കൊണ്ടിട്ടു. സംഭവം എല്ലാം കേട്ട് കഴിഞ്ഞു കുക്കി സിംഗ് സ്വയം തലക്കടിച്ചു. താന്‍ ചെയ്ത പാര തനിക്കു തന്നെ പാര ആയി. അയാള്‍ എന്ത് ചെയ്യേണ്ടു എന്നറിയാതെ വെറും നിലത്തു കുത്തിയിരുന്നു.

Wednesday, February 17, 2010

പൊടിയനും കുരയന്‍ പട്ടിയും

പൊടിയന്‍ എന്റെ കമ്പനിയിലെ പൊന്നോമനയായിരുന്നു എന്നു ഞാന്‍ പറഞ്ഞുവല്ലൊ!!!! അടുത്ത ഒന്നു രണ്ടു കഥകളിലൂടെ നിങ്ങളുടെയും പൊന്നോമന ആയി മാറും എന്ന കാര്യത്തില്‍ എനിക്കു സംശയം ഇല്ല!!!!

ശുദ്ദനായ പൊടിയനെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു.

പൊടിയന്‍ ഞങ്ങളുടെയൊക്കേ ചര്‍ച്ചകളില്‍ വരാത്ത ഒരു ദിനത്തെക്കുറിച്ചു ചിന്തിക്കുക പോലും കഴിയാതിരുന്ന കാലം

500 ല്‍ അധികം തൊഴിലാളികളുള്ള എന്റെ കമ്പനിയില്‍ ഓരൊരുത്തരെയും അടുത്തറിയുക പ്രയാസമാണ്..... പക്ഷെ പൊടിയനെ എല്ലാവര്‍ക്കും അറിയാം...

പൊടിയനെക്കുറിച്ചു ഞങ്ങളുടെ ബോസ്സും ധാരാളം കേട്ടിരിക്കുന്നു.... പക്ഷെ നേരിട്ടറിയില്ല.... ബോസ്സിനോടുള്ള ഭയം കാരണം പൊടിയന്റെ ശുദ്ദതയെ കുറിച്ചു മാത്രമെ ഞങ്ങള്‍ക്കു അദ്ദേഹത്തേ ധരിപ്പിക്കാന്‍ സാധിച്ചിരുന്നുള്ളു...

പൊടിയന്‍ ഒരു മണ്ടനും കൂടിയാണെന്നു പറഞ്ഞാല്‍ തനി തിരുവന്തപുരത്തുകാരനായ ബോസ്സ് തിരൊന്തോരം ഭാഷയില്‍ തെറി വിളിച്ചാലോ എന്ന ഭയം ആണു അങ്ങനെ പറയാതിരിക്കാന്‍ കാരണം!!!

സാമാന്യം തലക്കനമുള്ള ഞങ്ങളുടെ ബോസ്സ് തൊട്ടതിനും പിടിച്ചതിനും എല്ലാം ആള്‍ക്കാരെ വഴക്കു പറയും.... ആദ്ദെഹത്തിനു സ്വന്തമായി ഒരു ഒഫ്ഫീസ്സ് ബോയി (എന്തര്‍ത്ഥത്തിലാണോ ഒഫ്ഫീസ്സ് “ബോയി“ എന്നു പറയുന്നതന്നറിയില്ല 60 കഴിഞ്ഞ മൂസ്സാക്കാ ) ഉണ്ട്.... ഈ ഒഫ്ഫിസ്സ് ബോയ് ഒഫ്ഫീസ്സിനുള്ളീല്‍ മറ്റാരേയും സേവിക്കാന്‍ പാടില്ല എന്ന നിര്‍ബന്ധബുദ്ധിയും ബോസ്സിനുണ്ട്....

അങ്ങനെയിരിക്കേ മുസ്സാക്കാ ഗള്‍ഫു ജീവിതം ‘മടക്കി’ നാട്ടില്‍ പോകാന്‍ തീരുമാനിച്ചു..... പകരം ഒരാളെ തിരക്കിയ ബോസ്സിനു മുന്‍പില്‍ നമ്മൂടെ പൊടിയന്റെ നിഷ്കളങ്കമായ പേരു അവതരിപ്പിക്കപെട്ടു!!! വളരെ പെട്ടെന്നു തന്നെ പൊടിയന്‍ ആ സ്ത്ഥാനത്തെക്കു അവരോധിക്കപ്പെടുകയും ചെയ്തു!!!

കേട്ടറിഞ്ഞ പോടിയന്റെ നിഷകളങ്കത കണ്ടറിഞ്ഞ ബോസ്സ് ശരിക്കും സന്തോഷവാനായി... തന്റെ ഓഫ്ഫീസ്സ് ബോയിക്കു വേണ്ട എല്ലാ ഗുണഗണങ്ങളും ഉള്ളവന്‍ .... കിട്ടാവുന്ന സമയം എല്ലാം പൊടിയനെ പുകഴ്ത്തി സംസാരിക്കാന്‍ ബോസ്സ് സമയം കണ്ടെത്തി!!!!!

അരിച്ചാക്കിനു ചണക്കയറുകൊണ്ട് കെട്ടിടുന്നതു പോലേയുള്ള പൊടിയന്റെ പാന്റ്സും ബെല്‍റ്റും ബോസ്സിടപെട്ടു ജീന്‍സിനു വഴിമാറി!!!!

അയയില്‍ കിടന്നാടിയുലയുന്നപോലെയുള്ള 4 ആള്‍ കയറാവുന്ന പൊടിയന്റെ ഷര്‍ട്ടുകള്‍ വാന്‍ ഹുസ്സയിന്റെ ഷര്‍ട്ടുകള്‍ക്കും നീളന്‍ റ്റൈക്കും മുന്‍പില്‍ നാണം കെട്ടു!!!

പൊടിയന്റെ ചുണ്ടുകളില്‍ ചിലപ്പൊഴൊക്കെ ഇംഗ്ലീഷ് വാക്കുകള്‍ ന്യത്തം വച്ചു!!!!!

പുതിയ സ്ത്ഥാന ലബ്ദിയേ പൊടിയെന്‍ വിശേഷിപ്പിച്ചതു ഇങ്ങനെ... “ എഡയ് ഞാന്‍ ഉഗാണ്ടയുടെ പ്രസിഡന്റുകളും മറ്റും ആയി തീര്‍ന്നതായി തോന്നുന്നടെ അപ്പീ”

അത്തരം ഒരു ഭാവം പോടിയന്റെ ചലനങ്ങളിലും, ഭാഷയിലും വന്നു ചേര്‍ന്നു!!!!!

അങ്ങനെയിരിക്കേ പൊടിയന്റെ ദിവസം വന്നു ചേര്‍ന്നു....

അന്നു ബോസ്സ് ഒരു നെടുനീളന്‍ മീറ്റിങ്ങിലയിരുന്നു.... ഏതോ വിദേശ കമ്പനികളുടെ പ്രതിനിധികളുമായുള്ള നെടുനീളന്‍ ചര്‍ച്ച!!!!

പ്രഭാത ഭക്ഷണം നഷ്ടപ്പെട്ടതിന്റെ വേവലാതിയില്‍ മീറ്റിങ്ങ് അവസാനിച്ച മാത്രയില്‍ തന്നെ ബോസ്സിന്റെ ശബ്ദം ഓഫ്ഫീസ്സിനേ പ്രകമ്പനം കൊള്ളിച്ചു!!!!

പൊടിയാ.....!!!!?????

നാന സിനിമാ മാസികയിലേ മാദക സുന്ദരിയില്‍ മുഖം ഒളിപ്പിച്ചിരുന്ന പൊടിയെന്‍ ഞെട്ടി എഴുനേല്‍റ്റു വേവലാതിയോടെ ബോസ്സിന്റെ ഓഫ്ഫീസ്സിലേക്കു ഓടി....

ബോസ്സിന്റെ മുറിയില്‍ നിന്നു തിരികെ ഇറങ്ങി വന്ന പൊടിയന്‍ ആകെ നിരാശനായിരുന്നു!!! മുഖം ആകെ വിളറി വെളുത്തിരുന്നു....

“ എന്താ പൊടിയാ സംഭവിച്ചതു???” റിസപ്ഷനിസ്റ്റ് മുരളി ചോദിച്ചു !!!!

പൊടിയന്‍ മുരളിയുടെ അടുത്തേക്കു ചേര്‍ന്നു നിന്നു മറ്റാരും കേള്‍ക്കില്ല എന്നുറപ്പു വരുത്തി അതീവ രഹസ്യമായി ചോദിച്ചു “ അല്ലാ‍ മുരളിയണ്ണാ ഞാനൊരു കാര്യം കേക്കട്ടെ???...... എന്തിരാണീ “ഹോട്ട് ഡോഗുകളും മറ്റും????”

“എന്താ പൊടിയാ”??? മുരളി ആകാംഷയോടെ ചോദിച്ചു!!!!!

അല്ല അണ്ണാ നമ്മുടെ ബോസ്സു പറയുകയാണു പുള്ളിക്കു ഇത്തിരി ഹോട്ട് ഡോഗുകള്‍ വാങ്ങി കൊടുക്കാന്‍ ....കഴിക്കാനായിട്ടു..... എന്തിരാണോ എന്തൊ????

മുരളിക്കു ഉള്ളില്‍ ചിരി പൊട്ടി.... പക്ഷെ നിയന്ത്രിച്ചു.... പിന്നേ അടുത്ത ക്യാബിനില്‍ ഇരികുന്ന പ്രഭാകരനെ വിളിച്ചു കാര്യം അവതരിപ്പിച്ചു, പെട്ടെന്നു തന്നെ സംഭവം ഒഫ്ഫീസ്സില്‍ ഒരു വിഷയം ആയി!!!

ഓഫീസ് സ്റ്റാഫുകള്‍ എല്ലാം പൊടിയനു ചുറ്റും കൂടി.... കൂലംകഷമായ ആലോചനയുടെ നിമിഷങ്ങള്‍!!!

പൊടിയനു തന്റെ സഹജോലിക്കാരുടെ ആത്മാര്‍ത്ഥതയില്‍ അഭിമാനം തോന്നി!!!!

ഒടുവില്‍ ത്രിശൂര്‍ക്കാരന്‍ അല്‍ഫോണ്‍സ് അതിനൊരു നിര്‍വചനം കണ്ടു പിടിച്ചു.....

പൊടിയാ ഹൊട്ട് ഡോഗ്ഗ് എന്നു പറഞ്ഞാല്‍ എന്താണെന്നാ നിന്റെ വിചാരം???

പൊടിയന്‍ പുരികങ്ങള്‍ ചോദ്യചിന്നമാക്കി അല്‍ഫോണ്‍സിനു നേരെ മറു ചോദ്യം അയച്ചു???

എന്തിരാണ്‍???

പൊടിയാ ..... അതിന്റെ അര്‍ത്ഥം ഞാന്‍ പറഞ്ഞു തരാം.... അല്‍ഫോണ്‍സ്സ് തായാറായി..... ഹോട്ട് എന്നു പറഞ്ഞാല്‍ ചൂടുള്ളതു എന്നാണു.... ഡോഗ് എന്നു പറഞ്ഞാല്‍ നായ അല്ലെങ്കില്‍ പട്ടി!!!!.... ചൂടുള്ള പട്ടി..... നല്ല കുരയന്‍ പട്ടിയുടെ ഇറച്ചി കൊണ്ടുവരാനാണു ബോസ്സു പറഞ്ഞതു പൊടിയാ!!!!!!

പൊടിയന്‍ മൂക്കത്തു വിരല്‍ വച്ചു....” കുരയന്‍ പട്ടിയോ”..... എന്റെ ആറ്റുകാല‍മ്മച്ചീ!!!!!

നിഷ്കളങ്കനായ പൊടിയെന്റെ അടുത്ത ചോദ്യം “അതു എവിടെ കിട്ടുമണ്ണാ???”

പൊടിയാ പട്ടിയിറച്ചി ഇവിടെ ഹറാം ആണെന്നു അറിയില്ലെ..... അതുകൊണ്ട് കടകളില്‍ ഒന്നും കിട്ടുമെന്നു തോന്നുന്നില്ല.... നീ സനയാ ( വര്‍ക്ക് ഷോപ്പ് ഏരിയായ്ക്കു അറബിയില്‍ പറയുന്ന പേരു) ഏരിയയില്‍ പോയൊന്നു തപ്പി നോക്കൂ!!!!! ചിലപ്പോള്‍ ജീവനുള്ള പട്ടിയേ കിട്ടിയേക്കും....

പൊടിയനു പേടിയായി...... അണ്ണാ ഫോറിന്‍ അണ്ണന്മാര്‍ പട്ടികളെയും പൂച്ചകളേയും മറ്റും കഴിക്കുമെന്നു കേള്‍ക്കണ്...... നമ്മൂടെ ബോസ്സ് തിരൊന്തരം കാരന്‍ തന്നെയണ്ണാ???!!!!

തൊട്ടടുത്ത കസേരയിലേക്കു ചാരിയിരുന്നു പൊടിയന്‍ ഒരുനിമിഷം ആലോചിച്ചു!!!

പിന്നേ രണ്ടും കല്‍പ്പിച്ചു ചാടിയെഴുനേല്‍റ്റു ഒരു പ്രഖ്യാപനം!!!

എനികു വയ്യെന്റെ അണ്ണോ!!!!!!ജ്വോലികളു ഇല്ലാതെ വീട്ടിലിരുന്നാലും വേണ്ടില്ല ഇമ്മാതിരി ജ്വോലികളു ചെയ്യാന്‍ നമ്മളെ കിട്ടില്ല!!!!

ഞാന്‍ ബോസ്സിനോടൂ ചെന്നു പറയാന്‍ പോക്കുകയാണു ഇമ്മാതിരി ജ്വോലികളു ചെയ്യാന്‍ എനിക്കു വയ്യാ എന്നു!!!!!

അത്തരം ഒരു ടിസ്റ്റ് പൊടിയനില്‍ നിന്നും ആരും പ്രതീക്ഷിച്ചില്ല!!!! പൊടിയന്‍ ധൈര്യം സംഭരിച്ചു ബോസ്സിന്റെ ക്യാബിനിലേക്കു തിരിച്ചു നടന്നു!!!!

ഉപദെശിച്ചവര്‍ ഒന്നു ഞേട്ടി..... അവര്‍ പൊടിയനെ തിരികേ വിളിക്കാന്‍ ഒരു വിഫല ശ്രമം നടത്തി!!!!

പക്ഷെ പൊടിയന്‍ അതൊന്നും ചെവിക്കൊണ്ടില്ല!!!! “ വരുന്നിടത്തു വച്ചു കാണാമടെ അപ്പീ” എന്നു ആത്മഗതവുമായി ബോസ്സിന്റെ ക്യാബിനിലേക്കു ഇടിച്ചു കയറി!!!!

ബോസ്സിനു മുന്‍പില്‍ കാര്യം വളരെ ശക്തമായി തന്നെ അവതരിപ്പിച്ചു..... “സാര്‍ പട്ടിയെ പിടുത്തങ്ങള്‍ അല്ല എന്റെ പണികളു”“”

ബോസ്സിനു കാര്യം മനസ്സിലായില്ല.... വിശന്നു ഭ്രാന്തെടുത്തിരുന്ന അദ്ധേഹത്തിനു ദേഷ്യം മൂക്കും തുമ്പത്തേക്കു ഇരച്ചു കയറി!!!!!

പക്ഷെ പൊടിയനോടുള്ള പ്രത്യേക പരിഗണന മൂലം സംയമനം പാലിച്ചു സമാധാനമായി കാര്യം അന്വേഷിച്ചു.....

പൊടിയന്‍ സംഭവം എല്ലാം വിവരിച്ചു.....

എന്നിട്ടു വളരെ പതിഞ്ഞ സ്വരത്തില്‍ ഒരു തട്ടുപോളിപ്പന്‍ കമന്റും വിട്ടു.... സാര്‍ പട്ടി ഇറച്ചികളും മറ്റും കഴിക്കരുതു ഒന്നുമല്ലെങ്കില്‍ സാറും എന്നേപ്പോലേ ഒരു നായരല്ലേ സാര്‍ “

പൊടിയനിലേ നിഷ്കളങ്കതയും, ശുദ്ധതയും, വിവരമില്ലായമയും ബോസ്സിനു തിരിച്ചറിയാന്‍ അധിക നിമിഷം വേണ്ടി വന്നില്ല.

പൊടിയാ നിന്നേ ഉപദേശിച്ചവരെയെല്ലാം എന്റെ ക്യാബിനിലേക്കു വിളിക്കൂ.... ബോസ്സിന്റെ ഘനഗംഭീര നിര്‍ദ്ദേശം പുറത്തു നിന്നവര്‍ക്കുകൂടി കേള്‍ക്കാന്‍ പാകത്തിലായിരുന്നു!!!!

മുരളിയും, അല്‍ഫോന്‍സ്സും പെട്ടിയും കിടക്കയും ചുറ്റി തിരികേ വണ്ടി കയറുന്നതും ചിന്തിച്ചാണു ബോസ്സിന്റെ ക്യാബിനിലേക്കു കടന്നതു!!!!

മറ്റുള്ളവര്‍ കുറഞ്ഞപക്ഷം 2 ദിവസത്തെ ശമ്പളം ഗോപിയായല്ലോ എന്ന ചിന്തയിലും!!!!

ബോസ്സിന്റെ ക്യാബിനില്‍ പൊടിയനോടോപ്പം എല്ലാവരും മുഖം കുനിച്ചു നില്‍പ്പായി!!!!

എന്താ അല്‍ഫോണ്‍സേ “ഹോട്ട് ഡോഗ്” എന്നു വച്ചാല്‍ !!! ബോസ്സിന്റെ ശബ്ദം വീണ്ടും മുഴങ്ങി!!!

അല്‍ഫോണ്‍സ്സ് രണ്ടും കല്‍പ്പിച്ചു മുഖമുയര്‍ത്തി ബോസ്സിനേ നോക്കി!!!

അല്‍ഫോണ്‍സിന്റെ ദയനീയമായ നോട്ടം കണ്ടതും ബോസ്സിന്റെ അതുവരെ പിടിച്ചു വച്ചിരുന്ന ഗൌരവം കടപുഴുകി വീണു!!!!

പിന്നീടു ഒഫ്ഫീസ്സു കുലുങ്ങിത്തെറിക്കുന്ന പൊട്ടിച്ചിരിയാണു അവിടെ കേട്ടതു!!! ഓഫ്ഫീസ്സിലേ മുഴുവന്‍ അംഗങ്ങളും ആ രംഗം കണ്ടു അതിശയിച്ചു..... ഗൌരവം ഒരിക്കലും വിടാത്ത ബോസ്സ് പരിസരം മറന്നു ചിരിച്ചാല്‍ എങ്ങനെ ഞെട്ടാതിരിക്കും!!!????

പിന്നേ അതൊരു കൂട്ടച്ചിരിയായി മാറി!!!..... പാവം പൊടിയന്‍ മാത്രം പന്തം കണ്ട പെരുച്ചാഴി പോലേ കണ്ണും മിഴിച്ചു നിന്നു!!!

ഇന്നും പൊടിയന്‍ ചോദിച്ചുകൊണ്ടെയിരിക്കുന്നു..... “ എഡേയ് എന്തിരടെ ഹോട്ട് ഡോഗുകളും മറ്റും??”
പൊടിയനു ഉത്തരം കിട്ടാത്ത സമസ്യകളില്‍ ഒന്നാണു ഹോട്ട് ഡോഗ്ഗ്!!!!!!

Thursday, November 12, 2009

ഓള്‍ ഇന്ത്യ ബെഗ്ഗര്‍സ് അസോസിയേഷന്‍ (AIBA)

കാളിംഗ് ബെല്‍ തുടര്‍ച്ചയായി അടിക്കുന്നത് കേട്ടാണ്‌ വീട്ടമ്മ വാതില്‍ തുറന്നത്.. വാതില്‍ തുറന്നതും മുന്നില്‍ വളരെ നീറ്റ്‌ ആയി വസ്ത്രധാരണം ചെയ്ത ഒരു ചെറുപ്പക്കാരന്‍ . പാന്റും ഷര്‍ട്ടും ടൈയും. വേഷവിധാനത്തില്‍ നിന്നും ഏതോ ഒരു വലിയ കമ്പനിയുടെ ആളാണെന്നെ പറയൂ..

"ആരാ.. എന്താ ...." വീട്ടമ്മ ആരാഞ്ഞു..


"മാഡം ഐ ആം ഫ്രം ഐബ മീന്‍സ്‌ ഓള്‍ ഇന്ത്യ ബെഗ്ഗര്‍സ് അസോസിയേഷന്‍. മാഡത്തിന്റെ ഫോണ്‍ കിട്ടിയിട്ടു വന്നതാണ്. എന്തോ ഫുഡ്‌ ഐറ്റം ഡിസ്പോസ് ഓഫ്‌ ചെയ്യാനുണ്ട് എന്ന് പറഞ്ഞു..."


വീട്ടമ്മയ്കു അത്ഭുദം ! "ഞാന്‍ ആരെയും വിളിച്ചില്ല"


"നോ മാഡം ഇവിടെത്തെ നമ്പര്‍ തന്നെയാണ്..ഫൈവ് മിനുട്സ് ബിഫോര്‍ ഞങ്ങളുടെ ഓഫീസില്‍ ഫോണ്‍ വന്നു..ഫോണ്‍ നമ്പര്‍ 534444 അല്ലെ. മാഡത്തിന്റെ ഹൌസ് നമ്പര്‍ 334 അല്ലെ... അതേ ഇവിടുന്നു തന്നെയാണ് മാഡം."


വീട്ടമ്മ ചിന്താക്കുഴപ്പത്തിലായി ...പിന്നെ പറഞ്ഞു... "വല്ല പിച്ചക്കാര്‍ ആരേലും ഉണ്ടെങ്കില്‍ ഒന്ന് പറഞ്ഞു വിടണം എന്ന് പറഞ്ഞിരുന്നു..അതുവല്ലതും.....അല്ല അതാവില്ല ."


"എസ് മാഡം ...ബട്ട്‌ ഡോണ്ട് ബ്ലേം അസ്‌ ബൈ കാളിംഗ് പിച്ചക്കാര്‍...വി ആര്‍ ബെഗ്ഗെര്‍സ്ര്...ഐ ആം ദി ചെയര്‍മാന്‍ ഓഫ് ഓള്‍ ഇന്ത്യ ബെഗ്ഗര്‍സ് അസോസിയേഷന്‍ (അഥവാ ഐബ ). പിച്ചക്കാര്‍ എന്ന് പറഞ്ഞു ഞങ്ങളെ അപമാനിക്കരുത്." എന്ന് പറഞ്ഞു തന്റെ വിസിറ്റിംഗ് കാര്‍ഡ്‌ എടുത്തു നീട്ടി. എന്തായാലും വീട്ടമ്മ ആഗതനെ സ്വീകരിച്ചു ഇരുത്തി .. എന്നിട്ട് പറഞ്ഞു. "എനിക്കിപ്പോഴും അങ്ങോട്ട്‌ മനസ്സിലായില്ല."


"ഞാന്‍ പറഞ്ഞതു കറെക്ടാ മാഡം...ഇവിടെ ഉള്ള എല്ലാ ബെഗ്ഗെര്സും ഇപ്പോള്‍ ഞങളുടെ അസോസിയേഷന്‍ മെംബേര്‍സ് ആണ്...എന്താണ് ഫുഡ്‌ ഐറ്റം ഷെയര്‍ ചെയ്യാനുള്ളത്...എത്ര കിലോസ്‌ കാണും "


വീട്ടമ്മക്ക്‌ പറയാന്‍ മടി.. "അത് പിന്നെ ഇവിടെ കുറച്ചു പഴംചോറ് ഉണ്ടായിരുന്നു...മുന്ന് ദിവസമായത്‌ ...എന്താണാവോ സ്മെല്‍ കൊണ്ടാണെന്ന് തോന്നുന്നു പശുക്കളും കോഴികളും ഒന്നും തിന്നുന്നില്ല...എന്നാ പിന്നെ വല്ല പിച്ച്ചക്കരെയും വിളിച്ചു കൊടുക്കാമെന്നു കരുതി"


"വാട്ട്‌ നോണ്‍സെന്‍സ്" ആഗതന്‍ ചാടി എണീറ്റു..."3 ഡേയസ് ഓള്‍ഡ്‌ ഫുഡ്‌ഡോ. മാഡം വി ആര്‍ ബെഗ്ഗെര്സ് നോട്ട് ദാറ്റ്‌ ബ്ലഡി പിച്ചക്കാര്‍....മൈന്‍ഡ് ഇറ്റ്‌...." പിന്നെ പറഞ്ഞു..."സീ എന്തൊക്കെ ചിലവുകളാണ്...ഇവിടെയുള്ള എല്ലാ ബെഗ്ഗെര്സും ദാറ്റ്‌ ഈസ്‌ എബൌട്ട്‌ തൌസന്റ് ബെഗ്ഗെര്സ് ഞങ്ങളുടെ അസോസിയേഷനില്‍ ഉണ്ട്...എല്ലാവര്ക്കും പ്രത്യേകം യുനിഫോമസ് കൊടുത്തിട്ടുണ്ട് ...അവരുടെ കുട്ടികളുടെ സ്കൂള്‍... ആശുപത്രി തുടങ്ങി എല്ലാ സൌകര്യങ്ങളും ഞങ്ങള്‍ ചെയ്യുന്നുണ്ട് ...ഫോര്‍ ദാറ്റ്‌ വി നീഡ്‌ മോര്‍ funds ....ഐ തോട്ട് യു ആര്‍ sparing വണ്‍ ചാക്ക് റൈസ് and സം വെജ്ടെബിള്‍സ് എക്സെട്ര..." ഞങ്ങള്‍ ഞങ്ങളുടെ പ്രത്യേകം ട്രെയിനിംഗ് നേടിയ ബെഗ്ഗര്‍സിനെ പറഞ്ഞയക്കാം."


വീട്ടമ്മ ഇതെല്ലാം കേട്ട് അത്ഭുതം കൂറി ..."ഇതെന്തൊരു ലോകം...പിച്ച്ചക്കാര്‍ക്കും യുനിയന്‍ ..."


"നോട്ട് ഒണ്‍ലി ദാറ്റ്‌ മാഡം ഞാന്‍ മറ്റൊരു അസോസിയേഷന്റെ കൂടി ചെയര്‍മാന്‍ ആണ്.. ഓള്‍ ഇന്ത്യ തെഫ്റ്റ്‌ ആന്‍ഡ്‌ പിടിച്ചുപറിക്കാരുടെ" എന്നിട്ട് മറ്റൊരു വിസിറ്റിംഗ് കാര്‍ഡ്‌ എടുത്തു കൊടുത്തു....


"സപ്പോസ് മാഡത്തിന്റെ അയല്കാരി മാഡത്തെക്കാള്‍ രണ്ടു സ്വര്‍ണ ചെയിന്‍ കൂടുതല്‍ അണിഞ്ഞു നടന്നാല്‍ മാഡത്തിനു സ്വാഭാവികമായും അസൂയ വരും ..ശരിയല്ലേ.."
"ശരിയാണ് അങ്ങേലെ ചിന്നമ്മേടെ വിചാരം അവള് വലിയ പ്രമാണിച്ചിയാന്ന...അവള്‍ക്ക് അഞ്ചു പവന്റെ ഒരു നെക്ലേസ്‌ ഉണ്ട്...അതും അണിഞോണ്ട് എന്താ അവളുടെ ഗമ.."വീട്ടമ്മയ്ക്ക് രസം പിടിച്ചു എന്ന് മനസ്സിലായി ആഗതന്‍ അടുത്ത അമ്പ്‌ തൊടുത്തു..." മാഡം ഇവിടെയാണ്‌ ഞങ്ങളുടെ സഹായം ആവശ്യം വരുന്നത്....വെറും ടു തൌസന്റ്റ്‌ റുപീസ്‌ ചിലവില്‍ ഞങ്ങളുടെ ആള്‍ക്കാര്‍ ആ പണി ചെയ്യും ..മാഡത്തിന്റെ അസൂയയും അയല്കാരിയുടെ അഹങ്കാരവും തീരും ..."
വീട്ടമ്മ വികരഭരിതയായി പറഞ്ഞു..." ശരി ഞാന്‍ ഫൈവ് തൌസന്റ്റ്‌ ..തരാം .അവളുടെ ചെയിന്‍ നടു റോഡിലിട്ടു പൊട്ടിക്കണം...എന്നിട്ട്....എന്നിട്ട് എനിക്കൊന്നു കാണണം അവളെ...."

ആഗതന്‍ പറഞ്ഞു... "ഡണ്‍ മാഡം ...ഇതില്‍ മാഡത്തിന്റെ പേര് എവിടെയും വരില്ല...ഞങ്ങളുടെ പ്രത്യേക സെല്‍ ഇത് കൈകാര്യം ചെയ്തോളും വിത്തിന്‍ ടു ഡേയസ്..ഒക്കെ . " വീട്ടമ്മ അഞ്ചു ആയിരത്തിന്റെ നോട്ടുകള്‍ കൈമാറി റെസീപറ്റ്‌ കൈപറ്റി...

"മാഡം യു നോ കഴിഞ്ഞ വര്‍ഷം ഈ ട്രേഡ് വളരെ dull ആയിരുന്നു... ഇവിടത്തെ SP വളരെ strict ആയിരുന്നു...ഞങ്ങള്‍ ചെലവ് കുറക്കേണ്ടി വന്നു .. യു നോ മാഡം എന്റെ വീട്ടില്‍ എല്ലാ റൂമിലും AC ഉണ്ടായിട്ടും ഞങ്ങള്‍ക്ക് രണ്ടു AC കൊണ്ട് തൃപ്തിപെടേണ്ടി വന്നു ചെലവ് കുറക്കല്‍ മൂലം ...മൈ ചില്‍ഡറന്‍സ് .. ഹോ ഹൊറിബിള്‍ അവര് വളരെ ക്ലേശിച്ചു... ചൂട് കാലത്ത്...


പക്ഷെ പുതിയ SP വന്നതോടെ ഞങ്ങള്‍ മുചുല്‍ ...അണ്ടര്‍സ്റ്റാന്റ്ചെയ്തു... ഒരു കേസ് പോലും പിടിക്കപ്പെടില്ല...തെളിയില്ല...ഇത്തരം കേസുകള്‍ക്ക്‌ നിങ്ങള്‍ക്ക് എപ്പോ വേണേലും സമീപിക്കാം ...."

"പിന്നെ മറ്റൊന്ന് കൂടിയുണ്ട് മാഡം...അതായത്...ഞങ്ങളുടെ Executives വളരെ വിദഗ്ധമായ രീതിയില്‍ മാല പൊട്ടിക്കല്‍ കര്‍മം പറഞ്ഞ സമയത്ത് തന്നെ നടത്തുകയും വളരെ വിദഗ്ധമായ രീതിയില്‍ തന്നെ ഒരു തെളിവും ശേഷിപ്പിക്കാതെ രക്ഷപ്പെടുകയും ചെയ്യും...അത് കഴിഞ്ഞുള്ള ക്ലോസ് അപ്പ്‌ രംഗം അതായത് മാഡത്തിന്റെ അയല്‍വാസി ചിന്നമ്മ ചേച്ചി ഞെട്ടി നില്‍ക്കുന്നതും പൊട്ടിക്കരയുന്നതുമായ രംഗങ്ങള്‍ .. വളരെ .വിദഗ്ധമായി ഞങ്ങളുടെ Executives തയ്യാര്‍ ചെയ്തു കൊടുക്കുന്നുണ്ട്... മാഡത്തിന് അതിന്റെ CD കണ്ടു മാസങ്ങളോളം ചിരിഒക്കാം. പക്ഷെ റിസ്കി ജോലിയാ ... ചാര്‍ജ് കൂടും.. മിനിമം ടെന്‍ തൌസന്റ് ..".

""നോ പ്രോബ്ലം...വീട്ടമ്മ പറഞ്ഞു ....ഇനി കാശ് ഇല്ല ചെക്ക് തരാം..."

"ഒക്കെ മാഡം ചെക്ക് ഞങ്ങളുടെ അക്കൌണ്ടില്‍ ക്യാഷ് ആകുന്ന ആ നിമിഷം ഞങ്ങള്‍ ജോലി തുടങ്ങും..."

ആഗതന്‍ സന്തോഷത്തോടെ രണ്ടു മൂന്നു വിസിറ്റിംഗ് കാര്‍ഡുകളും കൂടി കൊടുത്തു...എന്നിട്ട് പതിനായിരത്തിന്റെ ചെക്ക് കൂടി കൈപ്പറ്റിയിട്ട് പറഞ്ഞു..."മാഡത്തിന്റെ കൂട്ടുകാരികള്‍ക്ക് ഈ വിസിറ്റിംഗ് കാര്‍ഡുകള്‍ കൊടുക്കൂ...അവര്‍ക്ക് ഇതുപോലെ ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ ഞങ്ങളെ അറിയിക്കട്ടെ ... 24 ഹവര്‍സ്‌ ഞങ്ങളുടെ മെംബേര്‍സ് ഉണ്ടാവും സര്‍വീസില്‍ ..

വളരെ സന്തോഷത്തോടെ ആഗതനെ യാത്രയാക്കുമ്പോള്‍ വീട്ടമ്മയുടെ മനസ്സില്‍ സന്തോഷം തുളുമ്പുകയായിരുന്നു. ആഗതന്റെ മനസ്സില്‍ ഫൈവ് തൌസന്ദ്‌ ക്യാഷും ടെന്‍ തൌസന്റിന്റെ ചെക്ക്ഉം കിട്ടിയ സന്തോഷവും...

നോക്കണേ പിച്ച വാങ്ങാന്‍ എത്തിയവന്‍ നോട്ടുകളുമായി പോയത്...what a gentleman he is...

Friday, November 6, 2009

"രാധാ കൃഷ്ണന്റെ ലീലാ വിലാസങ്ങള്‍".

ഞാന്‍ ഇവിടെ അവതരിപ്പിക്കാന്‍ പോകുന്ന കഥ, അല്ല ഒരു സംഭവം ഒരു തൃശ്ശൂര്‍കാരനായ ഒരു പൊടീയന്റെതാ‍ണു . പൊടിയനെ രാധാകൃഷ്ണന്‍ എന്ന പേരില്‍ വിശേഷിപ്പിക്കാം.

ജോലി തേടി ഡല്‍ഹിയില്‍ വണ്ടി ഇറങ്ങി. മലയാളം മാത്രമേ ആശാന് വശമുണ്ടയിരുന്നുള്ളൂ. ജോലി തേടി ആദ്യം എത്തിയത് ഞങ്ങളുടെ ഓഫീസില്‍ തന്നെ. അതും എന്റെ അടുത്താണ് ആദ്യം വന്നത്. ഒരു മലയാളി റിട്ടയേര്‍ഡ്‌ ഓഫീസര്‍ ആയിരുന്നു ഞങ്ങളുടെ ഡയറക്ടര്‍ മിസ്റ്റര്‍ മേനോന്‍. അതും തൃശൂര്‍ക്കാരന്‍. ഞാന്‍ പോടിയനെ (രാധ കൃഷ്ണനെ) മേനോന്‍ സാറിന് പരിജയപ്പെടുത്തി.. ആവശ്യം അറിയിച്ചപ്പോള്‍ സഹതാപം തോന്നിയത് കൊണ്ടോ അതോ നാട്ടുകാരന്‍ ആയതു കൊണ്ടോ എന്നറിയില്ല മേനോന്‍സാര്‍ പറഞ്ഞു സ്വാതീ ഈ പയ്യനെ ഇവിടെ നിര്‍ത്തിക്കോളൂ ഒരു ഡെലിവറി ബോയ്‌ ആയിട്ട്. അങ്ങനെ മലയാളം മാത്രം അറിയാവുന്ന നിഷ്കളങ്കനായ രാധാ കൃഷ്ണന്‍ ഞങ്ങളുടെ ഓഫീസില്‍ ഏപ്രില്‍ മാസം ആയിരത്തി തൊള്ളായിരത്തി തോണ്ണൂറ്റെട്ടില്‍ ജോയിന്‍ ചെയ്തു..

കസ്റ്റമര്‍സിന് എയര്‍ ടിക്കറ്റ്‌ എത്തിച്ചു കൊടുക്കുകയായിരുന്നു (അന്ന് ഇ-ടിക്കറ്റ്‌ ഉണ്ടായിരുന്നില്ല എല്ലാം മാനുവല്‍ ബൂക്ലെറ്റ്‌ ടിക്കറ്റ്‌ ആയിരുന്നല്ലോ) രാധാ കൃഷ്ണന്റെ ജോലി. . അത്യാവശ്യം പ്രയോഗിക്കാന്‍ ഞാന്‍ അവനു ഹിന്ദി ഭാഷ ട്രെയിനിംഗ് കൊടുത്തു. ബസ്സുകളുടെ നമ്പര്‍, ഇറങ്ങേണ്ട സ്ഥലം ....കാണേണ്ട ആള്‍ എന്നിങ്ങനെ, ഭാഷ അറിയില്ലെങ്കിലും രാധാ കൃഷ്ണന്‍ ജോലിയില്‍ എക്സ്പ്പേര്‍ട്ട് ആയി. കസ്റ്റമര്‍സിന് രാധാ കൃഷ്ണന്‍ പ്രിയങ്കരനായി.

നിഷ്കളങ്കനും വളരെ പാവവും ഒക്കെ ആയിരുന്നെങ്കിലും രാധാ കൃഷ്ണനെ കാണുന്നത് തന്നെ ഒരു തമാശയായിരുന്നു. എന്തെങ്കിലും അബദ്ധങ്ങള്‍ ഒപ്പിച്ച കഥയുമായിട്ടയിരിക്കും രാധാ കൃഷ്ണന്റെ വരവ്.

"ചേച്ച്യേ ഇന്നൊരു അബദ്ധം പറ്റി. എന്തുട്ട് പറയാനാ. ഒരു ക്ടാവ് വന്ന് ബസ്സിന്റെ മുമ്പിലാപെട്ടു. ഞാന്‍ ആ ക്ടാവിനെ പിടിച്ചു മാറ്റാന്‍ ചെന്നതാ ..ആ ബസ്‌ ഡ്രൈവര്‍ ഇനി പറയാത്ത തെറി ഒന്നുല്യ.. ഒടുക്കം ഞാനും മലയാളത്തില് രണ്ടു തെറി പറഞ്ഞു...അങ്ങോര്‍ക്ക് ദേഷ്യം വന്ന് ബസ്സീന്ന് ഇറങ്ങി എന്നെ തല്ലാന്‍ വന്നു.....ഞാന്‍ വിടോ."

"എന്നിട്ട് നീ അയാളെ തല്ലാന്‍ പോയോ രാധാ കൃഷ്ണാ" ഞാന്‍ ചോദിച്ചു...ഇനി വല്ലോരും പ്രശ്നോം ഉണ്ടാക്കി വരുമോന്നറിയില്ലല്ലോ.


"ഹേ. ഈ ചേച്ചിക്ക് വട്ടുണ്ടോ...അയാളൊരു തടിമാടന്‍ .......ഞാനോ......ഞാനേ ഒരു ഓട്ടം അങ്ങട് വെച്ച് കൊടുത്തു...പിന്നെ നിന്നത് ഈ ഓഫീസിന്റെ മുന്നിലാ" ഇതാണ് നമ്മുടെ കക്ഷി..

അവന്‍ പിന്നെ പതിയെ ചോദിച്ചു... ചേച്ച്യേ. ആ ഡ്രൈവര്‍ ഒരു പാട് പറഞ്ഞു... ഈ "മദ്രാസി ... കുത്താ ... കമീനാ" ന്നൊക്കെ പറഞ്ഞാല്‍ എന്തുട്ടാ" ..ഞാന്‍ അവനെ സൂക്ഷിച്ചൊന്നു നോക്കി... ഇതിന്റെ മറുപടി അവനോടു എനിക്ക് പറയാന്‍ പറ്റുമോ. ഇവിടത്തെ വലിയ തെറി ആണതെന്ന് അവനോടു പറഞ്ഞാല്‍ അവനു വിഷമമാകും. ഞാന്‍ പെട്ടെന്ന് വിഷയം മാറ്റാനായി മറ്റൊരു ടിക്കറ്റ്‌ അവനെ ഏല്പിച്ചു ഉടനെ കൊണ്ടു കൊടുക്കാന്‍ പറഞ്ഞു...

അവന്‍ പോകാനായി തിരിഞ്ഞപ്പോള്‍ രാധാ കൃഷ്ണന്റെ ആങ്ങ്യ ഭാഷയും ത്രിശൂര്‍ ഡയലൊഗുകളും കേട്ട് അടുത്ത സീറ്റിലിരുന്ന ഹിന്ദിക്കാരന്‍ ക്ലാര്‍ക്ക്‌ ഒന്നുറക്കെ ചിരിച്ചുപോയി. രാധാ കൃഷ്ണന്‍ അവന്റെ നേരെ തിരിഞ്ഞു..."എന്തൂട്ട്രാ ശവി നീ ചിരിക്കണത്. വല്ലതും മനസ്സിലായിട്ടാ ....ശീമാക്കണ്ണാ" അവന്റെ ദേഷ്യം മലയാളത്തില്‍ തീര്‍ത്തു.

അങ്ങനെ ഒരു ദിവസം വസന്ത്‌ കുഞ്ചിലുള്ള (ഡല്‍ഹിയിലെ ഒരു സ്ഥലമാണ്‌) മിസ്റ്റര്‍ ഡേയ് ക്ക് (രാധാകൃഷ്ണന്റെ പ്രിയപ്പെട്ട ആളാണ് ) ഒരു ടിക്കറ്റ്‌ കൊടുക്കാന്‍ നമ്മുടെ കഥ നായകനെ ഞാന്‍ പറഞു വിട്ടു.

കുറെ കഴിഞ്ഞു ഓടി വന്നു കഥാ നായകന്‍ എന്നോട് പറഞ്ഞു "ചേച്ച്യേ അവര് ദുഷ്ടന്മാരാ. ഞാന്‍ ഇനി പോകില്ല അവിടേക്ക്. അവര്‍ എന്നോട് വേണ്ടാത്തതൊക്കെ ചെയ്യാന്‍ പറഞ്ഞു. ഛെ നാണക്കേട്‌ എങ്ങനെ ആണ് ഞാന്‍ രക്ഷപെട്ടതെന്നു എനിക്ക് മാത്രമേ അറിയൂ" അവന്‍ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.

എനിക്ക് ദേഷ്യം ഇരച്ചു കയറി "എന്ത് നമ്മുടെ പയ്യനെ ആ ഡേ എന്ന കശ്മലന്‍ അപമാനിച്ചു എന്നോ." എന്നിലെ കടത്തനാടന്‍ വീര വനിത ഉണര്‍ന്നു. അവന്‍ ഡേ ആയാലെന്ത് നൈറ്റ്‌ ആയാലെന്ത് . ചെറുപ്പം മുതലേ ഉണ്ണിയാര്‍ച്ചയുടെയും മറ്റു കടത്ത നാടന്‍ ധീരവനിതകളുടെയും കഥകള്‍ കേട്ടു വളര്‍ന്ന എന്റെ രക്തം തിളച്ചു. ഉറുമി എടുത്തു വീശി അവന്റെ തല കൊയ്യാനായി എന്റെ കൈകള്‍ തരിച്ചു... "ലോകനാര്‍ കാവിലമ്മയാണേ ...കളരി പരമ്പര ദൈവങ്ങളാണേ അവനോടു ചോദിച്ചിട്ട് തന്നെ കാര്യം ഇത് സത്യം സത്യം സത്യം" എന്ന് മനസ്സില്‍ ധ്യാനിച്ച്‌ ഞാന്‍ സീറ്റില്‍ നിന്നും ചാടി എണീറ്റു. ഇടത്തോട്ടു മാറി വലത്തോട്ട് തിരിഞ്ഞു ഫോണ്‍ എടുക്കാനായി.. അപ്പോള്‍ എന്റെ സീറ്റിലെ ഫോണ്‍ എടുത്തു അടുത്ത സീറ്റിലെ ഹിന്ദിക്കാരന്‍ ആരോടോ സൊള്ള് ന്നു. "വെയ്ക്കട ഫോണ്‍ ഇവിടെ " എന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടു ഹിന്ദിക്കാരന്‍ "സോറി മാം എന്ന് പറഞ്ഞു ഫോണ്‍ എന്റെ മുന്നിലേക്ക് നീക്കി വെച്ചു.

ഞാന്‍ ഡേയുടെ നമ്പര്‍ ഡയല്‍ ചെയ്തു...എന്‍ഗെജ്ട് ...വീണ്ടും വീണ്ടും ഡയല്‍ ചെയ്തു. ബെല്ലടിക്കുണ്ട്....ഞാന്‍ മനസ്സില്‍ അവനെ വിളിക്കാനുള്ള തെറികളുടെ ഒരു ലിസ്റ്റ്, മനസ്സിന്റെ നിഘണ്ടു വില്‍ നിന്നും ഓര്‍മിച്ചെടുത്തു ഉറപ്പു വരുത്തി ..... അപ്പുറത്ത് ഫോണ്‍ എടുക്കുന്ന ശബ്ദം

"ഹെലോ" എന്ന എന്റെ ശബ്ദം കേട്ടതും തിരിച്ചറിഞ്ഞ മിസ്റ്റര്‍ ഡേ പെട്ടെന്ന് പറഞ്ഞു... സ്വാതി അവന്‍ എന്ത് പണിയാ കാണിച്ചത്...എന്റെ കസ്റ്റമര്‍സിന്റെ മുന്നില്‍ ഞാന്‍ നാണം കേട്ടു പോയി. ഡേ വിവരങ്ങളെല്ലാം ഒറ്റ ശ്വാസത്തില്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ വാക്കുകള്‍ കിട്ടാതെ ഞാന്‍ ഉഴറി.

രസകരമായ ആ കഥ സംഭവിച്ചത് ഇങ്ങനെ

കഥാ നായകന്‍ ഡേക്കു ടിക്കറ്റ്‌ കൊടുത്തു. മിസ്റ്റര്‍ ഡേ നമ്മുടെ ആശാന് ഒരു ചായയും കൊടുത്തു. (എന്നും പതിവുള്ളതാണ് ഒരു ചായ കുടി). ചായ കുടിച്ചു ഇറങ്ങുന്ന വഴിയില്‍ മിസ്റ്റര്‍ ഡേയ് പറഞ്ഞു " രാധാകൃഷന്‍ തും ജബ് ജവോഗെ തോ ജരാ ദര്‍വാസേ കി കുണ്ടി (കുണ്ടി- താഴ്) ഡാല്‍നാ മത് ഭൂല്ന. (അതായതു നീ പോകുമ്പോള്‍ വാതില്‍ തഴിടാന്‍ മറക്കല്ലേ എന്ന്). രാധാകൃഷ്ണന്‍ ഒന്ന് പകച്ചു പോയി. ഇയാള്‍ എന്താ പറഞ്ഞത് എന്നോര്‍ത്ത്. മുറി ഹിന്ദിയില്‍ ചോദിച്ചു "ക്യാ സാബ്?"

വീണ്ടും അതേയ് ഡയലോഗ്. "ബോല നാ, കുണ്ടി ഡാല്‍നാ മത് ഭൂല്ന." രാധാകൃഷ്ണന് നാണവും ഒപ്പം ഭയവും തോന്നി. ഇനി എന്നെ ഇവര്‍ റാഗിങ്ങ് നടത്താനാണോ ഇങ്ങനെ വൃത്തികേടുകള്‍ പറയുന്നത്. ? മിസ്റ്റര്‍ ഡേയുടെ കാബിനില്‍ രണ്ടു മൂന്നു ഗസ്റ്റും ഇരിക്കുന്നുണ്ട്‌. കഥാ നായകന്‍ എന്ത് ചെയ്യണമെന്നറിയാതെ പരവശനായി...ഒടുവില്‍ രണ്ടും കല്‍പ്പിച്ചു നമ്മുടെ ആശാന്‍ പാന്റ് ഊരി. നിക്കര്‍ മാത്രം ഇട്ടു അവരുടെ മുന്നില്‍ നിന്നു.

പിന്നെയും ഒരലര്‍ച്ച കേട്ടു "അരേ പാഗല്‍ തും ക്യാ കാര്‍ രഹെ ഹോ? " തുമേ കുണ്ടി ഡാല്‍നെക്കോ ബോലാ.. മഗര്‍ യെ ക്യാ ദിഖാ രഹെ ഹോ?" (നിന്നോട് വാതില്‍ അടക്കനല്ലേ പറഞ്ഞത്...നീ എന്താണീ കാണിക്കുന്നത്).

നായകന്‍ വീണ്ടും ഞെട്ടി. മറ്റൊന്നും നോക്കാതെ ഉള്ള നിക്കറും ഊരി അവരെ കാണിച്ചു ഒരൊറ്റ ഓട്ടം. പോയ വഴിയിലെങ്ങും പുല്ലു മുളക്കാത്ത ഓട്ടം. കണ്ടു നിന്നവര്‍ ഒന്നുമറിയാതെ അന്തം വിട്ടു !!!

എല്ലാം കേട്ടു കഴിഞ്ഞു ഞാന്‍ ഡേക്കു ഒരു സോറി പറഞ്ഞിട്ട് ഫോണ്‍ വെച്ചു. അപ്പോഴും എന്റെ മനസ്സില്‍ അവന്റെ നിക്കറും കയ്യില്‍ വെച്ചോണ്ടുള്ള ഓട്ടമോര്‍ത്തു ചിരിപൊട്ടി . ചിരിക്കാന്‍ പറ്റുമോ...രാധാ കൃഷ്ണന്‍ മുന്നില്‍ നില്‍ക്കുകയല്ലേ... പക്ഷെ ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അവന്‍ ഇല്ലായിരുന്നു.. അവന്‍ മേനോന്‍ സാറിനോട് പറഞ്ഞു അവധിയും വാങ്ങി താമസ സ്ഥലത്തേക്ക് പൊയ്ക്കഴിഞ്ഞിരുന്നു.

ഞാന്‍ മേനോന്‍ സാറിനോട് ചെന്ന് കാര്യങ്ങള്‍ വിശദീകരിച്ചു...അവന്‍ നിക്കറും കൊണ്ടോദിയ കാര്യം പറഞ്ഞതും പൊതുവേ ഗൌരവക്കാരനായ മേനോന്‍ സാര്‍ വലിയ വായിലേ പൊട്ടിച്ചിരിച്ചു ...നിര്‍ത്താത്ത ചിരി ... പിന്നെ എന്റെ കാര്യം പറയണോ...അത് വരെ പിടിച്ചു നിര്‍ത്തിയ ചിരി വലിയൊരു പൊട്ടിച്ചിരിയായി പുറത്തേക്കു വന്നു.. പിന്നീട് കേട്ടവര്‍ കേട്ടവര്‍ ചിരിയോടു ചിരി. എന്തായാലും അതോടെ നമ്മുടെ കഥ നായകന്‍ ജോലി നിര്‍ത്തി നാട്ടിലേക്ക് വണ്ടി കയറി...

ഭാഷ ഉണ്ടാക്കുന്ന ഒര്രോ പ്രശ്നങ്ങളെയ് !!! വെറുതെ പിന്തിരിഞ്ഞു നോക്കുമ്പോള്‍ രാധാകൃഷ്ണന്റെ ലീലാ വിലാസങ്ങള്‍ ഓര്‍ത്തു ഇന്നും ചിരിച്ചു പോകും.
ഹാ... ഹാ..ഹാ.. ഹാ...ഹാ.

അമളി പറ്റിയ ഡ്യൂപ്പ് ഹനുമാന്‍

നവരാത്രി കാലം .....ഹരിയാനയിലെ ഒരു കുഗ്രാമത്തിലെ രാം ലീലാ ഉത്സവസ്ഥലമാണ് രംഗം. ദിവസങ്ങളായി നടക്കുന്ന "രാം ലീലാ" നാടകം സ്റ്റേജില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നു ....ജനങ്ങള്‍ പതിവ് പോലെ തടിച്ചു കൂടിയിട്ടുണ്ട്...സ്ത്രീകളുടെയും കുട്ടികളുടെയും കല പില ശബ്ദം .....ഇടയ്ക്കിടയ്ക്ക് മൈക്കിലൂടെ അനൌണ്‍സ്മെന്റ് വളരെ നാടകീയമായി നടക്കുന്നു...

"പുരുഷന്മാര്‍ നില്‍ക്കുന്ന ഭാഗത്ത് തള്ളികയറി നില്‍ക്കുന്ന എല്ലാ സ്ത്രീകളും ദയവായി അവിടുന്ന് മാറി സ്ത്രീകള്‍ക്കുമാത്രായി കയര്‍ കെട്ടി തിരിച്ചിരിക്കുന്ന ഭാഗത്തേക്ക്‌ മാറി നില്‍ക്കുക.. സഹകരിക്കുക പ്ലീസ്..അടുത്ത ഒരു ബെല്ലോടു കൂടി നാടകം ആരംഭിക്കുകയായി... ശ്രിരാമ ചന്ദ്രന്റെ അനുഗ്രഹത്തോടെ ഹനുമാന്‍ ലങ്കയിലേക്ക് കുതിച്ചെത്തുന്നതും . അശോക വനത്തില്‍ വ്രതാനുഷ്ടത്തോടെ പ്രിയതമന്‍ രാമന്റെ വരവിനായി കാത്തിരിക്കുന്ന സീതാ ദേവിയുടെ .മുന്നിലെത്തുന്ന ഹനുമാന്‍ (പൊടിയന്‍ ) സിതാ ദേവിക്ക് അടയാളമോതിരം കാണിക്കുന്നതാണ് രംഗം"

കര്‍ട്ടന്‍ ഉയര്‍ന്നു...അശോക വനത്തിലെ സീതയെ സ്റ്റേജില്‍ കാണാം .പെട്ടെന്ന് സ്റ്റേജിന്‍റെ മണ്ടയില്‍ കയറി നിന്ന ഹനുമാന്‍ സ്റ്റേജിലേക്ക്ലെ ചാടി "ബ്ധും " എന്ന ശബ്ദത്തോടെ സ്റ്റേജിലേക്ക് വീണു ...കാലുളുക്കി ഹനുമാന്‍ പെട്ടെന്ന് സ്റ്റേജിനു പിറകിലേക്ക് പോയി.. ഹനുമാന്‍ സ്റ്റേജില്‍ വീണതു കണ്ടു ഞെട്ടിയ സീത അമ്പരന്നു നിന്ന് ഡയലോഗ് മറന്നു...പശ്ചാത്തല സംഗീതം ഒഴുകിയെതിയെന്കിലും ജനങ്ങളുടെ കൂവല്‍ ബഹളം കാരണം കര്‍ട്ടന്‍ വീണു ...സംഘാടകരെല്ലാം ഹനുമാനെത്തേടി നാലു വഴിക്കും ഇറങ്ങി ..എവിടെയും കണ്ടെത്താനായില്ല .

ഈ സമയം രണ്ടു വര്‍ഷമായി ഘോര പ്രണയത്തിലായ സീതയായി അഭിനയിക്കുന്ന രേഖയും രാവണനായി അഭിനയിക്കുന്ന രണ്ബീരും ഒരു കോള കുടിക്കാനും സൊള്ളാനുമായി ഒരു കടയിലേക്ക് പോയി. ...ജനങ്ങങ്ങളുടെ കൂക്ക് വിളി തുടര്‍ന്നു ..അപ്പോള്‍ പ്രോഗ്രാം ഡയറക്ടര്‍ മൈക്കില്‍ ഇങ്ങനെ പറഞ്ഞു "നമ്മുടെ പൂജ്യ ഹനുമാന്‍ ജി സീതാ ദേവിയെ കണ്ടുപിടിക്കാനായി ലങ്കയിലേക്ക് പോയിരിക്കയാണ്‌" പിന്നെ ദേഷ്യം സഹിക്കവയ്യഞ്ഞു മൈക്ക്‌ ഓണ്‍ ആണെന്നത് ഓര്‍ക്കാതെ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു "ഇതു വരെ മടങ്ങി വന്നില്ല നായിന്റെ മോന്‍ .. കള്ള കഴുവേറിടെ മോന്‍ ഇങ്ങു വരട്ടെ .. വെച്ചിട്ടുണ്ട് ഞാന്‍"

ജനങ്ങള്‍ അത് കേട്ട് കൂവി വിളിച്ചു. ഒടുവില്‍ കുറെ ദൂരെയായി ഒരു മരത്തിന്‍ കീഴില്‍ ഹനുമാനെ കണ്ടെത്തി. കാലിന്റെ വേദന സഹിക്കവയ്യാതെ ഒരു ബീഡി വലിച്ചു ആശ്വസിക്കയാണ് ഹനുമാന്‍.. ദേഷ്യം വന്നു കണ്ണ് തള്ളിപ്പോയ ഡയറക്ടര്‍ ഓടിയെത്തി ഹനുമാന്റെ കിരീടം വലിച്ചൂരി ...ഫിറ്റ്‌ ആയി വെച്ചിരുന്നതിനാല്‍ ആ വലിയില്‍ ഹന്മന്റെ കഴുത്തും ഉളുക്കി ...ഹനുമാന്‍ കരച്ചിലോടു കരച്ചില്‍ ...ഡയറക്ടര്‍ ഇത്രയും കൂട്ടിച്ചേര്‍ത്തു ..."നീ കാശ് വാങ്ങാന്‍ അങ്ങോട്ട്‌ വാ നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട് " ഹനുമാന്റെ കിരീടവും വാലും എല്ലാം ഊരിയെടുത്തു ഡയറക്ടര്‍ തന്നെ ഹനുമാന്‍ ആകാന്‍ തീരുമാനിച്ചു ...

ഒരു കടയുടെ മുന്നില്‍ പഞ്ചാര വര്‍ത്തമാനങ്ങളില്‍ മുഴുകിയിരുന്ന സീതയെ വിളിച്ചോണ്ട് വന്നു വീണ്ടും നാടകം തുടങ്ങുകയായി ...ഹനുമാന്റെ വേഷമിട്ടു ദ്രിതിയില്‍ ഡയറക്ടര്‍ വന്നപ്പോള്‍ വാല് ഫിറ്റ്‌ ചെയ്തത് മുന്നിലായിപ്പോയി .. കര്‍ട്ടന്‍ ഉയര്‍ന്നു ...പുതിയ ഹനുമാനെ കണ്ടു ജനം ആര്‍ത്തട്ടഹസിച്ചു ....മുന്നില്‍ വാലുള്ള ഹനുമാനെ കണ്ടു സീതയും ചിരിച്ചു പോയി ....ഹനുമാന്‍ വാല്‍ ഒരു മൈക്ക്‌ പോലെ കയ്യില്‍ പിടിച്ചിട്ടു പറഞ്ഞു ..."സീതേ ഞാന്‍ രാമന്‍ അയച്ചിട്ട് വന്നതാണ്". ഉടന്‍ സീത ചൂടായി ഇങ്ങനെ അലറി ...."മൈന്‍ഡ് യുവര്‍ വേര്‍ഡ്സ് ...സീതാ മാതെ എന്ന് വിളിക്കടാ കുരങ്ങാ " സീതക്ക്‌ ഡയറക്റ്റ് റോട്‌ പണം കുടിശ്ശികയുള്ളതിന്റെ ചൊരുക്ക് ഉണ്ട് ...

ഹനുമാന്‍ വീണ്ടും പറഞ്ഞു "ശ്രീരാമചന്ദ്രന്റെ ദൂതനാണ്‌ ഞാന്‍ ...ഇതാ അടയാള മോതിരം " . എന്ന് പറഞ്ഞു തന്റെ കൈ വിരലില്‍ ഇട്ടിരുന്ന ഒരു പവന്റെ സോര്‍ണണ മോതിരം ഊരി സീതയുടെ കയ്യില്‍ കൊടുത്തു ...സീത ദേഷ്യം മറന്നു ...പറഞ്ഞു ..."താങ്ക് യു ..ഇനി ബാക്കി കാശു കിട്ടിയിട്ട് മോതിരം തിരിച്ചു തരാം ...നൌ യു കാന്‍ ഗെറ്റ് ലോസ്റ്റ്‌ മുതു കൊരങ്ങാ " ഡയറക്ടര്‍ക്കു ദേഷ്യം പതച്ചു പോങ്ങിയെന്കിലും സ്റ്റേജ് ആയതുകൊണ്ട് ഒന്നും പറയാന്‍ പറ്റിയില്ല ...ഉടനെ സീത കൂട്ടിച്ചേര്‍ത്തു..."ലുക്ക്‌ ഡാര്‍ട്ടി കൊരങ്ങന്‍ ...നിന്റെ രാമനോട് ചെന്ന് പറ എന്നെ ഇനി അന്വേഷിക്കണ്ട എന്ന് ...ഇവിടെ രാവനെട്ടന് എന്നെ വലിയ ഇഷ്ടംമാണ് ...മണ്ടോതരിയെ ഡിവോര്സ് ചെയ്ത് എന്നെ മാരരി ചെയ്തോളാമെന്നു രാവനെട്ടന്‍ സമ്മതിച്ചിട്ടുണ്ട് "...ജനങ്ങള്‍ ഇതൊക്കെ കേട്ട് രസം പിടിച്ചു കൂവി വിളിച്ചു കൊണ്ടിരുന്നു ...

സീത തുടര്‍ന്നു..."ലുക്ക്‌ ഹനുമാന്‍ ലാസ്റ്റ് 14 years തന്റെ രാമന്റെ കൂടെ ആ കാട്ടില്‍...ഹോ സൊ ഹോറിബിള്‍ ...നോ AC നോ ഫാന്‍ . ഇവിടെ വന്നപ്പോഴാണ് സത്യത്തില്‍ സ്വര്‍ഗം എന്താണെന്നു ഞാന്‍ കണ്ടത് ...ഈ അശോക വനം മുഴുവന്‍ രാവണേട്ടന്‍ AC ആക്കിയിരിക്കുകയാ ...കൂള്‍ ഡ്രിങ്ക്സ് ഏതു വേണം എന്ന് പറയേണ്ട താമസം ...ഉടന്‍ എത്തുകയായി. രാവണേട്ടനോ ആള് ബഹു സരസന്‍. യു നോ ഹി ഈസ്‌ ഹോള്‍ഡിംഗ് ഡോക്ടറെറ്റ് ഇന്‍ മാത്ത്‌സ്. മോര്‍ ഓവര്‍ ഹി ഈസ്‌ നമ്പര്‍ വണ്‍ മാത്തെമാറ്റീഷന്‍ ഇന്‍ ദി വേള്‍ഡ്. ...താന്‍ തന്റെ രാമനോട് പറ ...നാട്ടിലേക്ക് തിരിച്ചു പോകാന്‍ ...എന്നിട്ട് വേറെ പെണ്ണ് കെട്ടി കൂടിക്കോളാന്‍ ...ഐ hate ഹിം..."

കഥ യിലില്ലാത്ത പുത്തന്‍ ഡായലോഗുങള്‍ കേട്ട് ജനം ഒന്നടങ്കം ആര്‍ത്തട്ടഹസിച്ചു ചിരിച്ചു ...നാണം കൊണ്ട് തൊലിയുരിഞ്ഞ ഡയറക്ടര്‍ കര്‍ട്ടന്‍ ഇടാന്‍ ആംഗ്യം കാണിച്ചു ..കര്‍ട്ടന്‍ വീണു ...ജനങ്ങള്‍ ആരവം മുഴക്കികൊണ്ട് സ്റ്റേജിലേക്ക് കുതിച്ചു. ...ചെരിപ്പുകളും കുപ്പിച്ചില്ലുകളും വന്നു വീഴാന്‍ തുടങ്ങി ....ജനം നാലു പാടും ചിതറി ഓടി ...

രാവണനായ രണ്ബീര്‍ സ്റ്റാര്‍ട്ട്‌ ആക്കി നിര്‍ത്തിയ ബൈക്കില്‍ ഓടിക്കയറി സീത പറന്നു ...അപ്പോള്‍ ഒരുവന്‍ വിളിച്ചു പറഞ്ഞു ..."ദെ പെണ്ണും ചാരി നിന്നവന്‍ മണ്ണും കൊണ്ട് പോണേ ..." അപ്പോള്‍ ഒരു അപ്പുപ്പന്‍ തിരുത്തി ...അങ്ങനെയല്ലെട മോനെ "മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോണേന്നു പറ. കലി കാലം അല്ലാണ്ടെന്താ പറയുക". ഫലത്തില്‍ അത് തന്നെയല്ലേ നടന്നത് ...ജനങ്ങള്‍ സ്റ്റേജ് അടിച്ചു നിരപ്പാക്കി ....ഡയറക്ടര്‍ഉം മറ്റു .സംഘാടകരും ഓടാനാകാതെ ചെരുപ്പുകളുടെയും ചീഞ്ഞ മുട്ടകളുടെയും പ്രവാഹത്തില്‍ പെട്ട് കുഴഞ്ഞു ...

അപ്പോള്‍ മൈക്കില്‍ ഒരു വിരുതന്‍ ഇങ്ങനെ പറഞ്ഞു "രാമന്‍ വന്നില്ലെന്കിലെന്തേ ...രാവണനായ സുന്ദരനായ ഒരു ചെറുപ്പക്കാരനെ സീതക്ക്‌ കിട്ടിയില്ലേ .പിന്നെ മറ്റൊരു കാര്യം ചെരിപ്പുകള്‍ ജോഡി ഒപ്പിച്ച് എറിഞ്ഞ എല്ലാ നാട്ടുകാര്‍ക്കും നന്ദി...നിങ്ങളുടെ ഏറു കൊണ്ട് നമ്മുടെ ഡയറക്ടര്‍ സാറിന്റെ ഒരു കണ്ണ് ഫ്യൂസ് ആയിരിക്കയാണ്... ദയവു ചെയ്തു മറ്റേ കണ്ണ് അടിച്ചു ഫ്യൂസ് ആക്കരുത്...ഞങ്ങളുടെ കിട്ടാനുള്ള പൈസ വാങ്ങിക്കോട്ടെ പ്ലീസ് ...... ജയ് ഹിന്ദ്‌... ശ്രീരാമചന്ദ്ര കീ ജയ്‌ "

Wednesday, November 4, 2009

പൊടിയനും അറോത്തഞ്ച് ക്വാഴികഷ്ണങ്ങളും.

എന്റെ ആദ്യ കഥയിലെ പൊടിയന്‍ എന്റെ പഴയ കമ്പനിയിലെ അന്തേവാസിയാണ്...തികച്ചും ശുദ്ധനായ ഈ പൊടിയന്‍ ചാടുന്നവയെല്ലാം അബദ്ധങ്ങളിലായിരുന്നു എന്നു പ്രത്യേകം പറയേണ്ടല്ലോ!

നമ്പൂതിരി ഫലിതങ്ങള്‍, സര്‍ദാര്‍ ജോക്ക്സ് എന്നൊക്കെ പറയും പോലെ പൊടിയന്‍ കഥകള്‍ ഞങ്ങളുടെ കമ്പനിയിലെ സ്ഥിരം സംസാര വിഷയം ആണ്.....

ഇത്രയും ശുദ്ധനായ ആളെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടും ഇല്ല..... ആര്‍ക്കും എന്തും പറഞ്ഞു പറ്റിക്കാം.... പൊടിയന്‍ ചാടാത്ത അബദ്ധങ്ങളും കുറവാണ്......

നമ്മുടെ പൊടിയന്‍ തിരുവനന്തപുരം ജില്ലയുടെ അതിര്‍ത്തി ഗ്രാമമായ അമരവിള സ്വദേശിയണ്..... ഇന്നു സിനിമയില്‍ പ്രശസ്ഥ ഹാസ്യ നടനായ സുരാജ് അവതരിപ്പിക്കുന്ന പച്ച തിരുവനന്തപുരം ഭാഷ ഞാന്‍ അതിന്റെ യഥാര്‍ത്ഥ ശൈലിയിലും, ഭംഗിയിലും ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് പൊടിയനില്‍ നിന്നായിരുന്നു....

രാവിലെ കാണുമ്പോള്‍ “ നമസ്കാരങ്ങളുണ്ടണ്ണാ.... എന്തിര്, സുഖങ്ങളൊക്കെ തന്നെ.... കാപ്പികളൊക്കെ കുടിച്ചോ... നാട്ടില്‍ ഫാര്യയും, അപ്പികളുമൊക്കെ സുഖമായിരിക്കുന്നോ” എന്നിങ്ങനെ പേപ്പറില്‍ ഉള്ളത് നോക്കി വായിക്കും പോലെ ഒന്നിനു പുറകെ മറ്റൊന്നായി ചോദിച്ച് അതിന്റെ ഉത്തരങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ പൊടിയന്‍ കടന്നു പോകും.

വിദ്യാഭ്യാസം നേടണമെന്ന് പൊടിയന് ആഗ്രഹമുണ്ടായിരുന്നു...... പക്ഷെ അച്ഛന്‍ പറഞ്ഞു പോലും “ഞാനെത്ര പഠിച്ചിട്ടാ കള്ളു ചെത്താന്‍ നടക്കുന്നത്” എന്ന്...

അതിനാല്‍ പൊടിയന്‍ എന്റെ കമ്പനിയില്‍ ഗ്രഹപ്രവേശനം നടത്തിയത് ലേബര്‍ ആയിട്ടാണ്....

കമ്പനി വാഗ്ദാനം ചെയ്ത ഫുഡും അക്കോമഡേഷനും ആവോളം ആസ്വദിച്ച് കഴിയവെ, പൊടിയന് രണ്ട് ആഗ്രഹങ്ങള്‍ ഉണ്ടായി.....

ഒന്ന് റിയാദ് പട്ടണത്തിനു നടുവില്‍ ഒന്നു പോകണം..... രണ്ട് മുടുപ്പേറിയ കമ്പനി ഫുഡിന് ഒരു നേരമെങ്കിലും അവധി കൊടുക്കണം....

പൊടിയന്‍ തന്റെ ആഗ്രഹം ചങ്ങാതിമാരോട് പറഞ്ഞു...... അടുത്തു വരുന്ന വെള്ളിയാഴച്ച പൊടിയന്റെ ആഗ്രഹം സാധിച്ചു കൊടുക്കാമെന്ന് ചങ്ങാതിമാരില്‍ നിന്നും ഉറപ്പ് വാങ്ങിയ ശേഷമാണ് പൊടിയന്‍ അന്നുറങ്ങിയത്....

വെള്ളിയാഴച്ച റിയാദ് നഗരം കറങ്ങി പൊടിയനും ചങ്ങാതിമാരും ഒരു മലയാളി ഹോട്ടലില്‍ എത്തി......

പൊടിയന്‍ ആദ്യമായി ഒരു ഹോട്ടലിനുള്ളില്‍ കയറുകയായിരുന്നു......

വെയിറ്റര്‍ വന്നു ഭക്ഷണ സാധനങ്ങളുടെ പേരു പറയുന്നത് അത്ഭുതത്തോടെയാണ് പൊടിയന്‍ ശ്രദ്ധിച്ചത്.....

വെയിറ്റര്‍ പറഞ്ഞ ഭക്ഷണ സാധനങ്ങള്‍ക്കിടയില്‍ ഒരു പേരു പൊടിയനെ വല്ലാതെ ആകര്‍ഷിച്ചു....

“ചിക്കന്‍ 65”.....

ചങ്ങാതിമരോടു അതെന്താണെന്നു ചോദിക്കാന്‍ പൊടിയനു ആഗ്രഹം ഉണ്ട് ......

പക്ഷെ ആഗ്രഹം അവിടെ അടക്കി, കാരണം വേറെ ആരെങ്കിലും കേട്ടാലോ???

മനസ്സിലെ വിങ്ങലടക്കി പൊടിയന്‍ ഭക്ഷണം കഴിച്ചു പുറത്തിറങ്ങി....

തിരിച്ചുള്ള യാത്രയില്‍ പൊടിയന്‍ തന്റെ സംശയം ചങ്ങാതിമാര്‍ക്കു മുന്‍പില്‍ അവതരിപ്പിച്ചു....

“എടെ എന്തിരടെ അപ്പീ ഈ ചിക്കന്‍ 65 ഉകളും മറ്റും????”

പൊടിയനെ ശരിക്കറിയാവുന്ന ചങ്ങാതിമാര്‍ പരസ്പരം നോക്കി.....പൊടിയനെ പറ്റിക്കാന്‍/ ഒരു താമാശ സീനുണ്ടാക്കാന്‍ പറ്റിയ അവസരം!!!!!

കൂട്ടത്തില്‍ വിരുതനായ പരശു പറഞ്ഞു.....

“പൊടിയാ ചിക്കന്‍ 65 എന്നു വച്ചാല്‍ കോഴി പൊരിക്കുന്നതാണു ...... അതിനു സാധാരണ ചിക്കന്‍ പൊരിക്കുന്നതു കഴിക്കുന്നതിനേക്കള്‍ രുചികരം ആണു..... അതില്‍ 65 കഷണങ്ങള്‍ കാണും, വില 65 റിയാല്‍ !!!!!“

പൊടിയന്റെ വായില്‍ ടൈറ്റാനിക്കു ഓടിക്കാന്‍ കഴിയുന്ന രീതിയില്‍ വെള്ളം നിറഞ്ഞു.....

എന്നാല്‍ പിന്നേ അതു ഇപ്പോള്‍തന്നെ കഴിച്ചു കളയാം എന്ന ആഗ്രഹവും ആയി!!!!

പോടിയന്‍ കൊതിയോടെ പറഞ്ഞു....

“എഡേ പയലുകളെ.....തിരിയെ പ്പയി അതു വാങ്ങി കഴിച്ചിട്ടു വന്നാലൊ??? എന്തിരു പറയുന്നു ?? !!!”

പൊടിയനെ ഒന്നു അടക്കാന്‍ ചങ്ങാതിമാര്‍ വിഷമിച്ചു!!!!

“പൊടിയാ നിന്റെ കയ്യില്‍ അത്രയും റിയാല്‍ എടുക്കാനുണ്ടോ???” ചങ്ങാതിമാര്‍ക്കു സംശയം!!!

“അതിനെന്തിരു തൊന്തിരവു അപ്പീ..... നമ്മള്‍ ആറേഴുപേരില്ലേ!!! എല്ലാരും കൂടിയങ്ങു ഷേയറുകളിടണം..... ഏതു!!!!”

ചങ്ങാതിമാര്‍ സമ്മതിച്ചു....

“ഏതായാലും അടുത്ത ആഴ്ച്ച ആകട്ടെ ഇനിയിപ്പോള്‍ ഭക്ഷണം കഴിച്ചതിനു പിന്നാലെ വീണ്ടും ഹോട്ടലിലേക്കു ചെന്നാല്‍ അവര്‍ കളിയാക്കുകയില്ലെ പൊടിയാ... അതിനാല്‍ നമ്മുക്കു അടുത്ത വെള്ളിയാഴ്ച്ച പോകാം” പരശു പറഞ്ഞു....

അടുത്ത ആഴ്ച്ച കാത്തിരികുകയായിരുന്നു പൊടിയന്‍, ഇതിനിടയില്‍ വര്‍ക്ക് സൈറ്റില്‍ വച്ചു പരശുവിനെ ചിക്കന്‍ 65 ന്റെ കാര്യം ഓര്‍മ്മിപ്പിക്കാറും ഉണ്ടായിരുന്നു!!!

കാത്തു കാത്തിരുന്നു പൊടിയെന്‍ വെള്ളിയാഴ്ച്ചയെ അങ്ങോട്ടു ചെന്നു കൊണ്ടു വന്നു എന്നു പറയുന്നതായിരിക്കും ശരി.....

രാവിലെ തന്നെ പരശുവിനെ സമീപിച്ചു.....

“എഡേയ് പരശൂ.... നമ്മുക്കിന്നു ചിക്കന്‍ 65 കളും മറ്റും വാങ്ങിക്കെണ്ടഡേയ്!!!!‘

പരശു പറഞ്ഞു .... “നീ നിന്റെ ഷേയര്‍ തരൂ പൊടിയാ.... നമ്മുക്കു വാങ്ങിക്കാം“...

പൊടിയന്‍ 50 റിയാല്‍ കൊടുത്തു എന്നിട്ടു പറഞ്ഞു.....

“ എഡേയ് ഞാന്‍ 50 രൂപകളു തന്നു എനിക്കു ക്വാഴിയുടെ 10 കഷണങ്ങളു വേണം... നിങ്ങളു ഷേയറുകള്‍ ഇടുകയോ ഇടാതിരിക്കുകയോ എന്തിരെങ്കിലും ആയിക്കോ.... എനിക്കു 10 കഷണങ്ങളു മതി, ബാക്കി നിങ്ങള്‍ എടുത്തോ..... വാങ്ങി കൊണ്ടു വന്നിട്ടു പിന്നെ അതുമിതും പറയരുതു”

പരശു നേരെ ഹോട്ടലില്‍ പോയി 7 റിയാല്‍ കൊടുത്തു ഒരു ചിക്കന്‍ 65 വാങ്ങി അതില്‍ 10 ചെറിയ പീസുകള്‍ ഉണ്ടെന്നു ഉറപ്പു വരുത്തി..... പൊടിയനു കൊടുത്തു.....

പൊടിയന്‍ പീസുകള്‍ എണ്ണി തിട്ടപ്പെടുത്തി സന്തോഷവാനായി......

അപ്പോള്‍ നിങ്ങള്‍ക്കു വേണ്ടെഡേയ്???? പൊടിയനു സംശയം!!!!

പരശു പറഞ്ഞു...പൊടിയാ അവിടെ ആകെ 12 പീസെ ഉണ്ടായിരുന്നുള്ളു.... ഞാന്‍ അതില്‍ 10 എണം വാങ്ങി..... 65 ഇല്‍ ബാക്കി 55 പീസു അവരു കടം പറഞ്ഞു..... അതു ഞാന്‍ പിന്നെ പോയി വാങ്ങിക്കോളാം!!!!

പൊടിയന്‍ ഹാപ്പി....

പരശുവിനു വെള്ളിയഴ്ച്ച വെറുതെ കിട്ടിയ 43 റിയാലോര്‍ത്തു പെരുത്ത സന്തോഷം!!

പിന്നീടു പൊടിയന്‍ വര്‍ഷങ്ങളോളം പര‍ശുവിനോടൂ ചോദിക്കുമായിരുന്നു പോലും....

“ എഡേയ് അപ്പീ അവരു കടം പറഞ്ഞ ബാക്കി ക്വഴി കഷണങ്ങളൊക്കെ തന്നോടെയ്“ എന്നു!!!!!